പനാജി: ‘ലൗ ജിഹാദി’നെതിരെ ഹിന്ദുക്കൾക്കൊപ്പം ക്രിസ്ത്യാനികളും കൈകോർക്കണമെന്ന് തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ ടി. രാജ സിങ്. ജിഹാദികളുടെയും അവരുടെ നിയമസഭാംഗങ്ങളുടെയും എണ്ണം വർദ്ധിച്ചാൽ അടുത്ത ഇരുപത്, മുപ്പത് വർഷത്തിനുള്ളിൽ ഒരു ഹിന്ദു പ്രധാനമന്ത്രി ഇന്ത്യയിൽ ഉണ്ടാവില്ലെന്നും ഗോവയിലെ കുർചോറമിൽ ബജ്‌റംഗ്ദൾ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘ലൗ ജിഹാദികൾ ഒരിക്കലും ഹിന്ദുക്കളെ മാത്രമല്ല ലക്ഷ്യമിടുന്നത്. ഗോവയിലെ ക്രിസ്ത്യൻ സഹോദരന്മാരോട് എനിക്ക് പറയാനുള്ളത്, പൂർണമായി വ്യക്തമാക്കുന്നിലെങ്കിലും നിങ്ങൾ കേരള സ്റ്റോറി എന്ന സിനിമ കാണണം എന്നാണ്. മുസ്‌ലിം പുരുഷന്മാർ മറ്റ് മതത്തിലെ സ്ത്രീകളെ വിവാഹത്തിലേക്ക് ആകർഷിക്കുന്നതിനായി ലൗ ജിഹാദ് നടത്തുന്നു,’അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദിന്റെ പേരിൽ ഹിന്ദു, ക്രിസ്ത്യൻ മതത്തിൽപ്പെട്ട പെൺകുട്ടികളെ എങ്ങനെ വശീകരിക്കുന്നുവെന്നാണ് കേരള സ്റ്റോറിയെന്ന സിനിമ കാണിക്കുന്നതെന്നും ലൗ ജിഹാദിനെതിരെ പോരാടാൻ ക്രിസ്ത്യൻസ് ഹിന്ദുക്കൾക്കൊപ്പം കൈകോർക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾ നിങ്ങൾക്കായി വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും ഒന്നിച്ചാൽ നമ്മുടെ ശക്തി വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ജനസംഘ്യ വർദ്ധനവ് പരിശോധിച്ചാൽ അടുത്ത 10 മുതൽ 20 വർഷത്തിനുള്ളിൽ രാമനവമി, ഹനുമാൻ ജയന്തി തുടങ്ങിയ ഉത്സവങ്ങൾക്ക് ഘോഷയാത്രകൾ സംഘടിപ്പിക്കാൻ ഹിന്ദുക്കൾക്ക് കഴിയില്ലെന്നും രാജ സിങ് പറഞ്ഞു.
‘ജിഹാദികളുടെ ജനസംഖ്യ വർദ്ധിക്കുകയും അവരുടെ എം.എൽ.എ.മാരുടെയും എം.പി.മാരുടെയും എണ്ണം കൂടുകയും ചെയ്താൽ, അടുത്ത ഇരുപത്, ഇരുപത്തഞ്ചു വർഷത്തിനുള്ളിൽ ഇവിടെ ഉണ്ടാവുക മുസ്‌ലിം പ്രധാനമന്ത്രിയായിരിക്കും. കുടുംബാസൂത്രണം തുടർന്നാൽ ഇരുപത്തഞ്ചു മുപ്പത് വർഷത്തിനുള്ളിൽ പാകിസ്ഥാനിലെ ഹിന്ദുക്കളുടെ അവസ്ഥയായിരിക്കും ഇവിടുത്തെ ഹിന്ദുക്കൾക്കും,’എം.എൽ.എ കൂട്ടിച്ചേർത്തു.
അയൽരാജ്യത്ത് ഹിന്ദുക്കൾ കൊല്ലപ്പെടുകയും അവരുടെ കടകൾ കൊള്ളയടിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് അദ്ദേഹം ബംഗ്ലാദേശിനെക്കുറിച്ചും പരാമർശിച്ചു. ബംഗ്ലാദേശികൾ സഹായത്തിനായി അഭ്യർത്ഥിക്കുകയാണെന്നും ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കാനായി ‘ബജ്‌രംഗി’ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരെ ആരൊക്കെ വന്നാലും ഇതേ ഗതി തന്നെയാവുമെന്നും ബംഗ്ലാദേശിന്റെ പതാക വലിച്ചുകീറികൊണ്ട് രാജ സിങ് പറഞ്ഞു.
വർഗീയ പ്രസംഗങ്ങളുടെ പേരിൽ നേരത്തെയും വിവാദങ്ങളുടെ ഭാഗമായ എം.എൽ.എയാണ് ടി.രാജ സിങ്. ഹൈദരാബാദിലെ ഗോഷാമഹലിൽ നിന്നുള്ള അദ്ദേഹം ചില കേസുകളിലും ഉൾപെട്ടിട്ടുണ്ട്.
Content Highlight: Christians must stand with Hindus to oppose Love Jihad, India will not have a Hindu Prime Minister if the number of Jihadists increases; BJP MLA