| Monday, 20th February 2023, 9:26 am

സൂപ്പർ താരങ്ങളുമായി ഇടഞ്ഞ് പി.എസ്.ജി പരിശീലകൻ; ക്ലബ്ബിന് വീണ്ടും കഷ്ടകാലമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് ടോപ്പ് ടയർ ലീഗായ ലീഗ് വണ്ണിൽ മികച്ച മുന്നേറ്റം നടത്തുകയാണ് പി.എസ്.ജി.
ഞായറാഴ്ച നടന്ന മത്സരത്തിൽ ലോസ്ക് ലില്ലിയെ തകർക്കാൻ സാധിച്ചതോടെ ക്ലബ്ബിന്റെ പോയിന്റ് ടേബിളിലെ സ്ഥാനം അൽപം കൂടി സുരക്ഷിതമായിട്ടുണ്ട്.

എംബാപ്പെ, നെയ്മർ, മെസി എന്നീ മൂന്ന് സൂപ്പർ താരങ്ങളും ഗോൾ നേടിയ മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു പാരിസ് ക്ലബ്ബിന്റെ വിജയം.
മത്സരത്തിൽ വിജയിച്ചെങ്കിലും സൂപ്പർ താരം നെയ്മറിന് പരിക്ക്പറ്റി പുറത്തായത് പി.എസ്.ജിക്ക് വൻ തിരിച്ചടിയായിരുന്നു.

എന്നാൽ മത്സരത്തിൽ വിജയിച്ചെങ്കിലും പി.എസ്.ജി ആരാധകർക്ക് ആശങ്ക നൽകുന്ന വാർത്തകളാണ് പി.എസ്.ജിയുടെ ക്യാമ്പിൽ നിന്നും ഉയർന്ന് വരുന്നത്.

ക്ലബ്ബ്‌ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയറുമായി ക്ലബ്ബിന്റെ ക്യാപ്റ്റനായ മാർക്കീന്യോസും കിംബാപ്പെയും നല്ല ബന്ധത്തിലല്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഗോളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലീഗ് വണ്ണിൽ മൊണോക്കോക്കെതിരെ നടന്ന മത്സരത്തിൽ പരാജയപ്പെട്ടതോടെയാണ് കിംബാപ്പെയും മാർക്കീന്യോസുമായി ഗാൾട്ടിയർ പ്രശ്നത്തിലായത്.


കൂടാതെ പി.എസ്.ജി പ്രതിരോധ നിരയുടെ മോശം പ്രകടനങ്ങളും പ്രതിരോധ നിരയിലെ പ്രധാന ചുമതലയുള്ള ഇരു താരങ്ങളും പരിശീലകനും തമ്മിലുള്ള മോശം ബന്ധത്തിന് കാരണമാണ് എന്നും റിപ്പോർട്ടുകളുണ്ട്.
മൊണോക്കോക്കെതിരെയുള്ള മത്സരത്തിന്റെ ആദ്യ പകുതിക്ക് ശേഷം ക്ലബ്ബിന്റെ മനോഭാവം ശരിയല്ല എന്ന പി.എസ്.ജി മാനേജ്മെന്റിന്റെ അഭിപ്രായത്തിനെതിരെ നെയ്മർ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. അവിടെയും മാർക്കീന്യോസ് നെയ്മറിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

ഇതും താരത്തിനെതിരെ പരിശീലകൻ ഗാൾട്ടിയർക്ക് അതൃപ്തിയുണ്ടാവാൻ കാരണമായി എന്നും റിപ്പോർട്ടുകളുണ്ട്.


അതിനാൽ തന്നെ മാർക്കീന്യോസും കിംബാപ്പെയും ക്ലബ്ബ് വിടാനുള്ള സാധ്യതയുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പുറത്ത് വരുന്നുണ്ട്.
അതേസമയം ലീഗ് വണ്ണിൽ 24 മത്സരങ്ങളിൽ നിന്നും 18 വിജയങ്ങളുമായി 57 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി. എസ്.ജി.

ഫെബ്രുവരി 27ന് മാഴ്സലെക്കെതിരെയുള്ള ഡെർബി മത്സരമാണ് ക്ലബ്ബിന് അടുത്തതായി കളിക്കാനുള്ളത്.

Content Higlights:Christophe Galtier have bad relationship with Marquinhos and Presnel Kimpembe

We use cookies to give you the best possible experience. Learn more