| Friday, 14th June 2024, 4:03 pm

ലൊക്കേഷനില്‍ എപ്പോഴും ചിരിച്ചുകളിച്ചിരിക്കുന്ന ഉര്‍വശി ചേച്ചി ആ സീനിന് മുമ്പ് വല്ലാതായി: ക്രിസ്റ്റോ ടോമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഉള്ളൊഴുക്ക്. മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത കറി ആന്‍ഡ് സയനൈഡ് എന്ന ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്‌റ്റോ ടോമിയാണ് ഉള്ളൊഴുക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവുഡിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിര്‍മാണം.

ചിത്രത്തിന്റെ ട്രെയ്‌ലറില്‍ പാര്‍വതിയും ഉര്‍വശിയും തമ്മില്‍ സംസാരിക്കുന്ന രംഗം ചിത്രീകരിച്ച അനുഭവം ക്രിസ്‌റ്റോ പങ്കുവെച്ചു. ആ സീന്‍ എടുക്കുന്നതിന് മുമ്പ് ഉര്‍വശി മാറിയിരുന്ന് ഡയലോഗ് ഉരുവിടുകയായിരുന്നെന്നും, വല്ലാത്ത പിരിമുറുക്കത്തിലായിരുന്നെന്നും ക്രിസ്റ്റോ പറഞ്ഞു. സാധാരണ എല്ലാ ഷോട്ടിന് മുമ്പും എല്ലാവരോടും ചിരിച്ച് സംസാരിക്കാറുള്ള ഉര്‍വശി അല്ലായിരുന്നു ആ സമയത്തെന്നും ക്രിസ്‌റ്റോ കൂട്ടിച്ചേര്‍ത്തു. ഉള്ളൊഴുക്കിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ്റ്റോ ഇക്കാര്യം പറഞ്ഞത്.

‘ആ സീന്‍ എടുത്ത സമയത്തെ അനുഭവം എനിക്ക് നല്ല ഓര്‍മയുണ്ട്. അന്ന് ആ സീനിന്റെ കൂടെ വേറെ രണ്ടുമൂന്ന് സീന്‍ കൂടി എടുക്കാമെന്ന ചിന്തയിലായിരുന്നു ഞാന്‍. ആ സീനിലെ ഡയലോഗു ബാക്കി കാര്യങ്ങളും ഉര്‍വശി ചേച്ചിക്ക് പറഞ്ഞുകൊടുത്തു. അതിന്റെ ഡെപ്ത് അപ്പോള്‍ തന്നെ ചേച്ചി ഉള്‍ക്കൊണ്ടു എന്ന് തോന്നുന്നു. ആ ഷോട്ടിന് വിളിക്കുന്നതുവരെ ഒരു മൂലക്ക് മാറിയിരുന്ന് ഡയലോഗ് ഉരുവിടുകയായിരുന്നു.

എല്ലായ്‌പ്പോഴും ഷോട്ടിന് തൊട്ടു മുന്‍പ് വരെ എല്ലാവരോടും കളിച്ച് ചിരിച്ച് ജോളിയായി ഇരിക്കുന്ന ഉര്‍വശി ചേച്ചിയെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. അന്ന് നോക്കിയപ്പോള്‍ ജപമാല ഉരുവിടുന്നതുപോലെ ചേച്ചി ഡയലോഗ് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ചുറ്റും വലിയ ബഹളം നടക്കുന്നുണ്ട്. ലൈറ്റും, ബാക്കി കാര്യങ്ങളും ശരിയാക്കാന്‍ മൊത്തം യൂണിറ്റും ഓടി നടക്കുന്ന സമയത്ത് ഉര്‍വശി ചേച്ചി ഇതൊന്നുമറിയാതെ മാറിയിരിക്കുകയായിരുന്നു. അന്ന് വേറൊരു ഷോട്ടും ഞാന്‍ എടുത്തില്ല,’ ക്രിസ്‌റ്റോ പറഞ്ഞു.

Content Highlight: Christo Tomy about Urvashi in Ullozhukk movie

Latest Stories

We use cookies to give you the best possible experience. Learn more