| Thursday, 9th February 2023, 8:30 pm

Christopher Review | ആറാട്ടായിട്ടില്ല ക്രിസ്റ്റഫര്‍

അന്ന കീർത്തി ജോർജ്

സ്‌പോയ്‌ലറുകള്‍ ഉണ്ടായേക്കാം, സിനിമ കണ്ട ശേഷം റിവ്യു വായിക്കുക

ഈ സിനിമയിലെ നായകന്‍ ഏജന്റല്ല, രഹസ്യ പൊലീസല്ല – ടൈറ്റിലിലും ട്രെയ്‌ലറിലും കണ്ടതുപോലെ തന്നെ ആദ്യാവസാനം ക്രിസ്റ്റഫര്‍ തന്നെയാണ്. ഉദയകൃഷ്ണ തിരക്കഥയെഴുതിയ ക്രിസ്റ്റഫറിന് അവകാശപ്പെടാനാകുന്ന ഏറ്റവും വലിയ പുതുമ ഇതാണ്. സ്ത്രീകളെ അധിക്ഷേപിക്കുന്ന, സ്ത്രീവിരുദ്ധമായ ഡബിള്‍ മീനിങ് എന്ന മേമ്പൊടിയോടെ എത്തുന്ന വൃത്തികെട്ട തമാശകളും ചിത്രത്തിലില്ല. അതും ഒരു ആശ്വാസമാണ്.

ചിത്രത്തിന്റെ ആദ്യ പകുതി മുഴുവന്‍ ക്രിസ്റ്റഫര്‍ എന്ന കഥാപാത്രത്തെ കുട്ടിക്കാലവും ഫ്‌ളാഷ്ബാക്കും നിറഞ്ഞ ബില്‍ഡപ്പാണ്. ഇവിടെ വിവരിക്കുന്ന ഓരോ സംഭവവും ആവര്‍ത്തനങ്ങളാണ്. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുമ്പോള്‍ ക്രിസ്റ്റഫറിന്റെ പാന്റ്‌സും ഷര്‍ട്ടും മാറുന്നതല്ലാതെ മറ്റ് വ്യത്യാസങ്ങളില്ല.

ആക്ഷനും ബി.ജി.എമ്മും ചേര്‍ത്ത് നായകന് പഞ്ച് നല്‍കുക എന്നതില്‍ കവിഞ്ഞതൊന്നും ഈ ഭാഗങ്ങളിലില്ല. ചിത്രത്തിന്റെ തുടക്കത്തിലും ഇന്റര്‍വെല്ലിന് തൊട്ടുമുമ്പും വില്ലന്‍ കഥാപാത്രത്തിന്റെ കുറച്ച് ഷോട്ടുകള്‍ ഉള്‍പ്പെടുത്തിയത് മാത്രമാണ് സിനിമ തുടര്‍ന്നും കാണാന്‍ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം. സിനിമയില്‍ ഇയാളുടെ റോള്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ മാത്രമാണ് ആദ്യ പകുതിക്ക് ശേഷം ബാക്കിയാകുന്നത്.

സ്ത്രീകളെ ലൈംഗികമായി അതിക്രമിക്കുന്നവരെ എന്‍കൗണ്ടര്‍ കില്ലിങ്‌സിലൂടെ കൊല്ലുന്ന പൊലീസുകാരനും അയാളെ വാഴ്ത്തുന്ന ജനങ്ങളും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും എന്ന നിലയിലാണ് സിനിമയുടെ കഥ മുന്നോട്ടുനീങ്ങുന്നത്. സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്ക് മുമ്പില്‍ സംഹാരമൂര്‍ത്തിയാവുക എന്ന ക്രിസ്റ്റഫര്‍ എന്ന കഥാപാത്രത്തിന്റെ ഈ സ്വഭാവത്തിന് ആദ്യവസാനം മാറ്റമില്ല. സ്ത്രീകളെ പീഡിപ്പിച്ചവരോട് പ്രതികാരം ചെയ്‌തേ അദ്ദേഹം അടങ്ങൂ.

എക്‌സ്ട്രാ ജുഡീഷ്യല്‍ കില്ലിങ്‌സിനെ വാഴ്ത്തിപ്പാടുന്ന സിനിമയാണ് ക്രിസ്റ്റഫര്‍. പൊലീസുകാര്‍ നടത്തുന്ന എന്‍കൗണ്ടര്‍ കൊലകളിലെ അപകടങ്ങളെ സെക്കന്റുകള്‍ മാത്രമുള്ള ചാനല്‍ ചര്‍ച്ചാ ക്ലിപ്പുകളിലൂടെയും ചില ഡയലോഗുകളിലൂടെയും മാത്രമാണ് സിനിമയില്‍ പരാമര്‍ശിച്ചെങ്കിലും പോകുന്നത്.

