| Thursday, 9th February 2023, 12:41 pm

നെയ്മറിന് മത്സരം കൂടുതല്‍ സങ്കീര്‍ണമായിരുന്നു, ഞങ്ങള്‍ പുറത്തായി, ഇനി പറഞ്ഞിട്ടെന്ത്? പി.എസ്.ജി കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് കപ്പില്‍ മാഴ്സെക്കെതിരെ നടന്ന മത്സരത്തില്‍ തോല്‍വി വഴങ്ങി പി.എസ്.ജി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഴ്സെ കീഴപ്പെടുത്തിയതോടെ പി.എസ്.ജി ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു. കഴിഞ്ഞ തവണയും കിരീടം നേടാനാകാതെയായിരുന്നു പി.എസ്.ജിയുടെ മടക്കം.

ഫ്രഞ്ച് കപ്പില്‍ നിലനില്‍ക്കുന്ന നിയമപ്രകാരം പ്രീ ക്വാര്‍ട്ടര്‍ മുതലുള്ള മത്സരത്തിനായി ഇറങ്ങുന്ന ടീമിലെ താരങ്ങള്‍ ഒന്ന് മുതല്‍ 11 വരെ നമ്പറിലെ ജേഴ്‌സികള്‍ മാത്രമേ ഉപയോഗിക്കാവൂ. അതുകൊണ്ട് മുപ്പതാം നമ്പര്‍ ജേഴ്‌സിക്ക് പകരം മെസി പത്തും നെയ്മര്‍ പതിനൊന്നും നമ്പര്‍ ജേഴ്സികളണിഞ്ഞായിരുന്നു മത്സരത്തിനിറങ്ങിയിരുന്നത്.

മത്സരത്തില്‍ നെയ്മര്‍ 90 മിനിട്ട് കളിച്ചിരുന്നെങ്കിലും കാര്യമായിട്ടൊന്നും അദ്ദേഹത്തിന് നേടാനായില്ല. താരത്തെ കുറിച്ച് അഭിപ്രായ പ്രകടനവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ പി.എസ്.ജി കോച്ച് ക്രിസറ്റഫ് ഗാള്‍ട്ടിയര്‍.

‘ആദ്യ പകുതിയില്‍ നെയ്മര്‍ കുഴപ്പമില്ലാതെ കളിച്ചിരുന്നു. പിന്നീടാണ് അവനും മറ്റ് താരങ്ങള്‍ക്കും കളി കൂടുതല്‍ സങ്കീര്‍ണമായത്. രണ്ടാം പാദത്തില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നോക്കിയെങ്കിലും എതിര്‍ ടീമിന്റെ ഭാഗത്തുനിന്ന് നല്ല സമ്മര്‍ദം ഉണ്ടായിരുന്നു.

ഞങ്ങള്‍ സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും അവര്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു. തീര്‍ച്ചയായും നിരാശയുണ്ട്, പക്ഷെ ഞങ്ങള്‍ക്ക് മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. ഫ്രഞ്ച് കപ്പില്‍ തോറ്റു. അതിനെപ്പറ്റി ഇനി ഒന്നും പറയാനോ ചെയ്യാനോ ഇല്ല,’ ഗാള്‍ട്ടിയര്‍ പറഞ്ഞു.

മത്സരത്തിന്റെ 31ാം മിനിട്ടില്‍ അലക്സിസ് സാഞ്ചസിന്റെ പെനാല്‍ട്ടി ഗോളിലൂടെ മാഴ്സെ ലീഡുയര്‍ത്തി. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ അഭാവത്തില്‍ ഇറങ്ങിയ പി.എസ്.ജിക്കായി സെര്‍ജിയോ റാമോസ് ആണ് ആശ്വാസ ഗോള്‍ നേടിയത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പി.എസ്.ജിയുടെ ഗോള്‍. 57ാം മിനിട്ടിലാണ് മാലിനോവ്സ്‌കിയുടെ ഗോള്‍ പിറന്നത്. തന്റെ കാലിലേക്ക് ലഭിച്ച പന്ത് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളിന് മറുപടി നല്‍കാന്‍ പി.എസ്.ജിക്ക് സാധിച്ചില്ല. എംബാപ്പെയുടെ അഭാവം പി.എസ്.ജിക്ക് തിരിച്ചടിയാവുകയായിരുന്നു.

ലയണല്‍ മെസിയെ സംബന്ധിച്ച് കരിയറില്‍ കളിക്കുകയും കിരീടം നേടാന്‍ കഴിയാതിരിക്കുകയും ചെയ്തിട്ടുള്ള ഒരേയൊരു ടൂര്‍ണമെന്റ് മാത്രമാണുള്ളത്. ഫ്രഞ്ച് കപ്പിലാണ് മെസി ഇതുവരെയും കിരീടം നേടാത്തത്. ഇത്തവണയും അത് നേടാന്‍ മെസിക്ക് സാധിക്കാതെ പോവുകയായിരുന്നു.

ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ഫെബ്രുവരി 14നാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Christophe Galtier about Neymar

We use cookies to give you the best possible experience. Learn more