Movie Day
അത്തരത്തിലുള്ള സിനിമകള്‍ ഞാന്‍ മനഃപൂര്‍വ്വം ചെയ്യുന്നതല്ല, ചെയ്തുവരുമ്പോള്‍ അങ്ങനെ ആകുന്നതാണ്: ക്രിസ്റ്റോ ടോമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 29, 09:32 am
Thursday, 29th August 2024, 3:02 pm

കരിയറിന്റെ തുടക്കത്തില്‍ തന്നെ ദേശീയ തലത്തില്‍ ശ്രദ്ധനേടിയ സംവിധായകനും എഴുത്തുകാരനുമാണ് ക്രിസ്റ്റോ ടോമി. അദ്ദേഹം ചെയ്ത കാമിനി, കന്യക എന്നീ ഷോര്‍ട് ഫിലിമുകള്‍ക്ക് ദേശീയ തലത്തില്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത് നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശിപ്പിച്ച കറി&സയനൈഡ്; ദി ജോളി ജോസഫ് കേസ് എന്ന ഡോക്യൂമെന്ററിയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ക്രിസ്റ്റോ ടോമി ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് ഉള്ളൊഴുക്ക്. ഉര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉര്‍വശിക്ക് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഉള്ളൊഴുക്കിന്റെ സ്‌ക്രിപ്റ്റിന് 2018ലെ മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു.

ക്രിസ്റ്റോ ടോമി ഉള്ളൊഴുക്കിന് മുമ്പ് ചെയ്ത കാമിനി, കന്യക തുടങ്ങിയ ഷോര്‍ട് ഫിലിമുകളും കറി&സയനൈഡ്; ദി ജോളി ജോസഫ് കേസ് എന്ന ഡോക്യൂമെന്ററിയും സ്ത്രീ കേന്ദ്രീകൃതമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ തന്റെ പ്രൊജക്ടുകള്‍ ഫീമെയില്‍ സെന്ററിക് ആകുന്നത് താന്‍ മനഃപൂര്‍വം ചെയ്യുന്ന കാര്യമല്ലെന്ന് പറയുകയാണ് ക്രിസ്റ്റോ ടോമി.

ആ കഥാതന്തുവിലൂടെ ആര് യാത്ര ചെയ്താലായിരിക്കും കൂടുതല്‍ കണക്ട് ആകുന്നത് എന്ന് നോക്കിയാണ് സ്ത്രീ വേണോ പുരുഷന്‍ വേണോ എന്ന് തീരുമാനിക്കുന്നതെന്ന് ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

‘എന്റെ ഭൂരിഭാഗം പ്രൊജക്ടുകളും ഫീമെയില്‍ സെന്ററിക് ആണ്. ഞാന്‍ അങ്ങനെ ഇന്റെന്‍ഷനലി ചെയ്യുന്നതല്ല. കറി&സയനൈഡ് എന്നിലേക്ക് വന്ന പ്രൊജക്റ്റ് ആണ്. ബാക്കിയെല്ലാം ഞാന്‍ തന്നെ എഴുതി ചെയ്യുന്നതാണ്. ആക്‌സിഡന്റലി അങ്ങനെ സംഭവിച്ചുപോകുന്നു എന്ന് പറയുന്നതാകും ശരി.

സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളായി വേണം എന്ന് എനിക്കില്ല. പക്ഷെ ചെയ്തുവരുമ്പോള്‍ അങ്ങനെ ആകുന്നതാണ്. ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നതില്‍ സ്ത്രീകള്‍ക്കാണോ പുരുഷന്മാര്‍ക്കാനോ ബുദ്ധിമുട്ട് എന്ന് ചിന്തിക്കാറുണ്ട്. ഉള്ളൊഴുക്കിലും കാമുകിയിലുമെല്ലാം എന്നോടുതന്നെ ഞാന്‍ ആ ചോദ്യം ചോദിച്ചിരുന്നു. അതിനപ്പുറത്തേക്ക് സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കി ചെയ്യണം എന്ന് കരുതിയിട്ടില്ല. അങ്ങനെ സംഭവിച്ചുപോകുന്നതാണ്,’ ക്രിസ്റ്റോ ടോമി പറയുന്നു.
Content Highlight: Christo Tomy says why he does female centric projects