ടര്‍ബോയുടെ ബി.ജി.എം ചെയ്ത് മമ്മൂക്കക്ക് അയച്ചു കൊടുത്തു; അതുകേട്ട ഇക്കയുടെ മറുപടി ഇതായിരുന്നു: ക്രിസ്റ്റോ സേവ്യര്‍
Entertainment
ടര്‍ബോയുടെ ബി.ജി.എം ചെയ്ത് മമ്മൂക്കക്ക് അയച്ചു കൊടുത്തു; അതുകേട്ട ഇക്കയുടെ മറുപടി ഇതായിരുന്നു: ക്രിസ്റ്റോ സേവ്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd May 2024, 9:44 am

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടര്‍ബോ ഇന്ന് തിയേറ്ററുകളില്‍ എത്തുകയാണ്. ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ മലയാള സിനിമയാണ് ടര്‍ബോ.

മമ്മൂട്ടി ടര്‍ബോ ജോസ് എന്ന കഥാപാത്രമായി എത്തുന്ന ചിത്രം പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മാസ് ആക്ഷന്‍ കോമഡി ഴോണറില്‍ ഉള്‍പ്പെടുന്ന ചിത്രം മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് സംവിധാനം ചെയ്യുന്നത്.

ടര്‍ബോയുടെ ട്രെയ്ലര്‍ പുറത്തു വന്നപ്പോള്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു അതിലെ ബി.ജി.എമ്മുകള്‍. ക്രിസ്റ്റോ സേവ്യറായിരുന്നു ചിത്രത്തിന്റെ സംഗീതം ചെയ്തത്. ടര്‍ബോയുടെ പ്രൊമോഷന്റെ ഭാഗമായി ജാങ്കോ സ്പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ക്രിസ്റ്റോ.

മാര്‍ഗംകളിയില്‍ ഇലക്ട്രോണിക് മ്യൂസിക് മിക്സ് ചെയ്ത് ട്രെയ്ലറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബി.ജി.എമ്മിനെ കുറിച്ചാണ് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നത്. താന്‍ ഒരു ട്രാക്ക് ചെയ്ത് അയച്ചു കൊടുത്തപ്പോള്‍ അതില്‍ മാര്‍ഗംകളി ട്രൈ ചെയ്ത് നോക്കാന്‍ പറഞ്ഞത് മമ്മൂട്ടിയാണെന്ന് ക്രിസ്റ്റോ പറഞ്ഞു. പിന്നീട് അത് മമ്മൂട്ടിയെയും സംവിധായകന്‍ വൈശാഖിനെയും കേള്‍പ്പിച്ചപ്പോള്‍ അത് വര്‍ക്കായെന്നും ക്രിസ്റ്റോ സേവ്യര്‍ കൂട്ടിച്ചേര്‍ത്തു.

‘അത് സത്യത്തില്‍ മമ്മൂക്കയുടെ സജക്ഷനായിരുന്നു. ഞാന്‍ ആ ട്രാക്ക് ചെയ്ത ശേഷം മമ്മൂക്കക്ക് അയച്ചു കൊടുത്തു. അത് കേട്ടിട്ട് മമ്മൂക്ക ‘എടാ ഇതില്‍ എന്തോ ഒന്ന് മിസ് ആയിട്ടുണ്ട്. നീ ഒരു കാര്യം ചെയ്യ്, അതില്‍ മാര്‍ഗംകളി ട്രൈ ചെയ്ത് നോക്കൂ’വെന്ന് പറഞ്ഞു.

ഞാന്‍ ആദ്യം അങ്ങനെ ട്രൈ ചെയ്ത് നോക്കിയപ്പോള്‍ മാര്‍ഗംകളി കുറച്ചുകൂടെ സ്ലോയാണ്. എങ്കിലും അത് ട്രൈ ചെയ്ത് മമ്മൂക്കക്കും വൈശാഖേട്ടനും അയച്ചു കൊടുത്തു. അത് രണ്ടുപേര്‍ക്കും വര്‍ക്കായി,’ ക്രിസ്റ്റോ സേവ്യര്‍ പറഞ്ഞു.


Content Highlight: Christo Xavier Talks About Mammootty