കോഴിക്കോട്: സുന്നികള്‍ മുസ്‌ലിങ്ങളല്ലെന്ന മുജാഹിദ് പ്രഭാഷകന്‍ ചുഴലി അബ്ദുള്ള മൗലവിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഇരു വിഭാഗം സുന്നികളും രംഗത്ത്. പ്രസ്താവനയില്‍ മുജാഹിദ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഇ.കെ. വിഭാഗം സുന്നി യുവജന സംഘവും ചുഴലി മൗലവിയെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുജാഹിദ് ആശയത്തെയും സമുദായം ജാഗ്രതയോടെ കാണണമെന്ന് എ.പി. വിഭാഗം എസ്.വൈ.എസും ആവശ്യപ്പെട്ടു.
ചുഴലി അബ്ദുള്ള മൗലവിയുടെ നിലപാട് അംഗീകരിക്കുന്നില്ലെങ്കില്‍ മുജാഹിദ് നേതൃത്വം പരസ്യമായി തിരുത്തുകയും ക്ഷമാപണം നടത്തുകയും വേണമെന്ന് ഇ.കെ. വിഭാഗം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവരാണ് പ്രസ്താവനയിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.
ചുഴലി അബ്ദുള്ള മൗലവിയുടെ നിലപാട് ശരിവെക്കുകയാണ് മുജാഹിദ് നേതൃത്വം ചെയ്യുന്നതെങ്കില്‍ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും എസ്.വൈ.എസ് നേതൃത്വം ആവശ്യപ്പെട്ടു. സുന്നികളായ പിതാക്കന്‍മാരുടെ അനന്തരാവകാശം മുജാഹിദുകളായ മക്കള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ ചുഴലി അബ്ദുള്ള മൗലവിയുടെ പ്രസ്താവന പ്രകാരം അത് അസ്വീകാര്യമാണെന്നും അത്തരത്തില്‍ ലഭിച്ച അനന്തരാവകാശ സ്വത്ത് തിരിച്ചു നല്‍കുമോ എന്നും എസ്.വൈ.എസ് നേതൃത്വം ചോദിക്കുന്നു.
ഇനി മുതല്‍ മുസ്‌ലിം സംഘടനകളുടെ യോഗങ്ങളിലേക്ക് സുന്നി സംഘടനകളെ പങ്കെടുപ്പിക്കാതിരിക്കുമോ എന്നും എസ്.വൈ.എസ് ചോദിച്ചു. സൗഹൃദ ഇഫ്താര്‍ സംഗമങ്ങളില്‍ സുന്നി പണ്ഡിതരെ പിന്തുടര്‍ന്ന് നടത്തിയ നിസ്‌കാരങ്ങള്‍ പിന്‍വലിക്കുമോ എന്നും സുന്നി യുവജന സംഘം ചോദിക്കുന്നു.
സുന്നികള്‍ മുസ്‌ലിങ്ങളല്ലാത്തതിനാല്‍ അവര്‍ അറവും നടത്തിയ മാംസം ഭക്ഷിക്കലും ചുഴലി അബ്ദുള്ള മൗലവിയുടെ പ്രസ്താവന പ്രകാരം മുജാഹിദുകള്‍ക്ക് നിഷിദ്ധമായിരിക്കും. ഈ പശ്ചാത്തലത്തില്‍ മുജാഹിദുകള്‍ സംസ്ഥാനത്തൊട്ടാകെ പ്രത്യേക അറവുശാലകള്‍ നിര്‍മിക്കുമോ എന്നും മുജാഹിദ് നേതൃത്വത്തോട് എസ്.വൈ.എസ് ചോദിച്ചു.
നേരത്തെ എസ്.വൈ.എസ് നേതാവായിരുന്ന ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍ മരണശയ്യയില്‍ കിടക്കുമ്പോള്‍ ഉമര്‍മൗലവിയുടെ നേതൃത്വത്തിലുള്ള മുജാഹിദ് നേതൃത്വം അപമാനിച്ചിരുന്നെന്നും അക്കാര്യം ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ലെന്നും എസ്.വൈ.എസ് നേതാക്കള്‍ പറയുന്നു. നേരത്തെ മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ വീഡിയോ വിദേശ രാജ്യങ്ങളിലടക്കം പ്രചരിപ്പിച്ച് അപമാനിച്ചവരാണ് മുജാഹിദുകളെന്നും എസ്.വൈ.എസ്. കുറ്റപ്പെടുത്തി.
