ഓപ്പണ്‍ഹൈമര്‍; ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡ്; മികച്ച സംവിധായകനായി നോളന്‍
Film News
ഓപ്പണ്‍ഹൈമര്‍; ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡ്; മികച്ച സംവിധായകനായി നോളന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st December 2023, 6:38 pm

2023ലെ ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ക്രിസ്റ്റഫര്‍ നോളന്റെ ‘ഓപ്പണ്‍ഹൈമര്‍’ മികച്ച സംവിധായകനുള്ള അവാര്‍ഡ് ഉള്‍പ്പെടെ രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കി.

അണുബോംബിന്റെ സൃഷ്ടാവ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ബയോപിക് ആണ് നോളന്‍ ചിത്രം. ആറ്റംബോംബ് കണ്ടെത്തിയ മാന്‍ഹാട്ടന്‍ പ്രൊജക്ടിലെ പ്രധാന ശാസ്ത്രഞ്ജനായിരുന്നു ഓപ്പണ്‍ഹൈമര്‍. അദ്ദേഹത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

രണ്ടാം ലോകമഹായുദ്ധവും ആദ്യമായി ആറ്റംബോംബ് കണ്ടുപിടിച്ചതുമാണ് ഓപ്പണ്‍ഹൈമറിന്റെ കഥാപശ്ചാത്തലം. കിലിയന്‍ മര്‍ഫിയാണ് ചിത്രത്തില്‍ ഓപ്പണ്‍ഹൈമറിന്റെ വേഷത്തിലെത്തിയിരുന്നത്.

ഇത്തവണത്തെ ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് മാര്‍ട്ടിന്‍ സ്‌കോര്‍സെസെയുടെ ‘കില്ലേഴ്സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍’ ആണ്.

മികച്ച നടിയായി ചിത്രത്തില്‍ അഭിനയിച്ച ലില്ലി ഗ്ലാഡ്സ്റ്റോണും തെരഞ്ഞെടുക്കപ്പെട്ടു. ടോഡ് ഹെയ്ന്‍സിന്റെ ‘മെയ് ഡിസംബറി’നും രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കാന്‍ സാധിച്ചു.

ഇത്തവണ ‘ഓപ്പണ്‍ഹൈമര്‍’, ‘ബാര്‍ബി’, ‘മെയ് ഡിസംബര്‍’, ‘നെപ്പോളിയന്‍’, ‘കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍’ എന്നിവ ഉള്‍പ്പെടെ നിരവധി സിനിമകള്‍ പരിഗണനയില്‍ ഉണ്ടായിരുന്നു.

എന്നാല്‍ ‘ബാര്‍ബി’ക്ക് ഒരു അവാര്‍ഡ് പോലും നേടാന്‍ സാധിച്ചില്ല. ഓപ്പണ്‍ഹൈമറും ബാര്‍ബിയും ക്ലാഷ് റിലീസായി എത്തിയത് ഈ വര്‍ഷം ജൂലൈ 21നായിരുന്നു. മികച്ച പ്രതികരണമായിരുന്നു ഇരു ചിത്രങ്ങള്‍ക്കും ആഗോളതലത്തില്‍ ലഭിച്ചിരുന്നത്.

അതേസമയം, കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡില്‍ മികച്ച സംവിധായകനായി എസ്.എസ് രാജമൗലിയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ‘ആര്‍.ആര്‍.ആര്‍’ സിനിമക്കായാണ് അദ്ദേഹം അവാര്‍ഡ് നേടിയത്.

Content Highlight: Christopher Nolan Wins Best Director Award In New York Film Critics Circle For Oppenheimer