ലോകമെമ്പാടും ആരാധകരുള്ള ഹോളിവുഡ് സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍ (Christopher Nolan). ഓരോ സിനിമയും പ്രേക്ഷകനെ ആഴത്തില്‍ ചിന്തിപ്പിക്കുന്നതും മറക്കാനാകാത്ത ദൃശ്യവിസ്മയം നല്‍കുന്നതുമാണ് നോളന്റെ സിനിമകളുടെ പ്രത്യേകത. ആദ്യചിത്രമായ ഫോളോയിങ് മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഓപ്പന്‍ഹൈമര്‍ വരെ നോളന്റ സംവിധാന വൈദഗ്ധ്യം എടുത്തുകാണിക്കുന്നവയാണ്. ഓപ്പന്‍ഹൈമറിലൂടെ കരിയറിലെ ആദ്യ ഓസ്‌കര്‍ അവാര്‍ഡും നോളന്‍ സ്വന്തമാക്കി.
ഇപ്പോള്‍ ഈ വര്‍ഷം ഇറങ്ങിയ ചിത്രങ്ങളില്‍ തന്നെ അത്ഭുതപ്പെടുത്തിയ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ക്രിസ്റ്റഫര്‍ നോളന്‍. ഡെനിസ് വില്ലേന്യൂവേ ( Denis Villeneuve) ഒരുക്കിയ ഡ്യൂണ്‍ 2 (Dune: Part Two) എന്ന സിനിമ അത്ഭുത സൃഷ്ടിയാണെന്ന് ക്രിസ്റ്റഫര്‍ നോളന്‍ പറയുന്നു.
‘ഡ്യൂണ്‍ സിനിമയുടെ രണ്ടാം പകുതി കഥയ്ക്ക് അവിശ്വസനീയമായ അവസാനമാണ് നല്‍കിയിരിക്കുന്നത്. എന്തൊരു ശ്രദ്ധേയമായ, അദ്ഭുതകരമായ സൃഷ്ടിയാണ് ഈ ചിത്രം! എനിക്ക്, ഡ്യൂണ്‍ സ്റ്റാര്‍ വാര്‍സ് പോലെയാണെങ്കില്‍, ഡ്യൂണ്‍ 2 ദി എംപയര്‍ സ്ട്രൈക്ക്‌സ് ബാക്ക് ആണ്, എന്റെ പ്രിയപ്പെട്ട സ്റ്റാര്‍ വാര്‍സ് ചിത്രങ്ങളാണ് ഇവ രണ്ടും.
ഡ്യൂണിന്റെ ആദ്യ ഭാഗം അവതരിപ്പിച്ചതിന്റെ ഒരു വലിയ വിപുലീകരണമാണ് ഡ്യൂണ്‍ 2 എന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ ശരിക്കും ഞെട്ടിയത് ഡ്യൂണിന്റെ ലോകം കണ്ടിട്ടായിരുന്നു. സത്യത്തില്‍ ഞാന്‍ അതില്‍ മുഴുകിയിരിക്കുകയായിരുന്നു.
ഇത് വളരെ തനതായ ഒരുപാട് കാഴ്ചകളുള്ള ഒരു ചിത്രമാണ്. ഈ സിനിമയില്‍ നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത നിരവധി കാര്യങ്ങള്‍ കാണാന്‍ കഴിയും. എല്ലാ കാര്യങ്ങളും അത്രയും ഡീറ്റിയല്‍ ആയാണ് കാണിക്കുന്നത്. അതെന്നെ ശരിക്കും അത്ഭുതപ്പെടുത്തി,’ ക്രിസ്റ്റഫര്‍ നോളന്‍ പറയുന്നു.
ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്റെ 1965ലെ സയന്‍സ് ഫിക്ഷന്‍ നോവലിന്റെ രണ്ടാം പകുതിയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് ഡ്യൂണ്‍ 2.
ഡ്യൂണ്‍ 2 ന്റെ ആദ്യ ഭാഗം ‘ഡ്യൂണ്‍: പാര്‍ട്ടി വണ്‍’ മികച്ച ചിത്രം ഉള്‍പ്പെടെ പത്ത് അക്കാദമി അവാര്‍ഡ് നോമിനേഷനുകള്‍ നേടിയിരുന്നു. കൂടാതെ ഒറിജിനല്‍ മ്യൂസിക്, ശബ്ദം, ഫിലിം എഡിറ്റിങ്, ഛായാഗ്രഹണം, പ്രൊഡക്ഷന്‍ ഡിസൈന്‍, വിഷ്വല്‍ ഇഫക്റ്റുകള്‍ എന്നിവയ്ക്കുള്ള ഓസ്‌കര്‍ നേടി. ആദ്യ ഭാഗം ആഗോള ബോക്സ് ഓഫീസില്‍ 400 മില്യണ്‍ ഡോളറിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.
2025ന്റെ അവസാനത്തോടെയോ 2026 ന്റെ തുടക്കത്തിലോ ഡ്യൂണ്‍ ഫിലിം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം ഡ്യൂണ്‍ 3യുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ഡെഡ്ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Christopher Nolan praises Denis Villeneuve’s Dune 2