ഒരു 'മാപ്ല ക്രിസ്മസ് '
Opinion
ഒരു 'മാപ്ല ക്രിസ്മസ് '
താഹ മാടായി
Saturday, 24th December 2022, 5:07 pm

മാടായി പുരയുടെ പടിഞ്ഞാറെ അതിര്‍ത്തി വിശുദ്ധ കുരിശിന്റെ ദേവാലയ മതിലാണ്. ഉയരത്തില്‍ കെട്ടിപ്പൊക്കിയ മതിലിനപ്പുറം, കുരിശാകൃതിയില്‍ പള്ളി. തൊട്ടടുത്ത് വൈദികരുടെ പാര്‍പ്പിടമായ ‘പാഴ്‌സ നേജ്’. ഓടുകള്‍ പാകിയ പഴയ പാഴ്‌സ നേജില്‍ ,പഴയ വൈദികര്‍ ബൈബിള്‍ വായിച്ചിരിക്കുന്നതും ഇടവക വിശ്വാസികളുടെ ദു:ഖങ്ങള്‍ക്ക് പരിഹാരം തേടുന്നതും തൊട്ടയല്‍പ്പക്കത്തെ ‘മാപ്ല’കുട്ടിയായ ഞാന്‍ കാണുമായിരുന്നു.

ജെസ്യൂട്ട് വൈദികരും രൂപതാ പുരോഹിതരും അവിടെ ഇടവിട്ട് വന്നു കൊണ്ടിരുന്നു. ചില പഴയ വൈദികര്‍ ചുമതലയേറ്റ ദിവസം തന്നെ ഞങ്ങളുടെ വീട്ടില്‍ വന്നു സ്‌നേഹാശംസകള്‍ കൈമാറി. ചില പുരോഹിതര്‍ മറ്റു ഇടവേളകളിലേക്ക് പോകുമ്പോള്‍ ബൈബിള്‍ ഒപ്പിട്ടു തന്നു. അങ്ങനെ അച്ചന്മാര്‍ ഒപ്പിട്ടു തന്ന കുറേ ബൈബിളുകള്‍ ബുക്ക് ഷെല്‍ഫിലുണ്ട്.

തിരിച്ച് ഒരിക്കല്‍ പോലും ഖുര്‍ആന്‍ ഒപ്പിട്ടു ഞാന്‍ തിരിച്ചു നല്‍കിയില്ല. ഖുര്‍ആനില്‍ ഒപ്പിട്ട് ‘ആശംസകളോെടെ, പ്രിയപ്പെട്ട അച്ചന്, സ്വന്തം താഹ ‘എന്നെഴുതി നല്‍കാന്‍ ആഗ്രഹിച്ചെങ്കിലും പടച്ചോന്റെ പുസ്തകമായ ഖുര്‍ആനില്‍ പടപ്പായ ഞാന്‍ ‘ആശംസകളോടെ ‘ എന്നെഴുതി പ്രിയപ്പെട്ടവര്‍ക്ക് കൈമാറാമോ എന്ന സന്ദേഹം, ഇന്നുമെന്നെ വിട്ടുമാറിയിട്ടില്ല. മതം എന്റെ തലയില്‍ അത്രയുമുണ്ട്.

‘വുളു ‘(അംഗസ്‌നാനമില്ലാതെ) അറബി ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പോലും ആ കാലത്ത് എനിക്ക് ഭയമായിരുന്നു. എന്നാല്‍, ഖുര്‍ആനില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഉപ്പാക്ക് അത്തരം ഭയങ്ങള്‍ ഇല്ലായിരുന്നു. മുഹമ്മദ് പിക്താള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഖുര്‍ആന്‍ കോപ്പികള്‍ ‘ ബെസ്റ്റ് വിഷസ് ഫ്രം പൊന്നന്‍ ഹംസ’ എന്നെഴുതി, ഉപ്പ ചില വൈദികര്‍ക്കു തിരിച്ചു നല്‍കി.നമ്മള്‍ ആദമിന്റെയും ഹവ്വയുടെയും മക്കള്‍ എന്ന ‘ഒരിത്’ ആ സ്‌നേഹപ്രകടനത്തിലുണ്ടായിരുന്നു.

ഒരുപാട് വൈദികരെ പരിചയമുണ്ടെങ്കിലും, ഹൃദയം കവര്‍ന്ന അച്ചന്‍ ‘വര്‍ഗീസച്ച ‘നാണ്. ഉപ്പയുടെ മാത്രമല്ല ,ഞങ്ങള്‍ക്കും ഏറ്റവും പ്രിയപ്പെട്ട അച്ചന്‍. അവര്‍ തമ്മില്‍ മതങ്ങളുടെ ആന്തരിക സത്തയെക്കുറിച്ച് ദീര്‍ഘമായി സംസാരിക്കുമായിരുന്നു. ബാല്യത്തില്‍, ക്രിസ്മസ് അടുക്കാറാവുമ്പോള്‍ മതിലിനപ്പുറം നിന്ന് അച്ചന്‍ വിളിക്കും: ‘താഹക്കുഞ്ഞേ, ഉണ്ണീശോയെ കാണാന്‍ വരുന്നില്ലേ?’

