ജെറുസലേം: ക്രിസ്മസ് ദിനത്തിലും വെസ്റ്റ്ബാങ്കിലെ രക്തചൊരിച്ചില്‍ അവസാനിപ്പിക്കാതെ ഇസ്രഈല്‍. ഇസ്രഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുല്‍ക്കരം നഗരത്തിന് സമീപമുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ ചൊവ്വാഴ്ച ഇസ്രഈല്‍ സൈന്യം നടത്തിയ റെയ്ഡില്‍ എട്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ഇസ്രഈല്‍ സൈന്യത്തിന്റെ ഷെല്‍ ആക്രമണത്തിലാണ് ഖ്വാല അബ്ദോ എന്ന പേരുള്ള 53 വയസുകാരി കൊല്ലപ്പെട്ടത്. ഫതി സയീദ് സലേം എന്ന പതിനെട്ടുകാരന് ഇസ്രഈല്‍ സൈനികരുടെ വെടിയേറ്റാണ് മരിച്ചതെന്നും ഫലസ്തീന്‍ അധികൃതരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ഷെല്‍ ആക്രമണത്തില്‍ മാത്രം എട്ട് പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വെസ്റ്റ്ബാങ്കിലെ ഇസ്രഈല്‍ ആക്രമണത്തില്‍ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിന്റെ അല്‍ ഖ്വസ ബ്രിഗേഡിലെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഇസ്രഈല്‍ സൈന്യത്തിന്റെ കൗണ്ടര്‍ ടെററിസം ഓപ്പറേഷന്റെ ഭാഗമാണ് ഈ ആക്രമണമെന്നാണ് ഇസ്രഈല്‍ സൈന്യത്തിന്റെ വാദം. ആക്രമണത്തിനിടെ സൈന്യം മറ്റ് 18 പേരെ അറസ്റ്റ് ചെയ്യുകയും ഡസന്‍ കണക്കിന് ആയുധങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു.
തുല്‍ക്കരം ക്യാമ്പിന് സമീപത്തെ വീടുകള്‍, കടകള്‍, അല്‍-സലാം പള്ളിയുടെ ഒരു ഭാഗം, ക്യാമ്പിന്റെ ജലവിതരണ ശൃംഖല എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും സൈന്യം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
വെസ്റ്റ്ബാങ്കിലെ ആക്രമണത്തിന് പുറമെ ഗസയിലും ഇസ്രഈല്‍ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ജബലിയയില്‍ ഇന്ന് (ബുധനാഴ്ച്ച) നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 45,000ത്തില്‍ അധികം ആളുകളാണ് ഇതിനകം കൊല്ലപ്പെട്ടത്. ഇതില്‍ 17,000ത്തിലധികം കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
Content Highlight: Christmas also bloody in the West Bank; Eight people were killed in the Israeli attack