2023ഉം കൈപ്പിടിയിലാക്കാന്‍ മെഗാ; ക്ലാസും മാസും ഒരുമിച്ച ക്രിസ്റ്റഫര്‍ ടീസര്‍
Film News
2023ഉം കൈപ്പിടിയിലാക്കാന്‍ മെഗാ; ക്ലാസും മാസും ഒരുമിച്ച ക്രിസ്റ്റഫര്‍ ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st January 2023, 6:33 pm

മമ്മൂട്ടി- ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള വലിയ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് ഇറങ്ങിയ പോസ്റ്ററുകളും എല്ലാം തന്നെ ആരാധകരെ വീണ്ടും വീണ്ടും ആവേശത്തിലാക്കിയിരുന്നു. പ്രേക്ഷകരുടെ ആകാംക്ഷ ഒന്ന് കൂടി ഉയര്‍ത്തികൊണ്ട് ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
വില്ലനില്‍ നിന്നും ആരംഭിച്ച് നായകനിലാണ് ടീസര്‍ അവസാനിക്കുന്നത്. മമ്മൂട്ടിയുടെ സ്‌ക്രീന്‍ പ്രസന്‍സ് തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്.

‘ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് ശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010ല്‍ പുറത്തിറങ്ങി പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.

സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ മറ്റൊരു സുപ്രധാന വേഷത്തില്‍ തെന്നിന്ത്യന്‍ താരം വിനയ് റായും ആദ്യമായി മലയാളത്തില്‍ എത്തുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ടെന്നുള്ളതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

ആര്‍.ഡി. ഇലുമിനേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിങ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആര്‍.ഒ: പി. ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlight: christopher movie teaser starring mammootty