| Thursday, 21st January 2021, 3:15 pm

നൈജീരിയയിലെ ക്രിസ്ത്യന്‍ - മുസ്‌ലീം സംഘര്‍ഷത്തില്‍ ആശങ്കപ്പെടുന്ന സഭാധികാരികള്‍ മോദിരാജ്യത്തെ ക്രൈസ്തവ പീഡനങ്ങളെ കാണുന്നില്ലെ ? : ജോസ് വള്ളിക്കാട്ട് എഴുതുന്നു

ജോസ് വള്ളിക്കാട്ട്

നൈജീരിയ പോലുള്ള വിദേശ രാജ്യങ്ങളിലെ ക്രൈസ്തവ ഹത്യകളെ സീറോ മലബാര്‍ സിനഡ് അപലപിച്ചത് വളരെ നന്നായി. മനുഷ്യജീവന്റെ അന്തസ്സ്, സുരക്ഷ എന്നിവക്ക് ഹാനിയുണ്ടാകുന്ന ഒരു കൃത്യത്തെയും ക്രൈസ്തവന് ക്രിസ്തു സ്‌നേഹത്താല്‍ പ്രേരിതമായും സുവിശേഷ മൂല്യങ്ങളില്‍ അധിഷ്ഠിതമായും കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല. സഭ അത് ചെയ്യുക തന്നെ വേണം.

2020 ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മൂന്നു മാസത്തെ കാലയളവില്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ 450 ഓളം ആക്രമണങ്ങള്‍ പേര്‍സെക്യൂഷന്‍ റിലീഫ് എന്ന സംഘടന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍, 4 കൊലപാതകങ്ങള്‍, 46 ആക്രമണങ്ങള്‍, സ്ത്രീകള്‍ക്കെതിരായ 32 കുറ്റകൃത്യങ്ങള്‍, ക്രിസ്ത്യാനികള്‍ക്ക് എതിരായ 43 വ്യാജ പരാതികള്‍, 20 പള്ളി ആക്രമണങ്ങള്‍, 21 അന്യായമായ അറസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ബി.ജെ.പിയുടെ യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശാണ് അക്രമങ്ങളില്‍ ഒന്നാമത്. ഛത്തീസ്ഗഡില്‍ 16ഉം, മധ്യപ്രദേശിലും ജാര്‍ഖണ്ഡിലും 14 വീതം ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങളും നടന്നു. വെറും മൂന്ന് മാസത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കണക്കാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത അക്രമങ്ങള്‍ എത്ര കാണും!

അതിനെല്ലാം ഉപരി, സഭയുടെ ഒരു മകനായ 84 വയസുള്ള സ്റ്റാന്‍ സ്വാമി എന്ന വൈദികനെ സുവിശേഷ മൂല്യങ്ങള്‍ക്കനുസാരം പാവപ്പെട്ടവര്‍ക്കും പതിതര്‍ക്കും വേണ്ടി നിലകൊണ്ടു എന്ന പേരില്‍ വ്യാജകേസില്‍ ജാമ്യം പോലും നിഷേധിച്ചു കരാഗൃഹത്തില്‍ അടച്ചിരിക്കുകയാണ്.

ഇന്നത്തെ പത്രങ്ങളില്‍ താത്പര്യജനകമായ ചില വാര്‍ത്തകളുണ്ട്. ഒന്നു, മോദി ഭരണത്തില്‍ ക്രൈസ്തവര്‍ സുരക്ഷിതരാണ് എന്ന് കര്‍ദിനാള്‍മാര്‍ പറഞ്ഞത്രേ. സ്റ്റാനിന്റെ കാര്യം ഓര്‍മ്മിപ്പിച്ചെങ്കിലും സാത്വികനായ നമ്മുടെ പ്രധാന മന്ത്രിക്ക് അതില്‍ ഇടപെടാന്‍ പരിമിതിയുണ്ട് എന്നാണ് രണ്ടാമത്തെ വാര്‍ത്ത. ഏതെങ്കിലും പാര്‍ട്ടിയോടു തൊട്ടുകൂടായ്മ കാണിക്കുന്നത് സഭയുടെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരാണ് എന്നാണ് മറ്റൊരു പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നമ്മുടെ പിതാക്കന്മാര്‍ ഇങ്ങനെയൊക്ക പറയുമോ? ഏയ് പറഞ്ഞു കാണാന്‍ വഴിയില്ല. അതൊക്കെ ചിലപ്പോള്‍ പത്രക്കാര്‍ ഉണ്ടാക്കി എഴുതിയതോ വളച്ചൊടിച്ചതോ ആകാനാണ് വഴി എന്നു ഞാന്‍ കരുതുന്നു.

