ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രം ഓപ്പന്‍ഹൈമറിന്റെ ടീസര്‍ റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്.
റിലീസ് പ്രഖ്യാപിച്ച ദിവസം തന്നെ ടീസര്‍ ലീക്കായി ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴാണ് ഔദ്യോഗികമായി ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ യൂണിവേഴ്സല്‍ പിക്ചേഴ്സിന്റെ യൂട്യുബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായികഴിഞ്ഞു.
2023 ജൂലൈ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. വിഷയത്തിലെയും മേക്കിങ്ങിലെയും സങ്കീര്‍ണതകള്‍ക്കൊണ്ട് ശ്രദ്ധയാകര്‍ശിച്ച നോളന്‍ ഇത്തവണയും ഞെട്ടിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമറിന്റെ കഥയാണ് ഓപ്പന്‍ഹൈമറില്‍ നോളന്‍ പറയുന്നത്.
രണ്ടാം ലോകമഹായുദ്ധവും ആദ്യമായി ആറ്റംബോംബ് കണ്ടുപിടിച്ചതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ആറ്റംബോംബ് കണ്ടെത്തിയ മാന്‍ഹാട്ടന്‍ പ്രൊജക്ടിലെ പ്രധാന ശാസ്ത്രഞ്ജനായിരുന്നു ഓപ്പന്‍ഹൈമര്‍. അദ്ദേഹത്തിന്റെ ജീവിതം പ്രധാന പ്രമേയമാക്കിയാണ് ചിത്രമെത്തുന്നത്.
ഇന്‍സെപ്ഷനും ഇന്റര്‍സ്റ്റെല്ലാറും ഡണ്‍കിര്‍ക്കും ടെനറ്റുമെല്ലാമൊരുക്കിയ നോളന്‍ ഓപ്പന്‍ഹൈമറില്‍ പ്രേക്ഷകര്‍ക്കായി കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍.
ബി.ബി.സി സീരിസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലൂടെ ശ്രദ്ധേയനായ കിലിയന്‍ മര്‍ഫി, ഹോളിവുഡ് സൂപ്പര്‍ താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് മുമ്പ് ക്രിസ്റ്റഫര്‍ നോളന്‍ ചിതം ടെനെറ്റിന്റെ എഡിറ്റര്‍ ആയിരുന്ന ജെന്നിഫര്‍ ലാം ആണ്.
Content Highlight : Christopher Nolan’s Oppenheimer offical teaser released