| Saturday, 6th May 2023, 8:20 am

'മറച്ചുവെച്ചിട്ട് കാര്യമില്ല, മെസിയുടെ സസ്‌പെന്‍ഷന് ശേഷം പി.എസ്.ജിയില്‍ സംഭവിച്ചത്'; കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയറിന്റെ പ്രതികരണം

സ്പോര്‍ട്സ് ഡെസ്‌ക്

പി.എസ്.ജിയുടെ അനുമതിയില്ലാത്ത ലയണല്‍ മെസി സൗദി അറേബ്യ സന്ദര്‍ശിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പി.എസ്.ജിയിലെ പരിശീലനത്തിന് നില്‍ക്കാതെ മെസി രാജ്യം വിട്ടതിന് രണ്ടാഴ്ചത്തേക്ക് താരത്തെ സസ്‌പെന്‍ഡ് ചെയ്യുകയും വേതനം റദ്ദാക്കുകയുമായിരുന്നു ക്ലബ്ബ് ചെയ്തത്. വിഷയത്തില്‍ പരിശീലകന്‍ ക്രിസ്റ്റഫ് ഗാര്‍ട്ടിയര്‍ പ്രതികരിച്ചിരുന്നു. ക്ലബ്ബിന്റെ തീരുമാനത്തില്‍ തനിക്കൊന്നും ചെയ്യാനാകില്ലെന്നും മെസിയുടെ സസ്‌പെന്‍ഷന്‍ മത്സരത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മെസിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ക്ലബ്ബ് തീരുമാനിച്ചതിന് ശേഷമാണ് ഞാന്‍ വിവരം അറിയുന്നത്. എനിക്കതില്‍ ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ പി.എസ്.ജിയുടെ ഒരു തൊഴിലാളിയാണ്. അവരുടെ തീരുമാനം അനുസരിക്കുകയല്ലാതെ എനിക്ക് ശബ്ദമുയര്‍ത്താനുള്ള അധികാരമില്ല.

മെസിയുടെ സസ്‌പെന്‍ഷന്‍ ക്ലബ്ബിന്റെ മോശം പ്രകടനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. അത് മറച്ചുവെക്കാന്‍ കഴിയില്ല. ഇതത്ര സന്തോഷകരമല്ലാത്ത സമയമാണ്. താരങ്ങള്‍ നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട്,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.

തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്ക് മെസി സഹതാരങ്ങളോട് ക്ഷമാപണം നടത്തിയിരുന്നു. തന്റെ പ്രവൃത്തിയില്‍ പി.എസ്.ജി പറയുന്നതെന്തും ചെയ്യാന്‍ താന്‍ തയ്യാറാണെന്നും മെസി പറഞ്ഞിരുന്നു. വീഡിയോയിലൂടെയായിരുന്നു മെസി ക്ഷമാപണം നടത്തിയത്.

‘ഞാന്‍ കരുതിയത് ലീഗ് വണ്ണിലെ മത്സരത്തിന് ശേഷം ഒരു ദിവസം അവധി ലഭിക്കുമെന്നാണ്. എല്ലാ മത്സരങ്ങള്‍ക്ക് ശേഷവും അങ്ങനെയാണ് ഉണ്ടാവാറ്. ഈ യാത്ര എനിക്ക് ഒഴിവാക്കാന്‍ സാധ്യമല്ലായിരുന്നു. നേരത്തെ ഞാനിത് ഒഴിവാക്കിയിട്ടുണ്ട്. ഞാനെന്റെ സഹതാരങ്ങളോടെ ക്ഷമ ചോദിക്കുകയാണ്. ക്ലബ്ബ് പറയുന്നതെന്തും അനുസരിക്കാന്‍ ഞാന്‍ തയ്യാറാണ്,’ മെസി വീഡിയോയില്‍ പറഞ്ഞു.

അതേസമയം, ലീഗ് വണ്ണില്‍ ലോറിയന്റിനെതിരായ മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെയായിരുന്നു മെസിയുടെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം. സൗദി അറേബ്യന്‍ ടൂറിസത്തിന്റെ അംബാസിഡറായ മെസി പി.എസ്.ജിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും താരത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്നും തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം മെസി സൗദിയിലേക്ക് പോവുകയുമായിരുന്നെന്ന് സ്പോര്‍ട്സ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഖത്തര്‍ ലോകകപ്പിന് മുമ്പ് തന്നെ മെസിയുടെ കരാര്‍ പുതുക്കുന്നതിനുള്ള കടലാസുകള്‍ പി.എസ്.ജി മേശപ്പുറത്ത് എത്തിച്ചിരുന്നെങ്കിലും താരം ഒപ്പ് വെക്കാന്‍ തയ്യാറായിരുന്നില്ല. ലോകകപ്പിന് ശേഷവും പി.എസ്.ജി താരവുമായി ധാരണയിലെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും വിഫലമാവുകയായിരുന്നു. ഇതോടെ മെസി തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് തിരികെ പോകുമെന്നുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

വിവാദങ്ങള്‍ക്ക് പിന്നാലെ ഈ സീസണിന്റെ അവസാനത്തോടെ മെസി പി.എസ്.ജി വിടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി വിവരം പാരീസ് സെന്റ് ഷെര്‍മാങ്ങിനെ അറിയിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രശസ്ത ഫുട്ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്സ്പേര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബാഴ്‌സലോണക്ക് പുറമെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ 400 മില്യണ്‍ യൂറോ വാഗ്ദാനം നല്‍കി താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുണ്ട്. അടുത്ത സീസണില്‍ മെസി ഏത് ക്ലബ്ബില്‍ തുടരുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

Content Highlights: Christophe Galtier reacts on Messi’s suspension

We use cookies to give you the best possible experience. Learn more