ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ കാഴ്ചവെക്കുന്നത്. ഇതിനകം പി.എസ്.ജിക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഖ്യാതി എംബാപ്പെ നേടിയിരുന്നു. താരത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് പി.എസ്.ജിയുടെ പരിശീലകന്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍.
ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കറാണ് എംബാപ്പെ എന്നായിരുന്നു ഗാള്‍ട്ടിയര്‍ പറഞ്ഞത്. ലീഗ് വണ്ണിലെ പി.എസ്.ജിയുടെ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കിലിയന്‍ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍ ആണ്. അവന്‍ റെക്കോഡിലേക്ക് അടുക്കുന്നത് ഞങ്ങള്‍ കണ്ടു. മത്സരത്തില്‍ ആ ഗോള്‍ നേടാന്‍ അവന്‍ അതിയായി ആഗ്രഹിച്ചിട്ടുണ്ടായിരുന്നു.
പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ ചരിത്രത്തിലും വലിയൊരു അധ്യായമാണ് അവന്‍ കുറിച്ചത്. ഫ്രാന്‍സിനും ഇന്റര്‍നാഷണല്‍ ഫുട്ബോളിനായും അവന്‍ അതുതന്നെയാണ് ചെയ്തത്. എന്റെ കണ്ണില്‍ അവന്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍. പാരീസില്‍ അവന്‍ ഞങ്ങളുടെ ടീമിനൊപ്പം ഉള്ളത് ഞങ്ങള്‍ക്ക് അതിയായ സന്തോഷം നല്‍കുന്ന കാര്യമാണ്,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.
ലീഗില്‍ ഇതുവരെ കളിച്ച 254 മത്സരങ്ങളില്‍ നിന്ന് 205 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്. 301 മത്സരങ്ങളില്‍ നിന്ന് 200 ഗോള്‍ നേടിയ ഉറുഗ്വേന്‍ താരം എഡിന്‍സന്‍ കവാനിയുടെ റെക്കോഡ് തകര്‍ത്താണ് എംബാപ്പെയുടെ നേട്ടം.
ഫ്രഞ്ച് ലീഗ് വണ്ണില്‍ എയ്ഞ്ചേഴ്സിനെതിരെ നടന്ന മത്സരത്തില്‍ പി.എസ്.ജി വിജയിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജി.യുടെ ജയം. കിലിയന്‍ എംബാപ്പെയാണ് പി.എസ്.ജിക്കായി രണ്ട് ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ ഒമ്പതാം മിനിട്ടില്‍ മെസിയുടെ തകര്‍പ്പന്‍ അസിസ്റ്റിലൂടെയാണ് എംബാപ്പെ പന്ത് വലയിലെത്തിച്ചത്.
അതേസമയം, ലീഗ് വണ്ണില്‍ 32 മത്സരങ്ങളില്‍ നിന്ന് 24 ജയത്തോടെ 75 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. ഏപ്രില്‍ 30ന് ലോറിയന്റിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.