ഇംഫാൽ: മണിപ്പൂരിലെ കലാപ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ ചുരുക്കുവാൻ ആഹ്വാനം ചെയ്ത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ചർച്ചുകൾ.
മണിപ്പൂരിലെ നിരവധി ക്രിസ്ത്യാനികൾക്ക് ചർച്ചുകളിൽ പോകുവാൻ മാർഗ്ഗങ്ങൾ ഇല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചർച്ചകളുടെ തീരുമാനം.
മണിപ്പൂരിലെ പള്ളികളിൽ ഈ വർഷം പ്രാർത്ഥനകൾ മാത്രമേ സംഘടിപ്പിക്കുമെന്ന് മണിപ്പൂർ ബാക്കിസ് കൺവെൻഷന്റെ പാസ്റ്റർ റവറന്റ് ഉവാൻകമങ് ദൈമൈ നോർത്ത് ഈസ്റ്റ് ലൈവിനോട് പറഞ്ഞു.
കലാപത്തിൽ വീടും ജീവനും നഷ്ടപ്പെട്ട ആളുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി പരിപാടികളാണ് റദ്ദാക്കിയത്.
ഈ വർഷം മേയ് മാസത്തിൽ ആരംഭിച്ച കലാപത്തെ തുടർന്ന് ആയിരക്കണക്കിന് ആളുകളാണ് മണിപ്പൂരിൽ നിന്ന് കുടിയിറക്കപ്പെട്ടത്.
പല ചർച്ചുകളും ക്രിസ്മസിന് മുന്നോടിയായുള്ള ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചപ്പോൾ മണിപ്പൂരിലെ ചില പള്ളികൾ ക്രിസ്മസ് പ്രഭാതത്തിൽ മാത്രം പ്രാർത്ഥനകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. അതോടൊപ്പം ആളുകൾ പള്ളികളും വീടുകളും അലങ്കരിക്കുന്നതിൽ നിന്നും വിട്ടുനിന്നു.
ആഡംബര ചെലവുകളും ഭക്ഷണ സത്കാരങ്ങളും ഒഴിവാക്കുവാനും പകരം ആവശ്യക്കാരെ സഹായിക്കുവാൻ തങ്ങളുടെ പണം ഉപയോഗപ്പെടുത്താനും ചർച്ചകൾ വിശ്വാസികളോട് ആവശ്യപ്പെട്ടു.
അതേസമയം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ക്രിസ്ത്യാനികൾക്ക് ക്രിസ്മസ് ആഘോഷിക്കാനുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കുമെന്ന് മണിപ്പൂർ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
മണിപ്പൂർ കലാപത്തിൽ നിരവധി ചർച്ചുകൾ പൂർണ്ണമായും തകർക്കപ്പെട്ടിരുന്നു.
Content Highlight: Churches call for muted Christmas in strife-torn Manipur