| Friday, 7th April 2023, 9:22 am

ക്രൈസ്തവരെ പിന്തുടരണം, ആക്രമിക്കണം; വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി മന്ത്രിക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ക്രൈസ്തവരെ എപ്പോഴും പിന്തുടരണമെന്നും ആക്രമിക്കണമെന്നും ആഹ്വാനം ചെയ്ത കര്‍ണാടകയിലെ ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുത്ത് ആര്‍.ആര്‍ നഗര്‍ പൊലീസ്. ഒരു കന്നഡ ന്യൂസ് ചാനലിലാണ് ആര്‍.ആര്‍ നഗര്‍ എം.എല്‍.എയും ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് മന്ത്രിയുമായ മുനിരത്‌ന വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്.

മാര്‍ച്ച് 31നായിരുന്നു എം.എല്‍.എ ഇക്കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മന്ത്രി പറഞ്ഞതെന്നാണ് പൊലീസ് ഭാഷ്യം.

‘ഈ നിമിഷത്തിലും ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. ചേരികളില്‍ മതപരിവര്‍ത്തനം ധാരാളമായി നടക്കുന്നുണ്ട്. 1400 ആളുകളുള്ളിടത്ത് 400 പേരും മതപരിവര്‍ത്തനത്തിന് വിധേയരായിക്കഴിഞ്ഞു. അവര്‍ ഇനി വരുമ്പോള്‍ ഒന്നുകില്‍ അവരെ അടിച്ചിറക്കുകയോ പൊലീസില്‍ പരാതിപ്പെടുകയോ ചെയ്യണം,’ എന്നാണ് ചാനല്‍ ചര്‍ച്ചയില്‍ മുനിരത്‌ന പറഞ്ഞത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശോധന നടത്തുന്ന ഇലക്ഷന്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് 11 ടീം ലീഡര്‍ മനോജ് കുമാര്‍ നല്‍കിയ പരാതിയിലാണ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. സാമുദായിക സൗഹാര്‍ദ്ദത്തെ ദോഷകരമായി ബാധിക്കുന്നതും ക്രിസ്ത്യന്‍ ജനസമൂഹത്തെ അപമാനിക്കുന്നതുമായ പരാമര്‍ശങ്ങളാണ് മന്ത്രി നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 117, 153A, ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 125 എന്നിവ പ്രകാരമാണ് മന്ത്രിക്കെതിരെ കേസെടുത്തിട്ടുള്ളത്.

കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന പശ്ചാത്തലത്തിലാണ് ബസവരാജ് ബൊമ്മൈ മന്ത്രിസഭയിലെ അംഗം വിദ്വേഷ പ്രസംഗം നടത്തിയിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് വളര്‍ത്തി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നതെന്ന പ്രതിപക്ഷ കക്ഷികളുടെ ആരോപണങ്ങള്‍ക്കിടെയാണ് മന്ത്രിയുടെ വിദ്വേഷ പരാമര്‍ശം. മെയ് പത്തിനാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13നാണ് വോട്ടെണ്ണല്‍.

Content Highlights: Christians should be attacked; Case against BJP minister for hate speech

We use cookies to give you the best possible experience. Learn more