Churuli Movie Review| കുഴഞ്ഞുമറിയുന്ന ചുരുളി
Film Review
Churuli Movie Review| കുഴഞ്ഞുമറിയുന്ന ചുരുളി
അന്ന കീർത്തി ജോർജ്
Friday, 19th November 2021, 3:08 pm

ഒരു സിനിമയുടെ കഥയെന്താണെന്നും അതിന്റെ പോക്ക് എങ്ങോട്ടാണെന്നും ഏകദേശം സിനിമ തുടങ്ങി മൂന്ന് മിനിറ്റ് കഴിഞ്ഞതും മനസിലായി കഴിഞ്ഞാല്‍ പിന്നെ ത്രില്ലര്‍, മിസ്റ്ററി സിനിമകള്‍ കണ്ടിരിക്കല്‍ അത്ര രസമുള്ള പരിപാടിയല്ല. പക്ഷെ, ഇങ്ങനെയാണെങ്കില്‍ പോലും പല ചിത്രങ്ങളും അതിന്റെ മേക്കിങ്ങ് സ്റ്റൈല്‍ കൊണ്ടും പെര്‍ഫോമന്‍സുകള്‍ കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്താറുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി ആ ഒരു കാറ്റഗറിയില്‍ പെടുത്താവുന്ന ചിത്രമാണ്. പക്ഷെ ഈ പരിശ്രമം പൂര്‍ണ്ണമായും വിജയിച്ചെന്നും പറയാനാകില്ല.

ജോയി എന്നൊരു ക്രിമിനലിനെ അന്വേഷിച്ച് ചുരുളി എന്ന ഒരു നോ മാന്‍സ് ലാന്റില്‍ എത്തുന്ന ചെമ്പന്‍ വിനോദിന്റെയും വിനയ് ഫോര്‍ട്ടിന്റെയും പൊലീസ് കഥാപാത്രങ്ങളും, തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് കഥാപരിസരം.

ചുരുളിയുടെ ട്രെയ്‌ലറില്‍ കേട്ട തിരുമേനിയുടെയും മാടന്റെയും കഥയുടെ തുടര്‍ച്ചയും ആവര്‍ത്തനവുമാണ് സിനിമയിലെ കഥ. സിനിമ തുടങ്ങുന്നത് തിരുമേനി-മാടന്‍ കഥ പറഞ്ഞുകൊണ്ടാണ്. ഇത് ഒരു അനാവശ്യ സ്പൂണ്‍ ഫീഡിങ്ങായിരുന്നു. ഈ കഥ അവസാനം മാത്രം പറഞ്ഞിരുന്നെങ്കില്‍ സിനിമ കുറച്ചുകൂടി ആകാംക്ഷയോടെ കാണാന്‍ സാധിക്കുമായിരുന്നു.

ചുരുളിയെ സംവിധായകന്‍ അവതരിപ്പിച്ച രീതി തന്നെയാണ് സിനിമയിലെ ഏറ്റവും മികച്ച ഘടകം. ലൂപ്പില്‍ പെട്ടുപോയ മനുഷ്യരുടെ ലോകമാണിത്. പരസ്പരം കലഹിക്കുന്ന, എന്തോ മായവലയത്തില്‍ പെട്ടുപോയ ആളുകളുടെ ലോകം. ചുരുളി എന്ന സ്ഥലത്തെ മനസിലാക്കുക അത്ര എളുപ്പമല്ല. ഭ്രമാത്മകമായ ഒരുപാട് കാര്യങ്ങള്‍ നടക്കുന്ന ചുരുളി എന്ന പ്രദേശം തന്നെ ഒരുതരം ലൂപ്പാണ്.

‘എല്ലാം അവസാനമില്ലാതെ ആവര്‍ത്തിക്കപ്പെടുകയാണ്’ എന്ന സിനിമയുടെ കഥയുടെ അടിസ്ഥാനം ചിത്രത്തിലെ ഡയലോഗുകളിലൂടെയും കഥാപരിസരങ്ങളിലൂടെയുമെല്ലാം അണ്ടര്‍ലൈന്‍ ചെയ്യപ്പെടുന്നുണ്ട്. ചുരുളി എന്നത് മനുഷ്യമനസിന്റെ ഏറ്റവും നിഗൂഢമായ ഉള്ളറകളെയും ഒരിക്കലും പുറത്തുപറയാന്‍ പറ്റാത്ത പ്രവര്‍ത്തികളെയും മാനസിക വിചാരങ്ങളെയും കൂടിയാണ് പ്രതിനിധീകരിക്കുന്നത്.

