ഹരിയാന: ഹരിയാനയിലെ അംബാലയിലെ പള്ളിയില്‍ യേശുക്രിസ്തുവിന്റെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. ഇന്ന് ഉച്ചക്ക് ശേഷമാണ് അക്രമം നടന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സദര്‍ പൊലീസ് അറിയിച്ചു.
സംഭവ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റവാളികളെ തിരിച്ചറിയാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞു.
‘കുറ്റവാളികളെ പിടികൂടാന്‍ ഞങ്ങള്‍ മൂന്ന് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. രണ്ട് പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതായാണ് നിഗമനം. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
An FIR has been registered in the Ambala cantt sadar police station based on the complaint of church authorities and this cctv footage pic.twitter.com/MApf24vbWq
‘രണ്ട് പേര്‍ ഉച്ചയ്ക്ക് 12:30 ന് അതിര്‍ത്തി മതില്‍ ചാടി 1:40 ഓടെ യേശുക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു. അവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം അന്വേഷിക്കാന്‍ പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കുകയും ചെയ്യും,’ നരേഷ് പറഞ്ഞു.
എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവെങ്കിലും പ്രതികളെ തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
അതേസമയം, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അടുത്തിടെ ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. പലയിടത്തും പള്ളികള്‍ ആക്രമിക്കപ്പെടുകയും ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. യു.പി, കര്‍ണാടക, ഗുരുഗ്രാം, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അക്രമം നടന്നിരുന്നത്.
സഭകള്‍ ആളുകളെ നിര്‍ബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന ഭരണകക്ഷിയായ ബി.ജെ.പിയുടെ ആരോപണത്തെത്തുടര്‍ന്ന് കര്‍ണാടക അടുത്തിടെ മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കിയിരുന്നു. ഹരിയാനയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ വ്യാഴാഴ്ച നടന്ന ക്രിസ്മസ് കാര്‍ണിവല്‍ വലതുപക്ഷ ജനക്കൂട്ടം തടസ്സപ്പെടുത്തിയിരുന്നു.