മറ്റെല്ലാ രീതിയിലും നിയമവാഴ്ചക്ക് പുറത്തുള്ള ഈ ക്രൂരതയെ സിനിമ പൂര്‍ണമായും അംഗീകരിക്കുകയാണ്. അതിനുവേണ്ട വൈകാരികവും സാമൂഹ്യവും ‘നീതിപൂര്‍വവുമായ’ എല്ലാ കാരണങ്ങളും സിനിമ നിരത്തുന്നുണ്ട്. നിയമവ്യവസ്ഥയും പൊലീസ് സംവിധാനത്തിലെ പിഴവുകളുമെല്ലാം ഒരു വിചാരണക്കും കാത്തുനില്‍ക്കാതെ ആളുകളെ വെടിവെച്ച് കൊല്ലാന്‍ ‘വിജിലാന്റെ’ ആയ പൊലീസുകാര്‍ക്ക് ലൈസന്‍സാണെന്നാണ് ചിത്രം പറയുന്നത്. ജസ്റ്റിസ് ഡിലെയ്ഡ് ഈസ് ജസ്റ്റിസ് ഡിനയ്ഡ് എന്ന ക്രിസ്റ്റഫറിന്റെ പഞ്ച് ഡയലോഗാണ് സിനിമയുടെ അടിസ്ഥാന ആശയം. ആ നീതി വൈകിപ്പിക്കാതിരിക്കാനുള്ള ഏക മാര്‍ഗം ഈ കൊലകളാണെന്നും ചിത്രം പറയുന്നു.

വളരെ ക്രൂരമായ രീതിയില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നവരെ കൊല്ലനാണ് നായകനായ പൊലീസുകാരന്‍ മുന്നിട്ടറങ്ങുന്നതും മറ്റ് പൊലീസുകാര്‍ ഒപ്പം നില്‍ക്കുന്നതും. സിനിമയെ മുഴുവന്‍ ആ രീതിയില്‍ പ്ലേസ് ചെയ്തുകൊണ്ട് പ്രേക്ഷകര്‍ എക്‌സ്ട്രാ ജുഡീഷ്യല്‍ കില്ലിങ്ങ്‌സിനോടൊപ്പം നില്‍ക്കണമെന്ന നിര്‍ബന്ധ ബുദ്ധിയും സംവിധായകനും തിരക്കഥാകൃത്തും ആവര്‍ത്തിച്ചു പ്രകടിപ്പിക്കുന്നുണ്ട്.

ജന ഗണ മന പോലെയുള്ള സിനിമകള്‍ എക്‌സ്ട്ര ജുഡീഷ്യല്‍ കില്ലിങ്‌സിലെ ഗുരുതരമായ അപകടങ്ങള്‍ വ്യക്തമായി കാണിച്ചതൊക്കെ തീര്‍ച്ചയായും ക്രിസ്റ്റഫര്‍ കാണുമ്പോള്‍ ഓര്‍മ വരും. (എക്‌സ്ട്രാ ജുഡീഷ്യല്‍ കില്ലിങ്‌സിനെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകള്‍ കമന്റുകളില്‍ പങ്കുവെക്കണം).

മമ്മൂട്ടി ക്രിസ്റ്റഫറായി തിയേറ്ററില്‍ ആഘോഷമാക്കാനുള്ള പ്രകടനം പുറത്തെടുക്കുന്നുണ്ട്. കടുപ്പക്കാരനും ജീവിതത്തില്‍ ഒട്ടേറെ നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നതിനാല്‍ മുറിവേറ്റവനുമായ ക്രിസ്റ്റഫറെ മമ്മൂട്ടി മികച്ച രീതിയില്‍ തന്നെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷന്‍ സീക്വന്‍സുകളും തരക്കേടില്ലായിരുന്നു.

സൂര്യ നായകനായ എതര്‍ക്കും തുനിന്തവനിലെ വിനയ് റായ്‌യുടെ കഥാപാത്രത്തെ കണ്ടായിരിക്കണം ഈ ചിത്രത്തിലേക്ക് വിളിച്ചതെന്ന് വേണം കരുതാന്‍. അത്രമേല്‍ സാമ്യമാണ് എതര്‍ക്കും തുനിന്തവനിലെ ഇന്‍മ്പശേഖരനും ക്രിസ്റ്റഫറിലെ ത്രിമൂര്‍ത്തിയും തമ്മില്‍. അവതരണത്തിലും കുറച്ചൊക്കെ സാമ്യമുണ്ട്. വിനയ് റായ് തന്റെ ഭാഗങ്ങള്‍ വലിയ സ്‌ക്രീന്‍ പ്രസന്‍സോടെ അവതരിപ്പിച്ചിട്ടുണ്ട്.

