ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമേ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നുള്ളൂ.
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാന്‍ അനുമതി. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടേതാണ് തീരുമാനം. ഇക്കാര്യം ക്ഷേത്രം അധികൃതര്‍ കോടതിയെ അറിയിച്ചു.
ചുരിദാറിന് മുകളില്‍ മുണ്ട് ചുറ്റി മാത്രമേ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നുള്ളൂ. ഉത്തരവ് ഇന്ന് തന്നെ ഇറങ്ങുന്നതിനാല്‍ സ്ത്രീകള്‍ക്ക് ഇന്ന് തന്നെ ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാനാവും.
അഭിഭാഷകയായ റിയാ രാജി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്താനുള്ള സ്ത്രീകളുടെ അവകാശത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. റിയയുടെ റിട്ട് ഹര്‍ജി സെപ്റ്റംബര്‍ 29ന് പരിഗണിച്ച കേരള ഹൈക്കോടതി, ഇക്കാര്യത്തില്‍ ഭക്തരുടെ അഭിപ്രായമാരാഞ്ഞ ശേഷം തീരുമാനമെടുക്കാന്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.
കേരള ബ്രാഹ്മണസഭ, ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭക്തജന സേവാസമിതി, ശ്രീപത്മനാഭസ്വാമിക്ഷേത്ര ഭക്തജനസഭ എന്നീ സംഘടനകള്‍ നേരത്തെ ചുരിദാറിനെ എതിര്‍ത്ത് രംഗത്തുവന്നിരുന്നത്. ചുരിദാര്‍ ഹൈന്ദവമായ വസ്ത്രം അല്ലാത്തതിനാല്‍ അത് അംഗീകരിക്കാനാവില്ലെന്ന നിലപാടായിരുന്നു ഇവരുടേത്.
എന്നാല്‍ ചുരിദാര്‍ ഇപ്പോള്‍ വ്യാപകമായ നിലയ്ക്ക് അത് ധരിച്ചു വരുന്നവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തത് ന്യായീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രം അധികൃതരുടെ തീരുമാനം.
നേരത്തെ കോടതി ഇടപെടലിനെ തുടര്‍ന്ന് ഗുരുവായൂരിലും സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി ലഭിച്ചിരുന്നു.