'ആ നാല്‍ക്കാലിയും ഞങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ആര്‍ക്കും മനസിലാവില്ല, അവള്‍ ഞങ്ങളുടെ റാണി'; 'ചുഞ്ചു നായര്‍'ക്ക് ജാതിപ്പേര് നല്‍കിയതിന് വിശദീകരണവുമായി ഉടമകള്‍
മുംബൈ: മുംബൈ മലയാളി കുടുംബത്തിന്റെ വളര്‍ത്തു പൂച്ച ചുഞ്ചു നായരുടെ ചരമ വാര്‍ഷിക ദിനത്തില്‍ പത്രപ്പരസ്യം നല്‍കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വന്ന ട്രോളുകള്‍ വളരെയേറെ വിഷമത്തിലാക്കിയെന്ന് ചുഞ്ചുവിന്റെ ഉടമകള്‍. ടൈംസ് ഓഫ് ഇന്ത്യയിലായിരുന്നു നവി മുംബൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബം പരസ്യം നല്‍കിയത്.
പൂച്ചയ്ക്ക് ജാതിപ്പേര് നല്‍കിയതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ആളുകള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കൂടാതെ പൂച്ചയുടെ ഉടമസ്ഥരെ കളിയാക്കി നിരവധി ട്രോളുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇപ്പോള്‍ ചുഞ്ചുവിന് ജാതിപ്പേര് നല്‍കിയതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കുടുംബം. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് കുടുംബത്തിന്റെ വിശദീകരണം. കുടുംബത്തെ കുറിച്ചുള്ള വിവരങ്ങള്‍ പത്രം പുറത്തുവിട്ടിട്ടില്ല.
‘അവള്‍ ഞങ്ങളുടെ റാണിയായിരുന്നു. മകളായിരുന്നു. കുടുംബത്തില്‍ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് പോലും അവളായിരുന്നു. ഞങ്ങള്‍ക്ക് അവള്‍ ഞങ്ങളുടെ ഇളയ മകളെ പോലെയാണ്. അതിനാലാണ് വംശനാമം നല്‍കിയതും. ആ നാല്‍ക്കാലിയും ഞങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത ആര്‍ക്കും മനസിലാവില്ല. സഹിക്കാവുന്നതിലേറെയാണ് ഈ നെഗറ്റീവ് ട്രോളുകള്‍. ജാതിയുമായി ആ പേരിന് യാതൊരു ബന്ധവും ഇല്ല,’ കുടുംബം വ്യക്തമാക്കി.
’18 വര്‍ഷത്തോളം ചുഞ്ചു ഈ വീട്ടിലുണ്ടായിരുന്നു. വാര്‍ദ്ധക്യ കാലത്തായിരുന്നു മരണം. ഇത്രയും നാളുകള്‍ സാധാരണ പൂച്ചകള്‍ ജീവിച്ചിരിക്കാറില്ല. വളരെയേറെ സ്‌നേഹിക്കപ്പെട്ട ചുറ്റുപാടിലായതിനാലാണ് പൂച്ച ഇത്രകാലം ജീവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഉയര്‍ന്ന ശുചിത്വബോധം ഉണ്ടായിരുന്ന പൂച്ചയായിരുന്നു. ഒരിക്കലും ഇക്കാര്യങ്ങള്‍ പരീശിലിപ്പിക്കേണ്ടി വന്നിട്ടില്ല’- കുടുംബം പറയുന്നു.
തന്റെ പെണ്‍മക്കളെ മടിയിലിരുത്തുന്നത് ചുഞ്ചുവിന് ഇഷ്ടമല്ലായിരുന്നു. പൂച്ചയെ കരുതി പലപ്പോഴും ദീര്‍ഘയാത്ര പോയിരുന്നില്ലെന്നും കുടുംബാംഗം പറഞ്ഞു. ഫോട്ടോയെടുക്കുന്നതും ചുഞ്ചുവിന് ഇഷ്ടമല്ലായിരുന്നു. കുടുംബ ഫോട്ടോയെടുക്കാന്‍ നേരത്ത് ചുഞ്ചു മനപ്പൂര്‍വ്വം മാറിനില്‍ക്കാറുണ്ടായിരുന്നുവെന്നും കുടുംബാംഗം കൂട്ടിച്ചേര്‍ത്തു.
പ്രായമായതോടെ ചുഞ്ചുവിന്റെ വൃക്കകള്‍ക്കും പല്ലിനും തകരാറുണ്ടായി. രോഗം മാറ്റാന്‍ പലവഴിയും തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ മരിച്ചെന്നും കുടുംബം പറയുന്നു.