ക്രിസ്റ്റോ ടോമി ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ഉള്ളൊഴുക്ക്. ഉര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉര്‍വശിക്ക് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഉള്ളൊഴുക്കിന്റെ സ്‌ക്രിപ്റ്റിന് 2018ലെ മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു.
സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ച വ്യക്തിയാണ് ക്രിസ്റ്റോ ടോമി. 2017ല്‍ കോഴ്‌സ് കഴിഞ്ഞു പുറത്തിറങ്ങിയ അദ്ദേഹം 2018ല്‍ ഉള്ളൊഴുക്കിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. എന്നാലും ആറ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് റിലീസ് ആകുന്നത്.
ആദ്യ സിനിമ ചെയ്യാന്‍ ഇത്രയും കാലം കാത്തിരിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്ന് ക്രിസ്റ്റോ ടോമി പറയുന്നു. ഫീമെയില്‍ പ്രൊജക്റ്റ് ആയതുകൊണ്ടും സീരിയസ് സബ്ജക്ട് സംസാരിക്കുന്നതുകൊണ്ടും ഫണ്ട് ചെയ്യാന്‍ ആളുകളെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നെന്ന് ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2017ല്‍ ആണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞ് നാട്ടിലെത്തുന്നത്. അന്ന് വിചാരിച്ചത് ഒന്ന് രണ്ടു വര്‍ഷം കൊണ്ട് ആദ്യത്തെ സിനിമ ചെയ്യാന്‍ കഴിയുമെന്നാണ്. ഇന്നിപ്പോള്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് സിനിമ ചെയ്ത് അത് തിയേറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞത്.
ഇത്രക്ക് വൈകുമെന്ന് കരുതിയില്ല. അതിന്റെ കൂടെതന്നെ കറി& സയനൈഡ് ചെയ്തു. എന്നാലും സിനിമ ചെയ്യാന്‍ ഇത്രയും ബുദ്ധിമുട്ടുമെന്ന് കരുതിയില്ല. രണ്ടുവര്‍ഷകാലത്തോളം കൊവിഡ് ആയിരുന്നല്ലോ, അതൊരു കാരണമായിരുന്നു.
പിന്നെ ഫീമെയില്‍ പ്രൊജക്റ്റ് ആയതുകൊണ്ടും സീരിയസ് സബ്ജക്ട് സംസാരിക്കുന്നതുകൊണ്ടും ഫണ്ട് ചെയ്യാന്‍ ആളുകളെ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷെ ആദ്യ സിനിമ ഇതുതന്നെ ചെയ്യണം എന്ന് തീരുമാനിച്ചിരുന്നു. തുടങ്ങിയ കാലംതൊട്ടേ വളരെ ബുദ്ധിമുട്ടുള്ളൊരു ജേര്‍ണി ആയിരുന്നു,’ ക്രിസ്റ്റോ ടോമി പറയുന്നു.