| Friday, 8th November 2024, 10:36 pm

നോളന്റെ ദൃശ്യവിസ്മയം ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനിലേക്കെത്തുന്നു, പക്ഷേ ഇന്ത്യയിലെ സിനിമാപ്രമികള്‍ക്ക് ആസ്വദിക്കാന്‍ യോഗമില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടും ആരാധകരുള്ള ഹോളിവുഡ് സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. ഓരോ സിനിമയും പ്രേക്ഷകനെ ആഴത്തില്‍ ചിന്തിപ്പിക്കുന്നതും മറക്കാനാകാത്ത ദൃശ്യവിസ്മയം നല്‍കുന്നതുമാണ് നോളന്റെ സിനിമകളുടെ പ്രത്യേകത. ആദ്യചിത്രമായ ഫോളോവിങ് മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഓപ്പന്‍ഹൈമര്‍ വരെ നോളന്റ സംവിധാന വൈദഗ്ധ്യം എടുത്തുകാണിക്കുന്നവയാണ്. ഓപ്പന്‍ഹൈമറിലൂടെ കരിയറിലെ ആദ്യ ഓസ്‌കര്‍ അവാര്‍ഡും നോളന്‍ സ്വന്തമാക്കി.

നോളന്റെ ഫിലിമോഗ്രഫിയില്‍ ഏറ്റവുമധികം ആരാധകരുള്ള ചിത്രമാണ് ഇന്റര്‍സ്റ്റെല്ലാര്‍. 2014ല്‍ റിലീസായ സയന്‍സ് ഫിക്ഷന്‍ ചിത്രം ഇന്നും പലര്‍ക്കും അത്ഭുതമാണ്. സയന്‍സ് ഫിക്ഷനോടൊപ്പം ഒരു അച്ഛനും മകളും തമ്മിലുള്ള മനോഹരബന്ധത്തെയും നോളന്‍ ഇന്റര്‍സ്‌റ്റെല്ലാറില്‍ വരച്ചുകാട്ടിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ 10ാം വര്‍ഷികത്തോടനുബന്ധിച്ച് സന്തോഷകരമായ വാര്‍ത്തയാണ് നിര്‍മാതാക്കള്‍ പങ്കുവെച്ചത്.

ചിത്രത്തിന്റെ പത്താം വാര്‍ഷികം കണക്കിലെടുത്ത് ഐമാക്‌സ് വേര്‍ഷനില്‍ ഇന്റര്‍സ്റ്റെല്ലാര്‍ റീ റിലീസ് ചെയ്യുന്നു എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ഡിസംബര്‍ ആറിന് ഐമാക്‌സ് സ്‌ക്രീനുകളില്‍ ഇന്റര്‍സ്‌റ്റെല്ലാര്‍ റീ റിലീസ് ചെയ്യും. എന്നാല്‍ ഇന്ത്യയിലെ സിനിമാപ്രേമികള്‍ക്ക് ഈ വാര്‍ത്തയില്‍ സന്തോഷിക്കാനുള്ള വകയില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമേ ഇന്റര്‍സ്‌റ്റെല്ലാര്‍ റീ റിലീസ് ചെയ്യുള്ളൂവെന്നാണ് നിര്‍മാതാക്കളായ പാരാമൗണ്ട് പിക്‌ചേഴ്‌സ് അറിയിച്ചത്.

അമേരിക്കയിലെ സ്റ്റേറ്റുകളായ അരിസോണ, ഇന്‍ഡ്യാന, ഫ്‌ളോറിഡ, ടെക്‌സാസ്, കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ മാത്രമേ ഐമാക്‌സ് റിലീസ് ചെയ്യുള്ളൂവെന്നാണ് അറിയിച്ചത്. ഒരോ സിനിമാപ്രേമിയും ബിഗ് സ്‌ക്രീനില്‍ ഒരിക്കല്‍കൂടി കാണാന്‍ ആഗ്രഹിക്കുന്ന ദൃശ്യവിസ്മയം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ചിത്രമാണ് ഇന്റര്‍സ്റ്റെല്ലാര്‍. എന്നാല്‍ അതിനുള്ള യോഗം ഇല്ലാത്തതിന്റെ നിരാശയിലാണ് ഇന്ത്യയിലെ സിനിമാപ്രേമികള്‍.

ഓപ്പന്‍ഹൈമറിന് ശേഷം നോളന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള റൂമറുകളും സിനിമാലോകത്ത് സജീവമാണ്. 1920കളില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാറ്റ് ഡാമന്‍, ടോം ഹോളണ്ട് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയേക്കുമെന്നും റൂമറുകളുണ്ട്. ഹൊറര്‍ ഡ്രാമാ ഴോണറിലാകും ചിത്രം ഒരുങ്ങുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Christopher Nolan’s Interstellar going to Re Release in selected screens

We use cookies to give you the best possible experience. Learn more