ആ നടിയുടെ നിര്‍ബന്ധം കൊണ്ടാണ് കറി& സയനൈഡ് ചെയ്തത്: ക്രിസ്റ്റോ ടോമി
Movie Day
ആ നടിയുടെ നിര്‍ബന്ധം കൊണ്ടാണ് കറി& സയനൈഡ് ചെയ്തത്: ക്രിസ്റ്റോ ടോമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th August 2024, 4:33 pm

2023 ഡിസംബര്‍ 22ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത ക്രൈം ഡോക്യുമെന്ററിയാണ് കറി & സയനൈഡ്: ജോളി ജോസഫ് കേസ്. കൂടത്തായിയില്‍ നടന്ന സയനൈഡ് കൊലക്കേസിനെ ആസ്പദമാക്കി ക്രിസ്റ്റോ ടോമിയാണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തത്. ശാലിനി ഉഷാദേവിയാണ് കറി & സയനൈഡിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

കറി& സയനൈഡ്; ദി ജോളി ജോസഫ് കേസിലേക്ക് തന്നെ നിര്‍ദ്ദേശിച്ചത് ഗീതു മോഹന്‍ദാസാണെന്ന് പറയുകയാണ് ക്രിസ്റ്റോ ടോമി. ഉള്ളൊഴുക്കിന്റെ പ്രീ പ്രൊഡക്ഷനില്‍ ആയതുകൊണ്ട് ആദ്യം ഡോക്യുമെന്ററി ചെയ്യാന്‍ വിസമ്മതിച്ചെന്നും എന്നാല്‍ ഗീതു മോഹന്‍ ദാസ് നിര്‍ബന്ധിച്ചതുകൊണ്ട് ചെയ്തതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡൂള്‍ ന്യൂസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ക്രിസ്റ്റോ ടോമി.

ആദ്യം നെറ്റ്ഫ്‌ലിക്‌സ് തന്നോട് എഴുതാന്‍ കഴിയുമോ എന്ന് ചോദിച്ചിരുന്നെന്നും എന്നാല്‍ ഉള്ളൊഴുക്കിന്റെ തിരക്കുകള്‍ ഉള്ളതുകൊണ്ട് ശാലിനി ഉഷാദേവിയാണ് തനിക്ക് പകരം ഉള്ളൊഴുക്ക് എഴുതിയതെന്നും ക്രിസ്റ്റോ ടോമി പറയുന്നു.

‘കറി& സയനൈഡ്; ദി ജോളി ജോസഫ് കേസ് എന്നിലേക്ക് വന്നൊരു പ്രൊജക്റ്റ് ആയിരുന്നു. ഉള്ളൊഴുക്കിന്റെ പ്രീ പ്രൊഡക്ഷന്‍ ആയതുകൊണ്ട് ആദ്യം അത് കമ്മിറ്റ് ചെയ്യാന്‍ എനിക്ക് മടിയുണ്ടായിരുന്നു.

ഗീതു മോഹന്‍ദാസായിരുന്നു ഈ പ്രൊജക്ടിലേക്ക് എന്റെ പേര് നിര്‍ദ്ദേശിച്ചത്. ഗീതു എന്നോട് ഒന്ന് ചെയ്തുനോക്കാന്‍ പറഞ്ഞു. പിന്നെ ഈ കഥ വളരെ കൗതുകമുള്ളതായി തോന്നി. അങ്ങനെയാണ് കറി& സയനൈഡ്; ദി ജോളി ജോസഫ് കേസ് ചെയ്യാന്‍ തീരുമാനിക്കുന്നത്.

അന്നവര്‍ എന്നോട് ഈ കഥ എഴുതാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു. പക്ഷെ ഉള്ളൊഴുക്കിന്റെ തിരക്കിലായതുകൊണ്ട് എനിക്കതിന് സമയമുണ്ടായിരുന്നില്ല.

പക്ഷെ ഇതെഴുതിയ ശാലിനിയെ എനിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ശാലിനിയും സുധയും കൂടെയായിരുന്നു സൂരരൈ പോട്രു എഴുതിയിരുന്നത്. ഞാന്‍ ശാലിനിയോട് ഈ പ്രൊജെക്ടിനെ കുറിച്ച് പറയുകയും അവര്‍ എഴുതാമെന്ന് സമ്മതിക്കുകയും ചെയ്തു,’ ക്രിസ്റ്റോ ടോമി പറയുന്നു.

Content Highlight: Christo Tomy Talks About His Entry To Curry & Cyanide: The Jolly Joseph Case Documentary