സ്‌ക്രിപ്‌റ്റില്‍ പ്രയാസം തോന്നിയില്ല; ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും പേടിയായി: ക്രിസ്റ്റോ ടോമി
Entertainment
സ്‌ക്രിപ്‌റ്റില്‍ പ്രയാസം തോന്നിയില്ല; ആ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും പേടിയായി: ക്രിസ്റ്റോ ടോമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th June 2024, 4:57 pm

മലയാള സിനിമ ഇഷ്ടപ്പെടുന്നവര്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാനവേഷത്തില്‍ എത്തിയ ചിത്രം ജൂണ്‍ 21നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ റോണി സ്‌ക്രൂവാല നിര്‍മിച്ച സിനിമയാണ് ഉള്ളൊഴുക്ക്.

ഷൂട്ട് ചെയ്യാന്‍ ഏറെ പ്രയാസം തോന്നിയ സീനിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ക്രിസ്റ്റോ ടോമി. സിനിമയിലെ ഹോസ്പിറ്റല്‍ സീന്‍ എഴുതുമ്പോള്‍ പ്രയാസമില്ലായിരുന്നു എന്നും എന്നാല്‍ ഷൂട്ട് ചെയ്യുമ്പോള്‍ ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ ഹോസ്പിറ്റല്‍ സീന്‍ വലിയ കുഴപ്പമില്ലായിരുന്നു. ഒരു നോര്‍മല്‍ സീനായിട്ടാണ് ഞാന്‍ അത് എഴുതിയത് എന്നാണ് എന്റെ ഓര്‍മ. എന്നാല്‍ ഹോസ്പിറ്റലില്‍ ആയത് കാരണം ഷൂട്ട് ചെയ്യാന്‍ കുറച്ച് പ്രയാസമായിരുന്നു.

അന്ന് വളരെ കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളു. ഞങ്ങള്‍ ഐസോലേഷന്‍ വാര്‍ഡിന്റെ അടുത്തായിരുന്നു ഷൂട്ട് ചെയ്തത്. അതുകൊണ്ട് എല്ലാവര്‍ക്കും പേടിയായിരുന്നു. പെട്ടെന്ന് ഷൂട്ട് ചെയ്ത് തീര്‍ക്കേണ്ട അവസ്ഥയായിരുന്നു. വലിയ ഇമോഷണല്‍ സീനായിരുന്നു അത്.

ആ സെറ്റ് പ്രിപ്പയര്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് സമയം കിട്ടിയിരുന്നില്ല. ഒറിജിനല്‍ ഹോസ്പിറ്റലിലെ ഐ.സി.യുവില്‍ ആയിരുന്നു ഷൂട്ട് ചെയ്തത്. നേരത്തെ പോയി അവിടെ കാണാനുള്ള സമയം ഉണ്ടായിരുന്നില്ല. അന്ന് രാവിലെയാണ് ആ സെറ്റ് കാണുന്നത് തന്നെ.

അങ്ങനെയുള്ള കുറച്ച് ചലഞ്ചസ് ആ ഹോസ്പിറ്റല്‍ സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടായിരുന്നു. പക്ഷെ ആക്ടേഴ്‌സ് ആ സീന്‍ അഭിനയിച്ചപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളും അല്ലെങ്കില്‍ ഞാന്‍ എഴുതിയതിനേക്കാളും മികച്ചതായി,’ ക്രിസ്റ്റോ ടോമി പറഞ്ഞു.


Content Highlight: Christo Tomy Talks About Hospital Scene In Ullozhukk Movie