ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തന പരാതിയുടെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികളുടെ കണക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
കര്‍ണാടക ബി.ജെ.പി സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ- പിന്നാക്ക വിഭാഗം വകുപ്പ് നിയമസഭാ സമിതിയാണ് സര്‍വേയെടുക്കാന്‍ തീരുമാനിച്ചത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പള്ളികള്‍ കണ്ടെത്തി ഒഴിവാക്കാനാണ് സര്‍വേ നടത്താന്‍ ആവശ്യപ്പെട്ടതെന്ന് സമിതി അറിയിച്ചു.
കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും അത് പരിശോധിക്കുകയാണ് ലക്ഷ്യമെന്നും സമിതി ചെയര്‍മാന്‍ എം.എല്‍.എ ഗൂളിഹട്ടി ശേഖര്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ തന്റെ അമ്മ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാണെന്ന് ശേഖര്‍ പറഞ്ഞിരുന്നു.
അതേസമയം, സമിതിയുടെ തീരുമാനത്തെ കോണ്‍ഗ്രസ് എതിര്‍ത്തിട്ടുണ്ട്. സമിതിയില്‍ നിരവധിപേര്‍ പങ്കെടുത്തില്ലെന്നും അത് മുതലാക്കിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ശിവാജിനഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ റിസ്വാന്‍ അര്‍ഷാദ് പറഞ്ഞു.
കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ ക്രിസ്ത്യന്‍ സഭകളും രംഗത്തെത്തി. ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെയും പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും കണക്കെടുക്കുന്നത് അനാവശ്യമാണെന്നും ഒരു സമുദായത്തെ ലക്ഷ്യം വെക്കുന്നതാണെന്നും ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് റവ. പീറ്റര്‍ മച്ചാഡോ അറിയിച്ചു.