മുഖ്യധാരാ മുസ്‌ലിങ്ങളായ സുന്നി വിശ്വാസികള്‍ മുസ്‌ലിങ്ങളല്ലെന്നും മാലിന്യങ്ങളാണെന്നും അധിക്ഷേപിച്ച സലഫി നേതാവ് ചുഴലി മൗലവിയെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മുജാഹിദ് ആശയത്തെയും സമുദായം ജാഗ്രതയോടെ കാണണമെന്ന് സമസ്ത കേരള സുന്നിയുവജന സംഘം ആവശ്യപ്പെട്ടു.
ഇദ്ദേഹത്തിന് വേദിയൊരുക്കുന്ന മുജാഹിദ് വിഭാഗങ്ങള്‍ കാപട്യം വെടിഞ്ഞ് നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണം. സുന്നികള്‍ മുസ്‌ലിങ്ങളല്ലെന്ന് വിശ്വസിക്കുകയും സ്വന്തം വേദികളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും സലഫികള്‍ അണികളെ പഠിപ്പിക്കുകയും ചെയ്യുന്ന ആശയമാണ് ചുഴലി മൗലവി ഇവിടെ പരസ്യമാക്കിയിരിക്കുന്നതെന്നും എസ്.വൈ.എസ് പ്രസ്താവയനയില്‍ പറയുന്നു.
വിശ്വാസികളോടും മറ്റ് വിഭാഗങ്ങളോടും വെറുപ്പ് ഉല്‍പ്പാദിപ്പിക്കുന്ന മുജാഹിദ് സലഫി വിഭാഗത്തിന്റെ ഇത്തരം നിലപാടുകള്‍ കാരണമായി ധാരാളം അണികള്‍ ഇതിനിടയില്‍ തീവ്രവാദത്തിനടിമകളായിട്ടുണ്ട് എന്ന കാര്യം സമുദായം തിരിച്ചറിയണം.മുസ്‌ലിങ്ങളെ ബഹുദൈവ വിശ്വാസികളായി ചിത്രീകരിക്കുന്ന സലഫികളുടെ എക്കാലത്തും ഉള്ള നിലപാട് നില നില്‍ക്കെ തന്നെ അവരെ ഉള്‍പെടുത്തി സമുദായ ഐക്യവുമായി വരുന്നവര്‍ ഇക്കാര്യം ഓര്‍ക്കണമെന്നും എസ്.വൈ.എസ് പറഞ്ഞു.
ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ: എ.പി. അബ്ദുല്‍ ഹകീം അസ്ഹരി, അബൂബക്കര്‍ പടിക്കല്‍, റഹ്മത്തുള്ള സഖാഫി എളമരം, ഇ.കെ മുഹമ്മദ് കോയ സഖാഫി, സ്വാദിഖ് വെളിമുക്ക്, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ആര്‍.പി ഹുസൈന്‍ മാസ്റ്റര്‍, ഉമര്‍ ഓങ്ങല്ലൂര്, ബഷീര്‍ പറവന്നൂര്‍, ഡോ. ഫാറൂഖ് നഈമി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
സുന്നി പള്ളികള്‍ അമ്പലങ്ങളാണെന്നും അവിടങ്ങളിലെ ഇമാമുമാര്‍ സ്വാമിമാരാണെന്നും അവരെ പിന്തുടര്‍ന്ന് നിസ്‌കരിക്കല്‍ സ്വീകരിക്കാനാകില്ലെന്നും ചുഴലി അബ്ദുള്ള മൗലവി പറഞ്ഞിരുന്നു. ഇതിനോടൊപ്പം തന്നെയാണ് അദ്ദേഹം സുന്നികള്‍ മുസ്‌ലിങ്ങളേ അല്ലെന്നും പറഞ്ഞത്.
ഈ പ്രസ്താവനക്കെതിരെയാണ് ഇപ്പോള്‍ ഇരുവിഭാഗം സുന്നികളും രംഗത്തെത്തിയിരിക്കുന്നത്. ജൗഹറുല്‍ ഹുദ ഇസ്‌ലാമിക് സെന്റര്‍ എന്ന യുട്യൂബ് ചാനലില്‍ ‘ഇലാഹ്; അര്‍ത്ഥവും വ്യാഖ്യാനവും’ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലായിരുന്നു ചുഴലി അബ്ദുള്ള മൗലവിയുടെ വിവാദ പ്രസ്താവന.
CONTENT HIGHLIGHTS: Chuzhali Abdullah Maulavi says that Sunnis are not Muslims; SYS wants Mujahideen leadership to answer