Spoiler Alert
കൗമാരപ്രായത്തില്‍ തോന്നുന്ന പ്രേമത്തിനായി എന്തും ചെയ്യാന്‍ നടക്കുന്ന റോയി, ആ റോയിയുടെ യാത്രയാണ് ക്രിസ്റ്റിയുടെ കഥ. ക്രിസ്റ്റി എന്ന ട്യൂഷന്‍ ടീച്ചറോടാണ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ റോയിക്ക് പ്രണയം തുടങ്ങുന്നത്. ഒരവസരം കിട്ടുമ്പോള്‍ അവന്‍ അത് തുറന്ന് പറയുകയും ചെയ്യുന്നുണ്ട്.
റോയിയുടെ പ്രണയമാണ് യഥാര്‍ത്ഥ പ്രണയമെന്നും അതിന് വേണ്ടി റോയി എന്തോ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നുവെന്നുമാണ് സിനിമയുടെ പല ഭാഗത്തും പറയുന്നത്. സിനിമ സഞ്ചരിക്കുന്ന വഴിയെ അതായത് റോയിയുടെ വഴിയെ നോക്കുകയാണെങ്കില്‍ ഒരുപക്ഷേ ഇങ്ങനൊക്കെ തോന്നിയേക്കാം. എന്നാല്‍ നായികയായ ക്രിസ്റ്റിയുടെ ഭാഗത്ത് നിന്നും ആലോചിച്ചാല്‍ റോയി അവരെ ബുദ്ധിമുട്ടിക്കുകയാണ്.
ഒരാള്‍ വന്ന് ഇഷ്ടമാണെന്ന് പറഞ്ഞതിന് ശേഷം വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും അനുകൂലമായ മറുപടി കൊടുക്കുന്നില്ല. എന്നിട്ടും അയാള്‍ കടന്നുപിടിക്കുകയും ജോലി സ്ഥലത്തേക്ക് പോലും പറയാതെ ഒപ്പം വരികയും ചെയ്താല്‍, എങ്ങനെയാവും അനുഭവപ്പെടുക. ചിത്രത്തില്‍ ഒരിടത്ത് പോലും ക്രിസ്റ്റിക്ക് റോയിയെ ഇഷ്ടമാണെന്ന സൂചന നല്‍കുന്നില്ല. മൗനം സമ്മതം എന്ന് പറയുന്നത് മാറ്റി പറയേണ്ട കാലമാണിത്. യെസ് പറയാത്തിടത്തോളം അത് നോ തന്നെയാണ്.
ഇങ്ങനെ പോകുന്ന ചിത്രത്തിന്റെ സെക്കന്റ് ഹാഫിന് എയര്‍പോര്‍ട്ട് സംവിധാനം മുഴുവന്‍ റോയിയുടെ പ്രണയത്തിനൊപ്പം നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ആ സമയം റോയിയുടെ ആത്മാര്‍ത്ഥ പ്രണയത്തിന് മുമ്പില്‍ എയര്‍പോര്‍ട്ടിലെ സാങ്കേതിക നൂലാമാലകളെല്ലാം ഇല്ലാതാവുന്നു. സിനിമയില്‍ ഇതൊക്കെ ഒരു ‘മേക്ക് ബിലീഫാ’ക്കി എടുക്കാന്‍ സാധിക്കുന്നതാണെങ്കിലും പ്രേക്ഷകരെ അങ്ങനെ ഫീല്‍ ചെയ്യിപ്പിക്കുന്നതില്‍ ക്രിസ്റ്റി പരാജയപ്പെട്ടു. ഏത് എയര്‍പോര്‍ട്ടിലാണ് ഇങ്ങനെയൊക്കെ നടക്കുന്നത് എന്ന് പ്രേക്ഷകര്‍ക്ക് തോന്നുകയാണെങ്കില്‍ അവിടെ ആ ‘മേക്ക് ബിലീഫ്’ പരാജയപ്പെട്ടു എന്ന് അര്‍ത്ഥം.
എയര്‍പോര്‍ട്ടിലെ മാലിദ്വീപിയന്‍ യുവതി വന്ന് നിന്റെ പ്രണയമാണ് യഥാര്‍ത്ഥ പ്രണയമെന്ന് പറയുന്നുണ്ട്. വേണ്ടവിധത്തിലുള്ള സാങ്കേതിക സംവിധാനമില്ലാതെ പ്രേമത്തിന് വേണ്ടി വിമാനം കേറാന്‍ നോക്കുന്നത് ഉദാത്ത പ്രണയമല്ല, യുക്തിബോധമില്ലായ്മയാണ്.
Content Highlight: christy-roy relationship in christy movie