ചുരിദാര്‍ ഹൈന്ദവ വസ്ത്രം അല്ല: ചുരിദാറിനെതിരെ ഭക്തസംഘടനകള്‍
Daily News
ചുരിദാര്‍ ഹൈന്ദവ വസ്ത്രം അല്ല: ചുരിദാറിനെതിരെ ഭക്തസംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th November 2016, 11:44 am

കേരള ബ്രാഹ്മണസഭ, ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപത്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകളാണ് ചുരിദാറിനെ എതിര്‍ത്തു രംഗത്തുവന്നത്.


തിരുവനന്തപുരം: ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലെന്ന് ഭക്തസംഘടനകള്‍. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.എന്‍ സതീഷ് നടത്തിയ ഹിയറിങ്ങിലാണ് ഭക്തസംഘടനകള്‍ ഇത്തരമൊരു നിലപാട് മുന്നോട്ടുവെച്ചത്.

കേരള ബ്രാഹ്മണസഭ, ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപത്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകളാണ് ചുരിദാറിനെ എതിര്‍ത്തു രംഗത്തുവന്നത്.

ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലാത്തതിനാല്‍ അത് അംഗീകരിക്കാനാവില്ല. ജോലിക്ക് ഹാജരാകുമ്പോള്‍ പൊലീസുകാര്‍ക്കും അഭിഭാഷകര്‍ക്കും നിശ്ചിത വസ്ത്രമേ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. പല വിദ്യാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാണ്. അങ്ങനെയിരിക്കെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മാത്രം കീഴ്‌വഴക്കം അനുസരിച്ചുള്ള വസ്ത്രം പാടില്ലെന്ന് വാദിക്കുന്നത് എങ്ങനെയെന്നും സംഘടനാ നേതാക്കള്‍ എക്‌സിക്യുട്ടീവ് ഓഫീസറോട് ആരാഞ്ഞു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ ചുരിദാറിന് മീതേ മുണ്ടുടുക്കണമെന്ന ആചാരത്തിനെതിരെ തിരുവനന്തപുരം സ്വദേശി റിയാ രാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എക്‌സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് എക്‌സിക്യുട്ടീവ് ഒീഫീസര്‍ ഹിയറിങ് നടത്തിയത്.