17 വർഷത്തെ ബാഴ്സലോണയിലെ കരാർ അവസാനിച്ചതിന് പിന്നാലെ ഫ്രഞ്ച് ക്ലബ്ബ് പി. എസ്.ജിയിലേക്ക് ചേക്കേറിയിരിക്കുകയാണ് ലയണൽ മെസി.
ക്ലബ്ബുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളും ക്ലബ്ബ് മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും കാരണമാണ് താരം ബാഴ്സ വിട്ട് പി.എസ്.ജിയിലേക്ക് ചേക്കേറിയത്.
എന്നാൽ വരുന്ന ജൂൺ മാസം പി.എസ്.ജിയിലെ കരാർ അവസാനിക്കുന്ന മെസി പാരിസ് വിട്ടേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
എന്നാൽ മെസിയുടെ ക്ലബ്ബിലെ ഭാവിയെപറ്റി തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് പി.എസ്.ജിയുടെ പരിശീലകനായ ക്രിസ്റ്റഫെ ഗാൽട്ടിയർ.
“മെസി ക്ലബ്ബിൽ തുടരണമെന്ന് തന്നെയാണ് മാനേജ്മെന്റിന് താൽപര്യം. മാനേജ്മെന്റ് തലത്തിൽ നടക്കുന്ന കൂടുതൽ ചർച്ചകളെ പറ്റിയൊന്നും എനിക്കറിയില്ല. മെസി അടുത്ത സീസണിൽ ക്ലബ്ബിൽ ഉണ്ടാകുമെങ്കിൽ തീർച്ചയായും അത് സന്തോഷമുള്ള കാര്യമാണ്.
ക്ലബ്ബിൽ മെസി സന്തുഷ്ടവാനാണ്. അതിന്റെ ഫലമായാണ് താരത്തിന് സീസണിൽ 18 ഗോളുകളും 17 അസിസ്റ്റുകളും നേടാൻ സാധിച്ചത്,’ ഗാൽട്ടിയർ പറഞ്ഞു.
“ബയേണിനെതിരെയുള്ള മത്സരത്തിൽ തീർച്ചയായും വലിയ വിമർശനങ്ങൾ മെസിക്ക് നേരെയുണ്ടായി. പക്ഷെ മത്സരം പരാജയപ്പെടാൻ കാരണം അദ്ദേഹം മാത്രമല്ല. ക്ലബ്ബിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പ്ലെയറാണ് മെസി.
അദ്ദേഹത്തിന്റെ സമീപന രീതിയും എല്ലാവർക്കും സ്വീകാര്യമായതാണ്. അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ചോദിച്ചാൽ എന്ത് സംഭവിക്കുമെന്ന കാര്യത്തിൽ എനിക്ക് ഒരു പിടിയുമില്ല,’ ഗാൽട്ടിയർ കൂട്ടിച്ചേർത്തു.
എന്നാൽ 2024വരെയെങ്കിലും മെസിയെ പി. എസ്.ജിയിൽ പിടിച്ചു നിർത്തണമെന്ന് ക്ലബ്ബ് മാനേജ്മെന്റ് തീരുമാനിച്ചിരുന്നതായി നേരത്തെ ഇ.എസ്. പി.എൻ പുറത്ത് വന്നിരുന്നു.
അതേസമയം ലീഗ് വണ്ണിൽ 27 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളോടെ 66 പോയിന്റുമായി ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.