റായ്പൂര്‍: ചത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം. തടയാനെത്തിയെ സുരക്ഷാ ഉദ്യോഗസ്ഥരെയും അക്രമികള്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചു.
നാരായണ്‍പൂരിലെ പള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. പ്രദേശത്ത് നിയമവിരുദ്ധമായി മതപരിവര്‍ത്തനവും അനധികൃതമായി പള്ളികളുടെ നിര്‍മാണവും നടക്കുന്നുവെന്ന് ആരോപിച്ചാണ് അക്രമികള്‍ എത്തിയത്.
ഇവര്‍ പള്ളിയുടെ ഉള്ളില്‍ കയറി വസ്തുവകകള്‍ അടിച്ചു തകര്‍ത്തു. പുറത്തും അക്രമം അഴിച്ചുവിട്ടു. സംഭവ സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിതിഗതികള്‍ വരുതിയിലാക്കാന്‍ ഒരു മണിക്കൂറിലേറെ സമയമെടുത്തു. ഇതിനിടയില്‍ അക്രമികള്‍ ഉദ്യോഗസ്ഥരെയും ആക്രമിച്ചു.
തലക്ക് പരിക്കേറ്റ എസ്.പി. സദാനന്ദ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പ്രദേശത്ത് മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ആരോപിച്ച് ചില ആദിവാസി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സ്ഥലത്തെ ‘മതപരിവര്‍ത്തനത്തിനും നിയമവിരുദ്ധ പള്ളി നിര്‍മാണത്തിനുമെതിരെ’ കളക്ടര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കാനായിരുന്നു പ്രതിഷേധം എന്നായിരുന്നു പറഞ്ഞിരുന്നത്.
പ്രതിഷേധ പ്രകടനത്തിന് മുമ്പ് പൊലീസിന്റെയും കളക്ടറുടെയും നേതൃത്വത്തില്‍ ഇവരെ വിളിച്ച് യോഗം ചേര്‍ന്നിരുന്നു. പ്രതിഷേധം സമാധാനപരമായിരിക്കുമെന്നും അക്രമമുണ്ടാകില്ലെന്നും ഇവര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇവരില്‍ ചിലര്‍ അക്രമത്തിലേക്ക് കടന്നുവെന്നാണ് എസ്.പിയും കളക്ടറും മാധ്യമങ്ങളോട് പ്രതികരിച്ചത്.
നാരായണ്‍പൂരിലെ ആദിവാസി സമാജങ്ങളിലൊന്നാണ് ആക്രമണത്തിന് പിന്നിലെന്നാണ് ജില്ലാ കളക്ടര്‍ അജീത് വസന്ത് ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞത്. ചത്തീസ്ഗഡില്‍ പള്ളികള്‍ക്ക് നേരെ ചില ചെറിയ അക്രമസംഭവങ്ങള്‍ നടന്നിരുന്നെങ്കിലും ഇത്രയും വലിയ തോതില്‍ ആക്രമണമുണ്ടാകുന്നത് ആദ്യമായാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
അക്രമികളെ കൃത്യമായി തിരിച്ചറിഞ്ഞ ശേഷമേ ആദിവാസി ഗ്രൂപ്പുകളോടെയോ സംഘടനകളുടെയോ പേര് എഫ്.ഐ.ആറില്‍ ചേര്‍ക്കാനാകൂവെന്നാണ് പൊലീസിന്റെ പ്രതികരണം. കുറ്റക്കാരെ കണ്ടെത്തി തക്കതായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ക്രിസ്മസിനോടനുബന്ധിച്ച് ചത്തീസ്ഗഡില്‍ പള്ളികള്‍ക്കും ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ക്കും നേരെ വ്യാപകമായി അക്രമം നടക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പലരും ഗ്രാമങ്ങള്‍ ഉപേക്ഷിച്ചു പോകുന്നതായി വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlight: Church vandalised in Chattisgarh