ഈ സ്ത്രീകളെ മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു; അവസാനം വരെ ആ സ്‌ട്രെഗിള്‍ ഉണ്ടായി: ക്രിസ്റ്റോ ടോമി
Entertainment
ഈ സ്ത്രീകളെ മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു; അവസാനം വരെ ആ സ്‌ട്രെഗിള്‍ ഉണ്ടായി: ക്രിസ്റ്റോ ടോമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th June 2024, 4:02 pm

മലയാള സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററിയൊരുക്കിയ ക്രിസ്റ്റോ ടോമിയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ജൂണ്‍ 21നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ റോണി സ്‌ക്രൂവാല നിര്‍മിച്ച സിനിമയാണ് ഉള്ളൊഴുക്ക്.

ഈ സിനിമയുടെ തിരക്കഥ എഴുതുമ്പോള്‍ ഇതിലെ സ്ത്രീ കഥാപാത്രങ്ങളെ മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് പറയുകയാണ് സംവിധായകന്‍ ക്രിസ്റ്റോ ടോമി. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തില്‍ ഉര്‍വശി ലീലാമ്മ എന്ന കഥാപാത്രമായും പാര്‍വതി അഞ്ചുവെന്ന കഥാപാത്രമായുമാണ് എത്തിയത്. ചില അവസരങ്ങളില്‍ ഇരുകഥാപാത്രങ്ങളും എങ്ങനെയാകും റിയാക്ട് ചെയ്യുന്നതെന്ന് കണ്ടെത്താന്‍ തനിക്ക് കുറച്ച് പ്രയാസമായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

‘ഈ സിനിമയിലെ സ്ത്രീകളെ മനസിലാക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു. കാരണം എക്‌സ്ട്രാ ഓര്‍ഡിനറിയായ ഒരു സിറ്റുവേഷനിലാണ് ഇരുവരും പെട്ടു പോകുന്നത്.

അവിടെ എങ്ങനെയാകും അഞ്ചുവിനെയും ലീലാമ്മയെയും പോലെയുമുള്ള ആളുകള്‍ റിയാക്ട് ചെയ്യുന്നതെന്ന് കണ്ടുപിടിക്കാന്‍ എനിക്ക് കുറച്ച് പ്രയാസമായിരുന്നു. ഒരുപാട് നാളെടുത്താണ് ഞാന്‍ ആ കാര്യം ഫിഗറൗട്ട് ചെയ്യുന്നത്.

ഒറ്റയടിക്ക് മനസിലാക്കിയെടുത്തതല്ല. പയ്യെ പയ്യെയാണ് മനസിലാക്കുന്നത്. ചിലപ്പോള്‍ ഈ അഞ്ചുവിന്റെ കഥാപാത്രത്തെ മനസിലാക്കാന്‍ കഴിയുന്നില്ലല്ലോയെന്ന് തോന്നും. അവസാനം വരെ അങ്ങനെയൊരു സ്‌ട്രെഗിള്‍ ഉണ്ടായിരുന്നു. പിന്നെ എഴുതി എഴുതിയാണ് നമ്മള്‍ അവരിലേക്ക് എത്തുന്നത്,’ ക്രിസ്റ്റോ ടോമി പറഞ്ഞു.

Content Highlight: Christo Tomy Talks About Characters Of Ullozhukku Movie