| Sunday, 9th April 2023, 4:09 pm

കാൻസർ ബാധിതയായ അമ്മയെ അപമാനിച്ചു; എതിർ ടീം ആരാധകനെതിരെ പൊട്ടിത്തെറിച്ച് പി.എസ്.ജി പരിശീലകൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് ടോപ്പ് ഡിവിഷൻ ഫുട്ബോൾ ലീഗായ ലീഗ് വണ്ണിലെ ആദ്യ സ്ഥാനം സുരക്ഷിതമാക്കിയിരിക്കുകയാണ് പി.എസ്.ജി.
ഞായറാഴ്ച നടന്ന മത്സരത്തിൽ നൈസിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് കടുത്ത മത്സരം നടക്കുന്ന ലീഗിൽ പി.എസ്.ജിയുടെ ഒന്നാം സ്ഥാനം സുരക്ഷിതമായത്.

മെസി, സെർജിയോ റാമോസ് എന്നിവരാണ് പാരിസ് ക്ലബ്ബിനായി വിജയഗോളുകൾ സ്വന്തമാക്കിയത്.

എന്നാൽ മത്സരത്തിൽ നൈസിന്റെ ആരാധകരിലൊരാൾ പി.എസ്.ജിയുടെ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയറുടെ മാതാവിനെ അപമാനിച്ച് ബാനർ ഉയർത്തിയത് വലിയ തോതിലുള്ള വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിനെത്തുടർന്ന് ഗാൾട്ടിയർ നൈസിന്റെ പ്ലെയേഴ്സിനോടും ലീഗ് അധികൃതരോടും വിഷയത്തിൽ പരാതി ഉന്നയിച്ചിരുന്നു.

മത്സരശേഷമുള്ള പത്രസമ്മേളനത്തിലും വിഷയത്തെ സംബന്ധിച്ച് രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരണം നടത്തിയത്.
‘ഞാൻ എന്ത്‌ കൊണ്ടാണ് ഇത്തരത്തിൽ റിയാക്ട് ചെയ്തതെന്നോ? നിങ്ങൾ ആ ബാനർ കണ്ടതല്ലേ? അതിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് വായിച്ചതല്ലേ? നിങ്ങൾ അവർ പറഞ്ഞത് കേട്ടില്ലേ? എന്റെ അമ്മക്ക് 83 വയസുണ്ട്. കൂടാതെ അവർ കാൻസറിൽ നിന്നും പതിയെ റിക്കവറാവുന്നതേയുള്ളൂ,’ ഗാൾട്ടിയർ പറഞ്ഞു.

മത്സരത്തിൽ നൈസ് ആരാധകന്റെ ചെയ്തിക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷനും കാണിക്കെതിരെ നടപടിയെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

അതേസമയം ലീഗ് വണ്ണിൽ 30 മത്സരങ്ങളിൽ നിന്നും 22 വിജയങ്ങളുമായി 69 പോയിന്റാണ് പി.എസ്.ജിയുടെ സമ്പാദ്യം.

ഏപ്രിൽ 16ന് ലെൻസിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Christophe Galtier tals about controversial banner against his mother

We use cookies to give you the best possible experience. Learn more