| Monday, 19th February 2024, 4:54 pm

ഭ്രമയുഗത്തിലെ പുള്ളുവന്‍ പാട്ട് എനിക്ക് കിട്ടിയത് ആ സ്ഥലത്ത് നിന്നാണ്: ക്രിസ്‌റ്റോ സേവ്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭ്രമയുഗത്തെ ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആക്കി മാറ്റിയതില്‍ വലിയ പങ്കുവഹിച്ച ഒന്നായിരുന്നു ചിത്രത്തിലെ മ്യൂസിക്കും ബാക്ക് ഗ്രൗണ്ട് സ്‌കോറും. ക്രിസ്‌റ്റോ സേവ്യര്‍ ഒരുക്കിയ പാട്ടുകളെല്ലാം പ്രേക്ഷകരെ മറ്റൊരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതായിരുന്നു.

ഒരേസമയം പേടിപ്പിക്കുകയും അതേസമയം പുതുമയുള്ളതുമായ ബാക്ക് ഗ്രൗണ്ട് സ്‌കോറുകള്‍ ചിത്രത്തെ വലിയ രീതിയില്‍ ലിഫ്റ്റ് ചെയ്തിരുന്നു. ഭ്രമയുഗത്തിലെ പുള്ളുവന്‍ പാട്ടുകളും ബാക്ക് ഗ്രൗണ്ട് സ്‌കോറും ഒരുക്കിയതിനെ കുറിച്ച് സംസാരിക്കുകയാണ് ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ക്രിസ്‌റ്റോ സേവ്യര്‍.

‘ മദനോത്സവമായിരുന്നു എന്റെ ആദ്യ സിനിമ. കാസര്‍ഗോഡ് ബളാല്‍ എന്ന സ്ഥലത്താണ് അതിന്റെ ഷൂട്ട് നടന്നത്. ഞാന്‍ അവിടെ പോയിരുന്നു. അവിടെ മുണ്ടമാണി എന്നൊരു പ്രദേശമുണ്ട്. അവിടെ കുറച്ച് ഫോക്ക് മ്യൂസിക് ചെയ്യുന്ന ആളുകളുണ്ട്.

ഞാന്‍ അവരുടെ അടുത്ത് പോയി കുറേ സാധനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. അന്ന് ഞാന്‍ ഒരു പുള്ളോര്‍ക്കുടവും വാങ്ങിച്ചു. അങ്ങനെ ഒരു ബാക്ക് ഗ്രൗണ്ട് അവിടെ നിന്ന് കിട്ടിയിരുന്നു.

പുള്ളുവന്‍ പാട്ടിന്റെ സ്വഭാവം ഏകദേശം ഞാന്‍ മനസിലാക്കിയിരുന്നു. അത് വെച്ചും അന്ന് റെക്കോര്‍ഡ് ചെയ്ത ഐഡിയയും വെച്ചാണ് ഭ്രമയുഗത്തിലെ പുള്ളുവന്‍ ടൈപ്പ് പാട്ട് ചെയ്തത്,’ ക്രിസ്റ്റോ സേവ്യര്‍ പറഞ്ഞു.

ഹൊറര്‍ ക്രിയേറ്റ് ചെയ്യുന്നതിനെ കുറിച്ചും ആള്‍ക്കാരെ ഭയപ്പെടുത്തുന്ന മ്യൂസിക്ക് ചെയ്യുമ്പോള്‍ ഉള്ള ഫീലിനെ കുറിച്ചുമൊക്കെ ക്രിസ്റ്റോ അഭിമുഖത്തില്‍ സംസാരിച്ചു.

‘കമ്പോസ് ചെയ്യുമ്പോള്‍ എനിക്ക് പേടിയാകുന്നുണ്ടോ എനിക്ക് അഡ്രിനാല്‍ കിട്ടുന്നുണ്ടോ എന്നതാണ് നോക്കുക. അങ്ങനെ കിട്ടുന്നത് ഡയറക്ടര്‍ക്കും വര്‍ക്കാവുമെന്നാണ് തോന്നുന്നത്. എന്നാല്‍ എനിക്ക് ഓക്കെ എന്ന് തോന്നുന്ന ചില പരിപാടികള്‍ ചിലപ്പോള്‍ ഡയറക്ടര്‍ക്ക് കൊടുത്താല്‍ ഇതെന്താണെന്ന് ചോദിക്കും. അങ്ങനെയും സംഭവിക്കാറുണ്ട്. പക്ഷേ എനിക്ക് പേടിയോ ഹാപ്പിനെസോ കിട്ടിയത് ഡയറക്ടര്‍ക്കും വര്‍ക്കായിട്ടുണ്ട്.

ഹൊറര്‍ മ്യൂസിക്കിന്റെ കാര്യത്തില്‍ പയ്യെ പയ്യെ കയറ്റിക്കൊണ്ടുവന്നാലേ ഇപ്പുറത്ത് പൊളിക്കാന്‍ പറ്റൂ. ഭ്രമയുഗത്തിലൊക്കെ അതാണ് ചെയ്തത്. പിന്നെ രാഹുലേട്ടന്‍ പൊളിയാണ്. പുള്ളി കട്ടയ്ക്ക് കൂടെയുണ്ടാകും.

ഞാനാദ്യം റീല്‍ വണ്‍ ചെയ്തു. അതിന് ശേഷം രണ്ടാമത്തേതും. ഫസ്റ്റ് ഹാഫ് റെഡിയാക്കി. ഞാന്‍ കൊടുക്കുന്ന എന്‍ഡ് മ്യൂസിക് അവര്‍ കൊണ്ടുപോയി ഒന്നുകൂടി എഡിറ്റ് ചെയ്യും. പിന്നീട് ഞാന്‍ അതില്‍ വീണ്ടും വര്‍ക്ക് ചെയ്യും. അവര്‍ വീണ്ടും എഡിറ്റ് ചെയ്യും. അങ്ങനെ ചെയ്യുമ്പോള്‍ ഭയങ്കര ബുദ്ധിമുട്ടുണ്ട്. പക്ഷേ അതിനുള്ള സമയം എനിക്ക് കിട്ടി. അത് പലപ്പോഴും കിട്ടാറില്ല. പക്ഷേ ഭ്രമയുഗത്തില്‍ രാഹുലേട്ടന്‍ എനിക്ക് സമയം തന്നിരുന്നു. ഒരു പ്രൊമോ ഡെമോ അയച്ചിട്ടാണ് ഭ്രമയുഗത്തില്‍ ഞാന്‍ ഇന്‍ ആകുന്നത്.

പോറ്റിയുടെ തീം ആയിരുന്നു ഷൂട്ടിന് മുന്‍പ് ചെയ്തത്. പിന്നെയാണ് മറ്റു പാട്ടുകള്‍ ചെയ്യുന്നത്. ഏജ് ഓഫ് മാഡ്‌നെസ് അവസാന പരിപാടിയായിരുന്നു. ബാക്കി പാട്ടുകളൊക്കെ കുറച്ചുകൂടി നേരത്തെ വന്നിരുന്നു, ക്രിസ്റ്റോ സേവ്യര്‍ പറഞ്ഞു.

Content Highlight: christo xavier about bramayugam movie music

We use cookies to give you the best possible experience. Learn more