| Friday, 10th February 2023, 6:43 pm

ട്യൂഷന്‍ ചേച്ചിയോടുള്ള കൗമാരക്കാരന്റെ പ്രണയം; ക്രിസ്റ്റി ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാളവിക മോഹനന്‍, മാത്യു തോമസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന ക്രിസ്റ്റിയുടെ ട്രെയ്‌ലര്‍ പുറത്ത്. ക്രിസ്റ്റി എന്ന കൗമാരക്കാരന്റെ സ്‌കൂള്‍ ജീവതത്തിലൂടെയും പ്രണയത്തിലൂടെയുമൊക്കെയാണ് ട്രെയ്‌ലര്‍ കടന്നുപോകുന്നത്. പഠനത്തില്‍ ഉഴപ്പനായ ക്രിസ്റ്റിയെ പഠിപ്പിക്കാന്‍ ഒരു ട്യൂഷന്‍ ചേച്ചി വരുന്നു. പ്രായത്തില്‍ മുതിര്‍ന്ന ട്യൂഷന്‍ ചേച്ചിയോട് ക്രിസ്റ്റിക്ക് പ്രണയം തോന്നുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ക്രിസ്റ്റി പറയുന്നത്.

ടൊവിനോ തോമസ്, വിജയ് സേതുപതി, സാമന്ത, കത്രീന കൈഫ് എന്നിവരാണ് ക്രിസ്റ്റിയുടെ ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാളവിക പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധ നേടിയിരുന്നു.

ക്രിസ്റ്റിയില്‍ പ്രവര്‍ത്തിച്ചതിനെ കുറിച്ച് എന്ത് തോന്നുന്നുവെന്ന് മാളവിക മാത്യുവിനോട് ചോദിക്കുന്നതാണ് വീഡിയോയുടെ തുടക്കം. മനോഹരം എന്നാണ് മാത്യുവിന്റെ മറുപടി. മാളവിക മോഹനനുമായി ജോലി ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും മാത്യു പറയുന്നു. മാളവികയ്‌ക്കൊപ്പം ജോലി ചെയ്തത് എങ്ങനെയുണ്ട് എന്നായിരുന്നു താരത്തിന്റെ അടുത്ത ചോദ്യം. രസകരം, അവര്‍ സുന്ദരിയാണെന്നും മാത്യു പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

ബെന്യാമിനും ജി.ആര്‍. ഇന്ദുഗോപനും ഒത്തുചേര്‍ന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആനന്ദ് സി. ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. റോക്കി മൗണ്ടന്‍ സിനിമാ സിന്റ് ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്നാന്ന് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: christy movie trailer

We use cookies to give you the best possible experience. Learn more