ഫെബ്രുവരി 15ന് ഇന്ത്യൻ സമയം പുലർച്ചെ 1:30നാണ് ലോക ഫുട്ബോൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പി.എസ്. ജി-ബയേൺ മ്യൂണിക്ക് മത്സരം.
അന്ന് അതേസമയത്തു തന്നെ ഏ.സിമിലാൻ-ടോട്ടൻഹാം മത്സരവും നടക്കുന്നുണ്ട്.
പി.എസ്.ജി-ബയേൺ മ്യൂണിക്ക് മത്സരത്തിൽ എംബാപ്പെ കളിക്കുമോ എന്നാണ് ഫുട്ബോൾ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
എംബാപ്പെയേ പോലെ വേഗതയും ഫിനിഷിങ് ആക്യുറസിയും ഉള്ള ഒരു താരത്തെ കൂടാതെ ബയേൺ മ്യൂണിക്ക് പോലുള്ള ഒരു ശക്തമായ ടീമിനെ എങ്ങനെ ഫ്രഞ്ച് ക്ലബ്ബ് നേരിടും എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.
ലീഗ് വണ്ണിൽ മോൺഡെപെല്ലിയറിനെതിരെ നടന്ന മത്സരത്തിലായിരുന്നു എംബാപ്പെക്ക് പരിക്ക് പറ്റിയത്. താരത്തെ കൂടാതെയിറങ്ങിയ പി. എസ്.ജി ഫ്രഞ്ച് കപ്പിൽ ചിര വൈരികളായ മാഴ്സലെയോട് തോറ്റ് പുറത്താവുകയും ചെയ്തിരുന്നു.
എന്നാലിപ്പോൾ എംബാപ്പെ ചാമ്പ്യൻസ് ലീഗ് കളിക്കുമോ എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് പി.എസ്.ജിയുടെ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയർ.
ആർ.എം.സി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഗാൾട്ടിയർ എംബാപ്പെയുടെ ഭാവിയെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത്.
“എംബാപ്പെ ബയേണിനെതിരെ കളിക്കുമെന്ന് ഞാൻ കരുതുന്നില്ല. പരിക്കിൽ നിന്നും മോചിതനാവാനുള്ള കഠിനമായ പരിശ്രമത്തിലാണിപ്പോൾ എംബാപ്പെ. അവന്റെ മസിലിന് ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ട്.
അതിനാൽ തന്നെ എംബാപ്പെയുടെ ആരോഗ്യത്തെക്കാൾ വലുതായി മറ്റൊരു പ്രധാനപ്പെട്ട കാര്യത്തിനും ഞങ്ങളിപ്പോൾ ശ്രദ്ധ ചെലുത്തുന്നില്ല,’ ഗാൾട്ടിയർ പറഞ്ഞു.
“ഇനിയും മത്സരങ്ങൾ വരാനുണ്ട്. അതിനാൽ തന്നെ എംബാപ്പെക്ക് ‘സീറോ റിസ്ക്’ വരുന്ന കാര്യങ്ങൾ മാത്രമേ ഞങ്ങൾ ചെയ്യുകയുള്ളൂ. അതുപോലെ തന്നെ മെസിയും വെറാട്ടിയും ചൊവ്വാഴ്ചയോടെ പരിക്ക് ഭേദമായി മൈതാനത്തിറങ്ങും എന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ,’ ഗാൾട്ടിയർ കൂട്ടിച്ചേർത്തു.