സിനിമയുടെ ടൈറ്റില്‍ വരുന്നത് മുതല്‍ തന്നെ ഈ ഒരു കുഴഞ്ഞുമറിഞ്ഞ അവസ്ഥ സംവിധായകന്‍ വരച്ചുകാണിക്കുന്നുണ്ട്. ചുരുളിയുടെ ഈയൊരു അനുഭവത്തിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് മധു നീലകണ്ഠന്റെ ക്യാമറയും ദീപു ജോസഫിന്റെ എഡിറ്റിങ്ങും ശ്രീരാഗ് സജിയുടെ മ്യൂസികുമാണ്. ഗോകുല്‍ദാസിന്റെ ആര്‍ട്ട് ഡയറക്ഷനും രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ ക്രിയേറ്റീവായ ഉപയോഗം സിനിമയില്‍ ഉടനീളം കാണാന്‍ സാധിക്കും. സിനിമ തരുന്ന കാടിന്റെ അനുഭവവും മികച്ചതായിരുന്നു.

സിനിമയില്‍ പ്രേക്ഷകനെ പിടിച്ചിരുത്താനായി സംവിധായകന്‍ പ്രധാനമായും ഇട്ടുതരുന്ന ചോദ്യം ‘ആരാണ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ജോയി’ എന്നതാണ്. ചുരുളിയില്‍ കണ്ടുമുട്ടുന്ന ആളുകളില്‍ ആരെങ്കിലുമാണോ ജോയി, അതോ ഷാജിവനാണോ ജോയി, ശരിക്കും ജോയ് എന്നൊരാളുണ്ടോ എന്നിങ്ങനെ കുറെ ചോദ്യങ്ങള്‍ ചിത്രം കാണുന്ന സമയത്ത് മനസിലുയര്‍ന്നിരുന്നു.

മാടനെപ്പറ്റിയും ആലോചിച്ചുപോയിരുന്നു. ചുരുളിയിലെ ആളുകളൊക്കെ നേരത്തെ ജോയിയെ അന്വേഷിച്ചു വന്ന് പിന്നീട് ഇവിടെ തന്നെ അങ്ങ് നിന്നുപോയവരാണോ എന്നും സംശയം തോന്നി. പക്ഷെ സിനിമ ഉദ്ദേശിക്കുന്ന ആകാംക്ഷയോടെ ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ തോന്നുന്നുണ്ടായിരുന്നില്ല.

ഒരു കഥയായി വായിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ വിനയ് തോമസിന്റെ രചന കൂടുതല്‍ ആസ്വദിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ചുരുളി കണ്ടുകൊണ്ടിരുന്നപ്പോള്‍ തോന്നിയത്. എസ്. ഹരീഷിന്റെ തിരക്കഥയും സംഭാഷണങ്ങളും പലയിടങ്ങളിലും വല്ലാതെ നാടകീയമാവുകയും പാളിപ്പോകുകയും ചെയ്തിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനവും ആവറേജ് നിലവാരമേ പുലര്‍ത്തിയിട്ടുള്ളു.

ഇനി ചുരുളി എന്ന സിനിമക്ക് ശേഷം ഏറ്റവും ചര്‍ച്ചയാകുന്ന തെറിവിളിയെ കുറിച്ച് പറയാം. തെറിവിളികളുള്ളതുകൊണ്ട് ഒരു സിനിമ മോശമാണെന്നും അതുകൊണ്ട് ആരും അത് കാണാരുതെന്നുമുള്ള അഭിപ്രായം എനിക്കില്ല. ഇന്ന് കാണുന്ന ചര്‍ച്ചകളിലേതു പോലെ സിനിമയിലെ തെറിവിളി നമ്മുടെ ‘സംസ്‌കാര കേരളത്തിന്റെ’ കടക്കല്‍ കത്തിവെക്കുമെന്നും കരുതുന്നില്ല.

ചുരുളി എന്ന ഈ മിസ്റ്ററി ലാന്‍ഡിലെ നാട്ടുകാരുടെ സംസാരരീതിയിലെ പ്രത്യേകതകളും സദാചാരത്തിന്റെയും നിയന്ത്രണങ്ങളുടെയും വേലിക്കെട്ടുകളില്ലാത്ത ഭൂമികയിലെത്തുന്ന മനുഷ്യന്റെ ഉള്ള് കാണിക്കാനും വേണ്ടിയായിരിക്കാം സംവിധായകന്‍ ആ ഒരു രീതി ഉപയോഗിച്ചതെന്നാണ് തോന്നുന്നത്.

