| Thursday, 29th August 2024, 4:31 pm

ഇത്തരം സിനിമകള്‍ ചെയ്യാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഉര്‍വ്വശി ചേച്ചി ഒഴിവാക്കിയതായിരുന്നു ഇത്: ക്രിസ്റ്റോ ടോമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്രിസ്റ്റോ ടോമി ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ഉള്ളൊഴുക്ക്. ഉര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശിക്ക് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ഉള്ളൊഴുക്കിന്റെ സ്‌ക്രിപ്റ്റിന് 2018ലെ മികച്ച തിരക്കഥക്കുള്ള ദേശീയതലത്തിലെ പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു.

കഥ ആദ്യം പറഞ്ഞപ്പോള്‍ ഉര്‍വ്വശിക്ക് ഇമോഷണല്‍ സിനിമകള്‍ ചെയ്യാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയ സിനിമയായിരുന്നു ഉള്ളൊഴുക്കെന്ന് സംവിധായകന്‍ ക്രിസ്റ്റോ ടോമി പറയുന്നു. എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞെന്നും എന്നാല്‍ ആ കഥാപാത്രത്തിന് വേണ്ടി ഉര്‍വ്വശിയെ കണ്‍വിന്‍സ് ചെയ്യിക്കേണ്ടി വന്നിട്ടില്ലെന്നും ക്രിസ്റ്റോ ടോമി കൂട്ടിച്ചേര്‍ത്തു.

ഉള്ളൊഴുകിന്റെ സ്‌ക്രിപ്റ്റ് വായിച്ച ശേഷം ഉര്‍വ്വശി തന്നെ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നെന്നും കഥാപാത്രത്തിന്റെ സ്ട്രെങ്ത്ത് കൊണ്ടാണ് ഈ സിനിമയിലേക്ക് അവര്‍ വന്നതെന്ന് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു. ഡൂള്‍ ന്യൂസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ക്രിസ്റ്റോ ടോമി.

‘ഞാന്‍ സ്‌ക്രിപ്റ്റെല്ലാം എഴുതിക്കഴിഞ്ഞ് പ്രൊഡക്ഷന് വേണ്ടിയിട്ടുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് കാസ്റ്റിങ്ങിനെ കുറിച്ചെല്ലാം ആലോചിക്കുന്നത്. എന്റെ ഡി.ഒ.പി ആയിട്ടുള്ള ഷെഹ്നാദ് ചെയ്യാനിരുന്ന ഒരു സിനിമയില്‍ ചേച്ചിയായിരുന്നു. പിന്നെ ആ പ്രൊജക്റ്റ് നീണ്ടുപോയപ്പോള്‍ ഷെഹ്നാദ് ജലാലാണ് ഉര്‍വ്വശി ചേച്ചിയുടെ പേര് നിര്‍ദ്ദേശിക്കുന്നത്.

ഉര്‍വ്വശി ചേച്ചി സിനിമകളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്ന സമയമായിരുന്നു അന്ന്. അങ്ങനെയാണ് ചേച്ചിയെ വിളിക്കുന്നതും പോയി കാണുന്നതുമെല്ലാം. ഇമോഷണല്‍ സിനിമകള്‍ ചേച്ചിക്ക് അപ്പോള്‍ ചെയ്യാന്‍ താത്പര്യം ഇല്ലായിരുന്നു. എപ്പോഴും കരഞ്ഞുകൊണ്ടിരുന്നാല്‍ അതിന്റെ ഒരു ബുദ്ധിമുട്ടൊക്കെ ഉണ്ടാകുമെന്നും ചേച്ചി പറഞ്ഞിരുന്നു.

ഇതിനുവേണ്ടി ചേച്ചിയെ കണ്‍വിന്‍സ് ചെയ്യിക്കേണ്ടി വന്നു എന്ന് തോന്നുന്നില്ല. ചേച്ചിക്ക് സ്‌ക്രിപ്റ്റ് കൊടുത്തു അത് വായിച്ചിട്ട് ഓക്കേ ആവുകയായിരുന്നു. പിന്നെ ഒന്നുരണ്ടു വട്ടം നമ്മള്‍ ഫോണിലൂടെയും നേരിട്ടൊക്കെ ചര്‍ച്ച ചെയ്തു. പിന്നെ കൊവിഡ് വന്നപ്പോള്‍ ഡിലെ ആയി. എന്ന് തുടങ്ങും എന്നുള്ള ചിന്തയിലൊക്കെ ആയിരുന്നു.

അതിനുശേഷം പാര്‍വതി ഈ പ്രൊജക്ടിലേക്ക് വന്നതിനു ശേഷമാണ് പ്രൊജക്റ്റ് പിന്നെയും ഓണ്‍ ആകുന്നതും ഞാന്‍ ചേച്ചിയെ വിളിക്കുന്നതുമെല്ലാം. അങ്ങനെയാണ് ചേച്ചി ഉള്ളൊഴുക്കിലേക്ക് വരുന്നത്. ഞാന്‍ കണ്‍വിന്‍സ് ചെയ്യുന്നതിനേക്കാള്‍ ഉപരി, കരഞ്ഞുകൊണ്ടിരിക്കാന്‍ ചേച്ചിക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും ആ കഥാപാത്രത്തിന്റെ സ്ട്രെങ്ത്ത് കൊണ്ടാണ് ചേച്ചി ഈ സിനിമയിലേക്ക് വന്നതെന്ന് തോന്നുന്നു,’ ക്രിസ്റ്റോ ടോമി പറയുന്നു.

Content Highlight: Christo Tomy Talks About Urvashi in Ullozhukku Movie

Latest Stories

We use cookies to give you the best possible experience. Learn more