ഉള്ളൊഴുക്കിന്റെ കഥ പറയാന്‍ അര്‍ജുനെയും കൂട്ടി ഞാന്‍ നേരെ ബാറിലേക്കാണ് പോയത്: ക്രിസ്‌റ്റോ ടോമി
Entertainment
ഉള്ളൊഴുക്കിന്റെ കഥ പറയാന്‍ അര്‍ജുനെയും കൂട്ടി ഞാന്‍ നേരെ ബാറിലേക്കാണ് പോയത്: ക്രിസ്‌റ്റോ ടോമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th June 2024, 10:25 pm

ഉര്‍വശിയും പാര്‍വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് ഉള്ളൊഴുക്ക്. ഇന്ത്യയെ ഞെട്ടിച്ച കൂടത്തായി കേസിനെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസായ കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയാണ് ഉള്ളൊഴുക്ക് സംവിധാനം ചെയ്തത്. മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ മികച്ച സിനിമകളിലൊന്നാണ് ഉള്ളൊഴുക്ക്. രണ്ട് സ്ത്രീകളുടെ ജീവിതത്തിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയില്‍ ഉര്‍വശിയുടെയും പാര്‍വതിയുടെയും മികച്ച പ്രകടനം കാണാന്‍ സാധിച്ചു.

ചിത്രത്തില്‍ എല്ലാവരും എടുത്തുപറയുന്ന മറ്റൊരു പെര്‍ഫോമന്‍സ് അര്‍ജുന്‍ രാധാകൃഷ്ണന്റേതാണ്. ഡിയര്‍ ഫ്രണ്ടിലൂടെ മലയാളികള്‍ക്ക് പരിചിതനായ അര്‍ജുന്‍ ഉള്ളൊഴുക്കിലും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പാര്‍വതി അവതരിപ്പിച്ച അഞ്ചുവിന്റെ കാമുകനായ രാജീവ് എന്ന കഥാപാത്രമായാണ് അര്‍ജുന്‍ എത്തിയത്. രാജീവ് അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെല്ലാം അര്‍ജുന്‍ കൈയടക്കത്തോടെ അവതരിപ്പിച്ചു.

ചിത്രത്തിന്റെ കഥ അര്‍ജുനോട് പറഞ്ഞ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ക്രിസ്റ്റോ ടോമി. കഥ കേള്‍ക്കാന്‍ വേണ്ടി അര്‍ജുന്‍ ചങ്ങനാശ്ശേരിയില്‍ എത്തിയപ്പോള്‍ അവിടെയുള്ള ബാറിലേക്കാണ് അവനെയും കൊണ്ടുപോയതെന്ന് ക്രിസ്‌റ്റോ പറഞ്ഞു. അര്‍ജുന്റെ കഥാപാത്രം ബാറിലെ ജീവനക്കാരനയതുകൊണ്ട് ആ അന്തരീക്ഷത്തില്‍ വെച്ച് കഥ പറഞ്ഞപ്പോള്‍ അവന് കൂടുതല്‍ കണക്ടായെന്നും ക്രിസ്‌റ്റോ കൂട്ടിച്ചേര്‍ത്തു. ഉള്ളൊഴുക്കിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്‌റ്റോ ഇക്കാര്യം പറഞ്ഞത്.

‘അര്‍ജുന്‍ ഈ സിനിമയുടെ കഥ കേള്‍ക്കാനായി ചങ്ങനാശ്ശേരിയില്‍ വരികയായിരുന്നു. അവന്‍ താമസിക്കുന്ന ഹോട്ടലില്‍ ഞാന്‍ എത്തിയിട്ട് അവനെയും കൊണ്ട് നേരെ പോയത് അവിടത്തെ ബാറിലേക്കായിരുന്നു. ഹോട്ടലിന്റെ ബേസ്‌മെന്റിലായിരുന്നു ബാര്‍. ആ സ്‌റ്റെപ്പൊക്കെ ഇറങ്ങി ചെന്നപ്പോള്‍ അവിടത്തെ ലൈറ്റ് എല്ലാം ഒരു പ്രത്യേക വൈബിലായിരുന്നു. അര്‍ജുന്റെ ക്യാരക്ടര്‍ ബാറിലെ ജീവനക്കാരനാണ് ഈ സിനിമയില്‍ ആ അറ്റ്‌മോസ്ഫിയറിലിരുന്ന് കഥ കേട്ടപ്പോള്‍ അവന് കൂടുതല്‍ കണക്ടായി,’ ക്രിസ്‌റ്റോ പറഞ്ഞു.

Content Highlight: Christo Tomy shares the shooting experience with Arjun Radhakrishnan in Ullozhukk