സുഷിന്‍ ചേട്ടന്‍ കൈവിട്ടാല്‍ എനിക്ക് മുന്നില്‍ വേറെ വഴിയില്ലെന്ന് പറഞ്ഞു; കയ്യും കാലും പിടിച്ച് കൂടെ കൂടി: ക്രിസ്റ്റോ സേവ്യര്‍
Movie Day
സുഷിന്‍ ചേട്ടന്‍ കൈവിട്ടാല്‍ എനിക്ക് മുന്നില്‍ വേറെ വഴിയില്ലെന്ന് പറഞ്ഞു; കയ്യും കാലും പിടിച്ച് കൂടെ കൂടി: ക്രിസ്റ്റോ സേവ്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st February 2024, 12:00 pm

സുഷിന്‍ ശ്യാമിന്റെ ശിഷ്യനായി മലയാള സിനിമയില്‍ തുടക്കം കുറിച്ച മ്യുസീഷ്യനാണ് ക്രിസ്റ്റോ സേവ്യര്‍. 18+, മദനോത്സവം, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിക്കൊണ്ട് മലയാളത്തിലെ തിരക്കേറിയ കമ്പോസറായി മാറിയിരിക്കുകയാണ് ക്രിസ്‌റ്റോ.

സംഗീതത്തോടും സിനിമയോടുമുള്ള അടങ്ങാത്ത ആഗ്രഹം തന്നെയാണ് ക്രിസ്‌റ്റോയെ ഈ ഉയരത്തില്‍ എത്തിച്ചത്. സിനിമയിലേക്കുള്ള തന്റെ വരവിനെ കുറിച്ചും സുഷിന്‍ ശ്യാമിന്റെ ശിഷ്യനായി എത്തിയതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ക്രിസ്റ്റോ സേവ്യര്‍.

സുഷിന്‍ ശ്യാമിന്റെ കയ്യും കാലും പിടിച്ചാണ് അദ്ദേഹത്തോടൊപ്പം കൂടിയതെന്നും സുഷിന്‍ ചേട്ടന്‍ കൈവിട്ടാല്‍ പിന്നെ മുന്നില്‍ വേറൊരു വഴിയുമില്ലെന്ന ഘട്ടത്തില്‍ താന്‍ എത്തിയിരുന്നെന്നും ക്രിസ്റ്റോ പറയുന്നു. സുഷിന്‍ എന്ന കമ്പോസറിലേക്ക് എത്തുന്നത് എങ്ങനെയാണെന്ന ചോദ്യത്തിനായിരുന്നു ക്രിസ്റ്റോയുടെ മറുപടി.

‘എനിക്ക് ഹൊറര്‍ സിനിമകള്‍ ഇഷ്ടമാണ്. മലയാളത്തില്‍ എസ്ര കണ്ടു കഴിഞ്ഞപ്പോഴാണ് സിനിമകളില്‍ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ ചെയ്യണമെന്ന ആഗ്രഹം വരുന്നത്.

പൊതുവെ മലയാളത്തില്‍ അത്തരത്തില്‍ പേടിപ്പിക്കുന്ന പരിപാടികള്‍ അതിന് മുന്‍പ് കണ്ടിരുന്നില്ല. എസ്ര കഴിഞ്ഞപ്പോഴാണ് സുഷിനെ അസിസ്റ്റ് ചെയ്യണമെന്ന് ആലോചിക്കുന്നത്.

അങ്ങനെ അദ്ദേഹത്തെ കാണാനായി ഒരുപാട് തെണ്ടി നടന്നു. പുള്ളി പോകുന്ന സ്റ്റുഡിയോയിലൊക്കെ പോകും. സുഷിനെ അറിയുമോ എന്ന് അവരോട് ചോദിക്കും. അവസാനം അദ്ദേഹത്തെ കണ്ടുപിടിച്ചു. ശല്യം ചെയ്ത് ചെയ്ത് അദ്ദേഹത്തിനൊപ്പം വലിഞ്ഞു കേറി എന്ന് പറയുന്നതാവും നല്ലത്.