അമല പോളിനും ഐശ്വര്യ ലക്ഷ്മിക്കും സ്‌നേഹക്കും തങ്ങള്‍ വരുന്ന ഭാഗങ്ങളില്‍ കുറച്ചൊക്കെ ചെയ്യാനുണ്ടായിരുന്നു. ഷൈന്‍ ടോം ചാക്കോയുടെ പൊലീസ് വേഷം ചിരി പടര്‍ത്തി.

അഭിനേതാക്കളുടെ പ്രകടനത്തെ വേണ്ട രീതിയില്‍ അണിയിച്ചൊരുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ടെങ്കിലും കഥാപാത്രങ്ങളുടെ ബാഹുല്യവും മികച്ച കഥാപാത്രസൃഷ്ടിയില്ലാത്തതും സിനിമക്ക് തിരിച്ചടിയാണ്.

ജസ്റ്റിന്‍ വര്‍ഗീസിന്റെ ബി.ജി.എം ക്രിസ്റ്റഫറിന് ആവശ്യമായ സ്വാഗും പഞ്ചും നല്‍കുന്നതില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. പക്ഷെ, ഇടതടവില്ലാതെ ഈ ബി.ജി.എം കയറിവരുന്നത് ആ പശ്ചാത്തല സംഗീതം ആസ്വദിക്കാനാകാത്ത സ്ഥിതിയുണ്ടാക്കിയിരുന്നു.

ബി. ഉണ്ണികൃഷ്ണന്‍-ഉദയകൃഷ്ണ കൂട്ടുക്കെട്ടിലിറങ്ങിയ മുന്‍ ചിത്രമായ ആറാട്ടുമായി താരമത്യം ചെയ്യുമ്പോള്‍ ക്രിസ്റ്റഫര്‍ മെച്ചപ്പെട്ട സിനിമയാണെന്ന് പറയാം. നായകനില്ലെങ്കിലും, ബാക്കി പലര്‍ക്കും ഐഡിന്റിറ്റിയില്‍ കുറച്ച് ട്വിസ്റ്റുകള്‍ ഉദയകൃഷ്ണ നല്‍കിയിട്ടുണ്ട്. അങ്ങനെയല്ലാതെ അദ്ദേഹത്തിന് തിരക്കഥയെഴുതാന്‍ കഴിയില്ലെന്ന് തോന്നുന്നു. ഈ തിരക്കഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ബി. ഉണ്ണികൃഷ്ണന്റെ സംവിധാനം തരക്കേടില്ലാതെ നില്‍ക്കുന്നുണ്ട്.

പക്ഷെ ഈ സിനിമ കഴിയുമ്പോള്‍ കുറെ ചോദ്യങ്ങള്‍ ബാക്കിയാക്കുന്നുണ്ട്. ക്രിസ്റ്റഫര്‍ കഴിഞ്ഞതിന് ശേഷം ആ കഥ മുഴുവന്‍ ക്രോണോളജിക്കലി ആലോചിച്ചെടുക്കാന്‍ ഒരു കഷ്ടപ്പാടുണ്ടായിരുന്നു. സിനിമയുടെ ക്ലൈമാക്‌സ് കണ്ടപ്പോള്‍ എന്തിനായിരുന്നു വില്ലനോട് ഇത്രയും നാള്‍ ഇങ്ങനെ പെരുമാറിയതെന്നും തോന്നിയിരുന്നു. ചിത്രത്തിലെ ചില കഥാപാത്രങ്ങളുടെ അതുവരെയുള്ള ആക്ഷനും പലരുടെയും മരണങ്ങളും വരെ എന്തിനാണെന്നും തോന്നിയിരുന്നു.

ചിത്രത്തില്‍ വളരെ ബ്ലഡിയായ നിരവധി പീഡനരംഗങ്ങളുണ്ട്. ഈ കുറ്റകൃത്യത്തിലെ ക്രൂരത പ്രേക്ഷകരോട് സംവദിക്കാന്‍ വേണ്ടിയായിരിക്കാം ഇവ ഇങ്ങനെ ചിത്രീകരിച്ചത്. പക്ഷെ കാമ്പില്ലാത്ത ഒരു കഥയില്‍ ഇവ  ആവര്‍ത്തിച്ചാവര്‍ത്തിച്ച് വരുന്നത് തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ആ ഭീകരതയൊന്നും മനസില്‍ അവശേഷിപ്പിക്കില്ല. അത്തരമൊരു ഒന്നുമില്ലാത്ത അവസ്ഥയാണ് ക്രിസ്റ്റഫറും ബാക്കിയാക്കുന്നത്.

Content Highlight: Christopher Movie Review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more