മോദിരാജ്യത്തെ ക്രൈസ്തവ സുരക്ഷ ഏത് യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നുയിര്‍കൊണ്ടതാണ്? മോദി രാജ്യത്തില്‍ ക്രൈസ്തവര്‍ക്ക് മാത്രം സുരക്ഷ കിട്ടിയാല്‍ സഭാധികരികള്‍ തൃപ്തരാവുമോ? കര്‍ഷകര്‍, ദളിതര്‍, ദരിദ്രര്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ ഇവരൊക്കെ എങ്ങനെയെങ്കിലും പിഴച്ചോട്ടെ എന്നതാണോ സഭാധികാരികളുടെ നിലപാട്?

ഏതായാലും, നൈജീരിയയെ കുറിച്ച് ആശങ്കപ്പെടുന്ന സഭാധികാരികള്‍ ഇന്ത്യയില്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങളെ കുറിച്ചും ഫാ. സ്റ്റാന്‍ സ്വാമിയെ കുറിച്ചും ഒറ്റ വാക്ക് പോലും സിനഡില്‍ പറഞ്ഞിട്ടില്ല എന്നത് നമ്മെ അതിശയിപ്പിക്കുന്നു. എന്നു മാത്രമല്ല, പാര്‍ട്ടി രാഷ്ട്രീയം സഭയുടെ അടിസ്ഥാന പ്രമാണങ്ങളുടെ ഭാഗമാണ് എന്ന ഉദ്‌ബോധനം ആദ്ഭുതാവാഹമായിരിക്കുന്നു!

രണ്ടാമതായി, സഭാ സിനഡിന്റെ തീരുമാനങ്ങളില്‍ ശ്രദ്ധേയം എന്നു തോന്നിയ ഒരു കാര്യം, ‘സഭയയുടെ പേരില്‍ മൗലികവാദപരമായ നിലപാടുകള്‍ പ്രഖ്യാപിക്കുന്ന സാമൂഹ്യ മാദ്ധ്യമ ഗ്രൂപ്പുകളെ’ കുറിച്ചു ചര്‍ച്ച ചെയ്തു എന്നതാണ്. വളരെ നല്ല കാര്യം ആണ്. പക്ഷെ വിശ്വാസികളുടെ സംശയത്തിന് അറുതി ഉണ്ടായിട്ടില്ല. ഏതൊക്കെയാണ് ഈ ഗ്രൂപ്പുകള്‍? ഇവയൊന്നും ഒളിഗ്രൂപ്പുകള്‍ അല്ലല്ലോ. അതിനാല്‍ അതിന്റെ ഒരു ലിസ്റ്റ് സഭാകര്യലയം പ്രസിദ്ധീകരിക്കണം. എന്നാലല്ലേ ഏതൊക്കെ ഗ്രൂപ്പുകളാണ് മൗലികവാദപരമായ നിലപാടുകള്‍ എടുക്കുന്നതെന്നും, ആ മൗലികവാദ നിലപാടുകള്‍ എന്താണ് എന്നും വിശ്വാസികള്‍ക്ക് അറിയാന്‍ സാധിക്കൂ. അതുവഴി അങ്ങനെയുള്ള ഗ്രൂപ്പുകളില്‍ നിന്ന് അകന്നു നില്‍ക്കാനും ആത്മരക്ഷ ഉറപ്പു വരുത്താനും അവര്‍ക്ക് സാധിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Church leaders concerned over Nigerian Christian-Muslim conflict do not see Modi persecution of Christians in the country? : Jose Vallikattu writes

ജോസ് വള്ളിക്കാട്ട്

We use cookies to give you the best possible experience. Learn more