ഞാന്‍ അന്നൊരു പാട്ട് ചെയ്തിരുന്നു. അത് ഭയങ്കര അമെച്വര്‍ ആയിരുന്നു. പക്ഷേ ആ പ്രായത്തില്‍ അത് ഓക്കെയാണ്. ആ പാട്ട് ചെയ്ത ശേഷം വെറുതെ പോയി അദ്ദേഹത്തെ മീറ്റ് ചെയ്തു. അത് കേട്ട ശേഷം പുള്ളി നോക്കാമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന്റെ കോള്‍ വരാന്‍ കാത്തിരുന്നു.

പിന്നെ സുഷിന്‍ ചേട്ടന്‍ ട്രാന്‍സ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തെ വിളിച്ച് ശല്യം ചെയ്തുകൊണ്ടേയിരുന്നു. ചേട്ടാ എനിക്ക് വേറെ വഴിയില്ല, ചേട്ടന്റെ കൂടെ എങ്ങനെയെങ്കിലും കയറണമെന്ന് പറഞ്ഞു.

ഒടുവില്‍ എന്നാ നീ വാ എന്ന് പറഞ്ഞു. വരത്തന്റെ ടൈമിലാണ് ഞങ്ങള്‍ മീറ്റ് ചെയ്തത്. പക്ഷേ ഒരുമിച്ച് വര്‍ക്ക് ചെയ്തത് ട്രാന്‍സിലാണ്. ട്രാന്‍സിന്റെ കമ്പോസിങ് നടക്കുമ്പോള്‍ ഞാന്‍ ഒരു സ്റ്റൂള്‍ ഇട്ട് സൈഡില്‍ ഇരിക്കും. രണ്ടാഴ്ച അങ്ങനെ ഇരുന്നു. ട്രാന്‍സിന്റെ ലാസ്റ്റ് കുറച്ച് സീക്വന്‍സുകള്‍ ഉണ്ട്. പുള്ളി വെറുതെ ചെയ്തുവെച്ച മ്യൂസിക്ക് അറേഞ്ച് ചെയ്ത് സ്‌കോറാക്കി ബില്‍ഡ് ചെയ്യാനൊക്കെ എന്നെ ഏല്‍പ്പിച്ചിരുന്നു. ആദ്യമായി കപ്പേളയിലാണ് ഒരു മ്യൂസിക്കല്‍ പീസ് ചെയ്യുന്നത്.

സുഷിന്‍ ചേട്ടനെ മീറ്റ് ചെയ്ത് അദ്ദേഹത്തിന്റെ കോളിനായി കാത്തിരിക്കുന്നതിനിടെ റെക്‌സ് ജോര്‍ജ് ചേട്ടന്‍ വഴി ഞാനൊരു സെക്കന്റ് ഹാന്‍ഡ് കീ ബോര്‍ഡ് വാങ്ങി. അന്ന് അദ്ദേഹത്തെ മീറ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിനും എന്റെ ഒരു ട്രാക്ക് കൊടുത്തിരുന്നു.

എന്തെങ്കിലും വര്‍ക്ക് കിട്ടിയാല്‍ പഠിക്കാമെന്ന് കരുതിയാണ് ഇതൊക്കെ ചെയ്യുന്നത്. സിനിമ എന്താണെന്ന് എനിക്ക് അറിയില്ല. അങ്ങനെ റെക്‌സ് ചേട്ടന്‍ ജൂണ്‍ എന്ന സിനിമയ്ക്ക് വേണ്ടി എന്നോട് വരാന്‍ പറഞ്ഞു. ഞാന്‍ അവിടെ ഒരു മൂലയ്ക്കിരുന്ന് കാര്യങ്ങള്‍ പഠിച്ചു. കുറച്ച് സീനുകള്‍ തരും. അത് ചെയ്യുമായിരുന്നു. അതും എനിക്കൊരു പഠനമായിരുന്നു. അതിന് ശേഷമാണ് സുഷിന്‍ ചേട്ടന്റെ കോള്‍ വരുന്നത്,’ ക്രിസ്‌റ്റോ സേവ്യര്‍ പറഞ്ഞു.

Content Highlight: Christo Xaviour about Sushin Shyam and Bramayugam