|

'അവന്‍ കളത്തിലുണ്ടെങ്കില്‍ ജയം ഞങ്ങള്‍ക്കൊപ്പമാണ്'; പി.എസ്.ജി സൂപ്പര്‍താരത്തെ പുകഴ്ത്തി കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിന് ശേഷം അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി പി.എസ്.ജിക്കൊപ്പം
കളത്തിലിറങ്ങുന്ന ആദ്യ മത്സരമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. ഫ്രഞ്ച് ലീഗില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പി.എസ്.ജി ആങ്കേഴ്‌സിനെ തോല്‍പ്പിച്ചത്.

മത്സരത്തില്‍ മെസി ഒരു ഗോള്‍ നേടിയിരുന്നു. ഈ സീസണില്‍ പി.എസ്.ജിക്ക് വേണ്ടി മെസി നേടുന്ന പതിമൂന്നാമത്തെ ഗോള്‍ ആണ് ഇത്.

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ ഇന്ന് നമ്മള്‍ വീണ്ടും കണ്ടുവെന്ന് പി.എസ്.ജി പരിശീലകന്‍ ക്രിസ്റ്റൊഫെ ഗാള്‍ട്ടിയര്‍ മത്സരശേഷം പറഞ്ഞു. അദ്ദേഹം ഞങ്ങള്‍ക്കൊപ്പം ഗ്രൗണ്ടിലുണ്ടെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന് വീണ്ടും തെളിഞ്ഞുവെന്നും ലോകകപ്പ് നേട്ടത്തില്‍ മെസി വളരെ സന്തുഷ്ടനാണെന്നും ഗാള്‍ട്ടിയര്‍ വ്യക്തമാക്കി.

‘ഇന്ന് നമ്മള്‍ ഒരിക്കല്‍ കൂടി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ കണ്ടു. മെസി കൂടുതല്‍ സന്തോഷവാനായാണ് ലോകകപ്പിന് ശേഷം കാണപ്പെടുന്നത്. വളരെ ശാന്തനായും ഫിസിക്കലി ഫിറ്റ് ആയിട്ടുമാണ് അവന്‍ മടങ്ങി വന്നത്.

മെസി കളത്തിലുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളും ലഭിക്കും. കഴിഞ്ഞ മത്സരത്തില്‍ മുഴുവന്‍ സമയവും അദ്ദേഹത്തിന് കളത്തില്‍ തുടരാനായി. അത് വളരെ നല്ല കാര്യമായിട്ടാണ് തോന്നുന്നത്,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.

കിലിയന്‍ എംബാപ്പെക്ക് വിശ്രമം നല്‍കിയാണ് പി.എസ്.ജി ആങ്കേഴ്‌സിനെതിരെ ഇറങ്ങിയത്. എംബാപ്പെക്ക് പകരം സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ച ഹ്യൂഗോ എക്കിറ്റക്കെയാണ് അഞ്ചാം മിനിട്ടില്‍ തന്നെ പി.എസ്.ജിയെ മുന്നിലെത്തിച്ചത്.

നോര്‍ഡി മുകിയേലയുടെ പാസില്‍ നിന്നായിരുന്നു ഫ്രഞ്ച് യുവതാരം പി.എസ്.ജിക്കായി ആദ്യ ഗോള്‍ നേടിയത്. പിന്നീട് ആദ്യ പകുതിയില്‍ മെസിക്കും റാമോസിനും മികച്ച അവസരം ലഭിച്ചെങ്കിലും ആങ്കേഴ്‌സ് ഗോള്‍ കീപ്പര്‍ പോള്‍ ബെര്‍നാര്‍ഡോണിയുടെ മിന്നും സേവുകള്‍ അവരുടെ രക്ഷക്കെത്തി. രണ്ടാം പകുതിയില്‍ 72-ാം മിനിറ്റിലായിരുന്നു നെയ്മറുമായി ചേര്‍ന്നുള്ള മെസിയുടെ വണ്‍ ടച്ച് ഗോള്‍ പിറന്നത്.

ജനുവരി 16ന് റെന്നെസിന് എതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Christophe Galtier praises Lionel Messi