ആലുവ: ഗാര്‍ഹികപീഡന പരാതി നല്‍കിയ മോഫിയ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐ ഇന്നും ആലുവ സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തി. സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റി സി.ഐ സുധീറിനെതിരെ നടപടിയെടുക്കണെമന്ന് ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം.എല്‍.എ ആലുവ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
ആരോപണ വിധേയനായ സി.ഐയെ ഇതുവരെ സ്റ്റേഷന്‍ ചാര്‍ജില്‍ നിന്നും മാറ്റിയിട്ടില്ല. സി.ഐക്കെതിരായ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ് പൊലീസിന്റെ വാദം.
രാഷ്ട്രീയ ബന്ധത്തിന്റെ പേരിലാണ് സി.ഐ ഇപ്പോഴും സ്ഥാനത്ത് തുടരുന്നതെന്നും സ്‌റ്റേഷന്‍ ചുമതലകളില്‍ നിന്നും സി.ഐയെ മാറ്റിയെന്ന് പറഞ്ഞത് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും എം.എല്‍.എ പറഞ്ഞു.
വിഷയത്തില്‍ ഗുരുതമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സി.ഐയെ ആരോ സംരക്ഷിക്കുന്നുണ്ടെന്നും എം.എല്‍.എ ആരോപിച്ചു.
കഴിഞ്ഞ ദിവസം സി.ഐക്കെതിരെ ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തിയിരുന്നു. ഗാര്‍ഹിക പീഡന പരാതി നല്‍കിയ യുവതിയാണ് രംഗത്തെത്തിയത്. ആലുവ സ്റ്റേഷനിലെത്തിയ തന്റെ പരാതി രേഖപ്പെടുത്താന്‍ പോലും സി.ഐ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു.
കൊല്ലത്തെ വിവാദമായ ഉത്ര കൊലക്കേസിലേയും അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീര്‍. ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നുവെന്ന കേസിന്റെ അന്വേഷണ ഘട്ടത്തില്‍ ഇയാള്‍ വീഴ്ച വരുത്തിയിരുന്നു. ഇത് വിവാദമായതോടെ ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റി. ഉത്ര കേസിലെ സുധീറിന്റെ അന്വേഷണ വീഴ്ചയെ കുറിച്ച് ഉള്ള പൊലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂര്‍ത്തിയായത്.
അതേസമയം, മോഫിയയുടെ ഭര്‍ത്താവിനേയും കുടുംബത്തേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്.
ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സുഹൈലിനും കുടുംബത്തിനുമെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മോഫിയയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ മകള്‍ക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരപീഡനമായിരുന്നെന്നും പണം ആവശ്യപ്പെട്ട് നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും ദില്‍ഷാദ് സലിം പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: CI accused in Mofia murder case still on duty; Anwar Sadat, MLA, started a sit-in protest in front of the police station