ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങള്‍ ദീര്‍ഘനാളുകള്‍ക്ക് ശേഷം വീണ്ടും ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. പി.എസ്.ജിയുടെ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയും അല്‍ നസറിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വ്യാഴാഴ്ച റിയാദ് കിങ് അല്‍ ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സീസണ്‍ കപ്പ് ഫുട്‌ബോളിലാണ് ഏറ്റുമുട്ടുന്നത്.
ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം നില്‍ക്കെ മത്സരത്തെ കുറിച്ച് തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് പി.എസ്.ജി കോച്ച് ക്രിസറ്റഫ് ഗാള്‍ട്ടിയര്‍.
ഇരുവരും ഏറ്റുമുട്ടുന്നത് അന്താരാഷ്ട്ര ഫുട്‌ബോളിന് ഗുണം ചെയ്യുമെന്നും മിഡില്‍ ഈസ്്റ്റിലും വലിയ രീതിയിലുള്ള പ്രൊമോഷന്‍ ലഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
‘മെസിയും റോണോയും ഏറ്റുമുട്ടുമ്പോള്‍ ലോക ഫുട്‌ബോളിന് തന്നെ ഗുണം ചെയ്യും. മിഡില്‍ ഈസ്റ്റിലെ ഫുട്‌ബോളിന് വലിയ രീതിയില്‍ പുരോഗമനം ഉണ്ടാക്കും. ഇരുവരുടെയും പോരാട്ടം കാണാന്‍ വലിയ ജനക്കൂട്ടം ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.
ഇതൊരു സൗഹൃദ മത്സരമായി തോന്നുന്നില്ലെന്നും ഒത്തിരി മികച്ച താരങ്ങള്‍ അണിനിരക്കുന്നതിനാല്‍ ളരെ ശക്തമായ ഏറ്റുമുട്ടല്‍ ആയിരിക്കും നടക്കുകയെന്നും ഗാള്‍ട്ടിയര്‍ പറഞ്ഞു.
അല്‍ നസറിലെത്തിയതിന് ശേഷമുള്ള റൊണാള്‍ഡോയുടെ ആദ്യ മത്സരം കൂടിയാണിത്. പി.എസ്.ജിയില്‍ മെസിക്കൊപ്പം സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബാപ്പെയും നെയ്മര്‍ ജൂനിയറും ഇറങ്ങും.
കഴിഞ്ഞ മത്സരത്തില്‍ തോല്‍വിയേറ്റ് വാങ്ങിയാണ് പി.എസ്.ജി സൗഹൃദ മത്സരം കളിക്കാന്‍ ഇറങ്ങുന്നത്. ലോകകപ്പിന് ശേഷം മികച്ച ഫോം കണ്ടെത്താന്‍ കഴിയാത്ത പി.എസ്.ജിക്ക് ഈ സൗഹൃദമത്സരം അതിനുള്ള അവസരം കൂടിയാണ്.
ജനുവരി 19ന് ഇന്ത്യന്‍ സമയം രാത്രി 10.30നാണ് (സൗദി സമയം 8 മണി) മത്സരം നടക്കുക. ഇന്ത്യയില്‍ മത്സരം ടെലികാസ്റ്റ് ഉണ്ടാകില്ല. അതേസമയം പി.എസ്.ജിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ മത്സരം സ്ട്രീമിങ് നടത്തും.