ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ സിനിമക്കെതിരെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നല്‍കാനൊരുങ്ങി ഇടുക്കി ജില്ലയിലെ ചുരുളി നിവാസികള്‍.
ചിത്രം റിലീസായതിന് പിന്നാലെ ഇതാണോ ചുരുളിയുടെ സംസ്‌കാരമെന്ന് മറ്റു നാട്ടിലുള്ളവര്‍ ചോദിച്ചു തുടങ്ങിയെന്നും ഒരു മദ്യശാല പോലും ഇല്ലാത്ത ചുരുളി ഗ്രാമത്തിന്റെ മുഖഛായക്ക് കളങ്കം വരുത്തുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നും ചുരുളി നിവാസികള്‍ പറയുന്നു.
സിനിമയില്‍ ചിത്രീകരിച്ചതുപോലെയല്ല തങ്ങളുടെ ജീവിതമെന്നും മലയോര കര്‍ഷകരെ മൊത്തം അപമാനിക്കുന്നതാണ് സിനിമയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ചുരുളി സിനിമയിലെ തെറിവിളികളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രദേശവാസികള്‍ തന്നെ സിനിമക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, സോണി ലിവില്‍ പ്രദര്‍ശിപ്പിക്കുന്ന സംവിധാനം ചെയ്ത’ചുരുളി’യുടെ പതിപ്പ് സര്‍ട്ടിഫൈഡ് അല്ലെന്ന് സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
2021 നവംബര്‍ 18ന് അനുയോജ്യമായ മാറ്റങ്ങളോടെ ചുരുളിയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍ ആ പതിപ്പല്ല സോണി ലിവിലൂടെ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
നവംബര്‍ 17നായിരുന്നു ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തത്. ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
വ്യത്യസ്തമായ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ലിജോ ജോസ് തന്റെ സിനിമകളൊരുക്കാറുള്ളത്. ചുരുളിയും അത്തരത്തിലൊരു വ്യത്യസ്തമായ വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്. സിനിമയുടെ കഥയും അതിലെ സാങ്കേതികതയും ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Churuli residents in Idukki district ready to file a petition against Culture Minister Saji Cherian against ‘Churuli’ movie