| Saturday, 18th March 2023, 6:06 pm

മെസിയെ കളിയാക്കിയതും കൂകി വിളിച്ചതും മതി, നിങ്ങളൊരു കാര്യം മനസിലാക്കണം; പ്രതിഷേധവുമായി പി.എസ്.ജി കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പി.എസ്.ജി പുറത്തായതിന് ശേഷം വിമര്‍ശനങ്ങള്‍ക്ക് വിധേയനായ താരമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. റൗണ്ട് ഓഫ് 16ല്‍ ബയേണ്‍ മ്യൂണിക്കിനെതിരെ രണ്ട് മത്സരങ്ങള്‍ കളിച്ചിരുന്നെങ്കിലും താരത്തിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് പി.എസ്.ജി ആരാധകര്‍ മെസിയെ വേട്ടയാടാന്‍ തുടങ്ങിയത്.

വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ പി.എസ്.ജി കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍. മെസിക്കെതിരെ കൂവലും വിമര്‍ശനങ്ങളും വേണ്ടെന്നും അദ്ദേഹം ഒറ്റക്കല്ല ചാമ്പ്യന്‍സ് ലീഗ് കളിച്ചതെന്നും ഗാള്‍ട്ടിയര്‍ പറഞ്ഞു. പി.എസ്.ജിയുടെ ഒരു താരത്തിനെയും വിമര്‍ശിക്കേണ്ട ആവശ്യമില്ലെന്നും എല്ലാവരും നന്നായി കളിച്ചിട്ടുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘മെസിക്കും മറ്റ് താരങ്ങള്‍ക്കുമെതിരെ കൂവലും വിളിയും? എന്ത് കാര്യത്തിന്? കഴിഞ്ഞത് കഴിഞ്ഞു. പി.എസ്.ജിയിലെ ഒരു താരത്തെയും കളിയാക്കുകയോ കുവുകയോ ചെയ്യേണ്ട കാര്യമില്ല. അവര്‍ തങ്ങളുടെ മാക്‌സിമം ചെയ്തിട്ടുണ്ട്. ബയേണ്‍ നന്നായി കളിച്ചത് കൊണ്ടാണ് അവര്‍ ജയിക്കുകയും ഞങ്ങള്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്താവുകയും ചെയ്തത്,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.

അതേസമയം, പാരിസ് ക്ലബ്ബായ പി.എസ്.ജിയില്‍ മെസിയുടെ ഭാവി ഇനിയും അനശ്ചിതത്വത്തിലാണ്. ജൂണ്‍ മാസത്തോടെ ക്ലബ്ബിലെ കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റ് ആയി മാറുന്ന മെസിയെ സൈന്‍ ചെയ്യാന്‍ ഇന്റര്‍ മിയാമി, അല്‍ ഹിലാല്‍, ബാഴ്‌സലോണ തുടങ്ങി നിരവധി ക്ലബ്ബുകള്‍ക്ക് താല്‍പര്യമുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകള്‍.

എന്നാല്‍ പി.എസ്.ജി മാനേജ്‌മെന്റിന് താരത്തെ 2024 വരെയെങ്കിലും ക്ലബ്ബില്‍ പിടിച്ചു നിര്‍ത്തണമെന്ന് താല്‍പര്യമുണ്ടെന്ന് നേരത്തെ ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിരുന്നാലും താരം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പി.എസ്.ജിയിലെ കരാര്‍ അവസാനിച്ചതിന് ശേഷം മെസിയുടെ ഭാവി എന്തെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

ഈ സീസണില്‍ 31 മത്സരങ്ങളില്‍ നിന്നും 18 ഗോളുകളും 17 അസിസ്റ്റുകളുമാണ് മെസി ഇതുവരെ സ്‌കോര്‍ ചെയ്തത്. നിലവില്‍ 27 മത്സരങ്ങളില്‍ നിന്നും 21 വിജയങ്ങളോടെ 66 പോയിന്റുമായി ലീഗ് വണ്ണില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി

മാര്‍ച്ച് 19ന് റെന്നെസിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: Christophe Galtier praises Lionel Messi

We use cookies to give you the best possible experience. Learn more