ചര്‍ച്ചിനകത്തെ പുല്‍ക്കൂട് കാണാനാണ് അച്ചന്റെ ക്ഷണം. മതിലു കയറി ഞാന്‍ പോകും. അള്‍ത്താരയ്ക്കടുത്ത് പുല്‍ക്കൂട്. ജ്ഞാനികള്‍, ആട്ടിടയന്മാര്‍, ഉണ്ണീശോ, അരികില്‍ ദൈവിക മന്ദഹാസവുമായി കിടക്കുന്ന കന്യാമറിയം. വിസ്മയം നിറഞ്ഞ കണ്ണുകളോടെ ഉണ്ണീശോയെ നോക്കും.

മെല്ലെ, ഇന്നത്തെ കുട്ടികള്‍ മെസ്സിയെ തൊടുന്നതു പോലെ, ഞാന്‍ ഉണ്ണീശോയെ സ്പര്‍ശിക്കും. ഒരിക്കല്‍ ഉണ്ണീശോയെ ഉമ്മ വെക്കാന്‍ ആഗ്രഹിച്ചു ഞാന്‍ വര്‍ഗീസച്ചനോടു ചോദിച്ചു: ‘ഉണ്ണീശോക്ക് മുത്തം കൊടുത്തോട്ടെ?’ ‘പിന്നെന്താ.’ അച്ചന്‍ വിലക്കുകയൊന്നും ചെയ്തില്ല.

അന്ന് ഞങ്ങളുടെ വീട്ടിലേക്ക് കുറച്ചു കാലത്തേക്ക് വൈദ്യുതി തന്നത് പള്ളിയില്‍ നിന്നായിരുന്നു. ‘ലൂപ്പെടുക്കുക ‘ എന്ന് പറയുന്ന ആ ഏര്‍പ്പാട്.ഒരു ചര്‍ച്ചില്‍ നിന്ന് വൈദ്യുതി ‘ലൂപ്പെടുത്ത’ ഒരേയൊരു മുസ്‌ലിം വീട് ഭൂമിയില്‍ ഞങ്ങളുടേതായിരിക്കണം.

പുതിയ പോസ്റ്റിടുന്നതു വരെയുള്ള ചെറിയ ആ കാലം ,കാറ്റടിക്കുമ്പോള്‍ കറന്റ് പോകുന്ന കാലമായിരുന്നു. കറന്റ് പോയാല്‍ അപ്പോള്‍ അച്ചനെ മതിലിനിപ്പുറത്തു നിന്ന് കൂവി വിളിക്കും, :’അച്ചാ ,കറന്റ് പോയി ‘. വര്‍ഗീസച്ചനും അന്നത്തെ കപ്യാരായ ജോര്‍ജ്ജേട്ടനും ആരെയൊക്കെയോ വിളിച്ച് ഫ്യൂസ് ശരിയാക്കും.

 

ക്രിസ്മസ് ആകുമ്പോള്‍, മറ്റു സഭാ വിശ്വാസികളുടെ വീട്ടില്‍ പോകുന്നത് പോലെ, പെട്രോമാക്‌സ് വെളിച്ചത്തില്‍, സാന്താക്ലോസ് സംഘം പുരയിലേക്കും വന്നു. സാന്താക്ലോസിനെ കാണുമ്പോള്‍ പെങ്ങന്മാര്‍ പേടിയോടെ വാതില്‍ മറവില്‍ ഒളിച്ചിരിക്കും. അന്ന് ചര്‍ച്ചിനടുത്തുള്ള മുസ്‌ലിം വീടുകളിലൊക്കെ സാന്താക്ലോസ് പോകുമായിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ വീട്ടിലേക്ക് മാത്രമായി അത് ചുരുങ്ങി. ഇന്നലെയും അവര്‍ വന്നു, ക്രിസ്മസ് പുതുവത്സരാശംസകള്‍ നേര്‍ന്നു.

വര്‍ഗീസച്ചന്‍ ഇടവക വിട്ടു പോകുമ്പോള്‍ ഉപ്പ ചര്‍ച്ചിലേക്ക് യാത്ര അയക്കാന്‍ പോയി. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ശേഷം അച്ചന്‍ അള്‍ത്താരയില്‍ നിന്നിറങ്ങി വന്ന് ഉപ്പയെ ഗാഢമായി ആലിംഗനം ചെയ്തു. ‘നമുക്ക് കാണാം, അച്ചന്‍ പറഞ്ഞു: ഭൂമിയില്‍ വെച്ചും സ്വര്‍ഗത്തില്‍ വെച്ചും ‘- ഉപ്പ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഉപ്പയില്ല. വര്‍ഗീസച്ചന്‍ എവിടെയാണ്? അദ്ദേഹം കൂടി ജ്ഞാനം പകര്‍ന്ന ഒരു ‘മാപ്ല’പയ്യന്‍ ഇതെഴുതുന്നത് അദ്ദേഹം അറിഞ്ഞെങ്കില്‍ …

Content Highlight: Mappla Christmas Thaha Madai Writeup

 

 

 

താഹ മാടായി
എഴുത്തുകാരന്‍