| Wednesday, 1st February 2023, 3:45 pm

പി.എസ്.ജിയുടെ സൂപ്പര്‍ ട്രയോയില്‍ ഒരാള്‍ പുറത്താകുമോ? വിശദീകരണം നല്‍കി കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ബുധനാഴ്ച രാത്രി ലീഗ് വണ്ണില്‍ നടക്കാനിരിക്കുന്ന മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് പി.എസ്.ജി. മോണ്‍ഡ്പെല്ലിയറിനെതിരെയാണ് വമ്പന്മാരുടെ മത്സരം. കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ റെയിംസിനെതിരെ നടന്ന മത്സരത്തില്‍ പി.എസ്.ജി സമനില വഴങ്ങുകയായിരുന്നു.

മത്സരത്തില്‍ സൂപ്പര്‍താരം നെയ്മര്‍ ഒരു ഗോള്‍ നേടി പി.എസ്.ജിയുടെ ലീഡ് ഉയര്‍ത്തിയെങ്കിലും കളിയുടെ അവസാനം റെയിംസ് സമനില ഗോള്‍ നേടി.

ലോകകപ്പിനുശേഷം ആദ്യമായി സ്റ്റാര്‍ട്ടിങ് ഇലവനില്‍ തന്നെ മെസി, എംബാപ്പെ, നെയ്മര്‍ എന്നിവരെ അണിനിരത്തി 4-2-4 ഫോര്‍മേഷനിലാണ് കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ ടീമിനെ ഇറക്കിയത്. എന്നാല്‍ പ്രമുഖ താരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും തുടക്കം മുതല്‍ റെയിംസ് ആധിപത്യം പുലര്‍ത്തുകയായിരുന്നു.

വരാനിരിക്കുന്ന മത്സരത്തില്‍ ടീം ബാലന്‍സിങ്ങിന് മൂന്ന് സൂപ്പര്‍താരങ്ങളില്‍ ഒരാളെ പുറത്തിരുത്തുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍. അങ്ങനെ ചെയ്യുന്നത് വിഡ്ഢിത്തമാകുമെന്നും നിലവിലെ പ്രകടനത്തില്‍ സംതൃപ്തരല്ലാത്തതിനാല്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ഗാള്‍ട്ടിയര്‍ പറഞ്ഞു.

‘നിങ്ങള്‍ ഒരു കോച്ച് ആയിരിക്കുമ്പോള്‍ ഈ തരത്തിലുള്ള പ്രകടനങ്ങളും മത്സര ഫലവും ഒരിക്കലും സംതൃപ്തനാക്കില്ല. തീര്‍ച്ചയായും പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കും. ഞാനെന്റെ കളിക്കാരോട് എല്ലാ ദിവസവും സംസാരിക്കും. ഈ ആഴ്ച എല്ലാവരും വളരെ നന്നായി ജോലി ചെയ്തിട്ടുണ്ട്. അത് പക്ഷേ കളിയില്‍ കാണാന്‍ കഴിഞ്ഞില്ല,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.

ഞങ്ങള്‍ പുറത്ത് കടക്കാനാകാത്ത വിധം കംഫര്‍ട്ട് സോണിലേക്ക് വീണുപോയി. അത് മറികടക്കേണ്ടതുണ്ട്. മികച്ച താരങ്ങളൊന്നും തന്നെ അവരുടെ നിലവാരത്തിലുള്ള പ്രകടനം കാഴ്ചവെച്ചിട്ടില്ല. ലോകകപ്പ് മുതല്‍ ഞങ്ങള്‍ മത്സര ഫലങ്ങളില്‍ സംതൃപ്തരല്ല. കൂടുതല്‍ സ്ട്രോങ് ആയ ടീമിനെയുണ്ടാക്കി ഉടന്‍ എന്തെങ്കിലും ചെയ്യേണ്ടതായിട്ടുണ്ട്,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.

മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ നെയ്മറുടെ ഗോളില്‍ മുന്നിലെത്തിയ പി.എസ്.ജിയെ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിലാണ് റെയിംസിന്റെ ഫ്‌ലോറൈന്‍ ബോലോഗണ്‍ സമനിലയില്‍ തളച്ചത്.

രണ്ടാം പകുതിയില്‍ നെയ്മറുടെ ഗോളിന് പിന്നാലെ മാര്‍ക്കൊ വെറാറ്റി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ പത്ത് പേരുമായാണ് പി.എസ്.ജി മത്സരം പൂര്‍ത്തിയാക്കിയത്. സീസണില്‍ ഇത് രണ്ടാം തവണയാണ് പി.എസ്.ജി റെയിംസിനോട് സമനില വഴങ്ങുന്നത്.

കളിയില്‍ ഭൂരിഭാഗം സമയവും മുന്നിട്ടുനിന്നിട്ടും പരിചയസമ്പന്നരായ താരങ്ങളുണ്ടായിട്ടും 95ാം മിനിട്ടില്‍ സമനില ഗോള്‍ വഴങ്ങേണ്ടിവന്നത് നിരാശയാണെന്ന് ഗാള്‍ട്ടിയര്‍ പറഞ്ഞു. പോയിന്റ് നഷ്ടമായതിനൊപ്പം ടീമിന്റെ ആത്മവിശ്വാസത്തെയും ബാധിക്കുന്ന പ്രകടനമാണിതെന്ന് ഗാള്‍ട്ടിയര്‍ പറഞ്ഞു.

സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പി.എസ്.ജിക്കായി. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 1.30നാണ് പി.എസ്.ജി മോണ്‍ഡ്പെല്ലിയറിനെ നേരിടുന്നത്. ഫെബ്രുവരി ഒമ്പതിന് ചിരവൈരികളായ മാഴ്സെലിയെയുമായി ക്ലബ്ബിന് ഫ്രഞ്ച് കപ്പില്‍ ഡെര്‍ബി മാച്ചും കളിക്കാനുണ്ട്.

Content Highlights: Christophe Galtier talking about Messi, Neymar and Mbappe

Latest Stories

We use cookies to give you the best possible experience. Learn more