പക്ഷെ, കാണുന്ന സമയത്ത് ചുരുളിയിലെ ആളുകള്‍ എന്തിനാണ് ഇങ്ങനെ തെറി വിളിക്കുന്നതെന്ന് തോന്നിയിരുന്നു. സ്വാഭാവികമായി തോന്നാതിരുന്ന തെറിവിളികള്‍ പലതും അസ്ഥാനത്ത് കടന്നുവന്ന മടുപ്പിക്കുന്ന മുഴച്ചുനില്‍ക്കലുകളായിരുന്നു.

കൂടാതെ, ട്രെയ്‌ലര്‍ ഇറങ്ങിയതിന് പിന്നാലെ ഏറ്റവും ചര്‍ച്ചയായ ‘ആത്മീയതയുടെ മൈര്’ എന്ന പ്രയോഗം മാത്രം സിനിമയില്‍ നിന്നും വെട്ടിമാറ്റിയത് എന്തിനായിരുന്നു എന്ന് ലിജോ ജോസ് പെല്ലിശ്ശേരിയോട് ചോദ്യമുയരും. അതിലും എമണ്ടന്‍ തെറികള്‍ സിനിമകള്‍ ഉടനീളം ഉള്ള സ്ഥിതിക്ക് പ്രത്യേകിച്ചും.

തെറിവിളിയുടെ ഈ ബാഹുല്യം കൊണ്ടാണോ എന്നറിയില്ല ചിത്രം കണ്ടുകഴിഞ്ഞ് ആലോചിക്കുമ്പോള്‍ ഒരു അഭിനേതാവിന്റെയും പെര്‍ഫോമന്‍സ് അങ്ങനെ മനസിലേക്ക് കടന്നുവരുന്നില്ല. അതേസമയം മറ്റൊരു പ്രത്യേകതയായി തോന്നിയത്, ചുരുളി എന്ന പ്രദേശത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള, ഏകദേശം ഒരേ പാറ്റേണിലുള്ള സ്വാഭാവ സവിശേഷതകളും വികാരങ്ങളുമാണ് ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും നല്‍കിയിരിക്കുന്നത് എന്നതാണ്.

വിനയ് ഫോര്‍ട്ടിന്റെയും ചെമ്പന്‍ വിനോദിന്റെയും കഥാപാത്രങ്ങള്‍ മാത്രമാണ് ഇതില്‍ നിന്നും അല്‍പം വ്യത്യസ്തമായിട്ടുള്ളത്. ഈ ഒരു രീതിയില്‍ നോക്കുമ്പോള്‍ വ്യക്തിഗത പെര്‍ഫോമന്‍സുകളേക്കാള്‍ മൊത്തത്തിലുള്ള കഥ പറച്ചിലിന് ചേരുന്ന രീതിയില്‍ അഭിനേതാക്കളെ ഉപയോഗിച്ചിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന് പറയാം.

ഒരു പരീക്ഷണമെന്ന നിലയില്‍ ചുരുളി എന്ന സിനിമ കണ്ടുനോക്കേണ്ടതാണ്. വീണ്ടും കണ്ടാല്‍ വേറെന്തെങ്കിലും അര്‍ത്ഥതലങ്ങള്‍ കിട്ടുമോയെന്നറിയില്ല. ഐ.എഫ്.എഫ്.കെ പ്രേക്ഷകര്‍ക്ക് ഇതിനേക്കാള്‍ കടുപ്പമുള്ള സിനിമയുടെ വേര്‍ഷനായിരുന്നു കാണിച്ചുകൊടുത്തിരുന്നത് എന്നായിരുന്നല്ലോ വിനയ് ഫോര്‍ട്ട് പറഞ്ഞിരുന്നത്. ആഗ്രഹമുള്ളവര്‍ക്ക് ഇങ്ങനെ പലതവണ കണ്ടുനോക്കി സിനിമയുടെ വിവിധ തലങ്ങള്‍ ആ ചുഴിയില്‍ നിന്നും കുരുക്കിട്ട് പിടിക്കാവുന്നതാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Churuli Movie Review| Lijo Jose Pellissery, Chemban Vinod, Vinay Forrt

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.