ഇന്ത്യയിലും പാകിസ്ഥാനിലും ക്രിസ്ത്യാനികൾക്കെതിരായ വർഗീയ ആക്രമണങ്ങൾ വർധിക്കുന്നു; കെ.സി.ബി.സി
India
ഇന്ത്യയിലും പാകിസ്ഥാനിലും ക്രിസ്ത്യാനികൾക്കെതിരായ വർഗീയ ആക്രമണങ്ങൾ വർധിക്കുന്നു; കെ.സി.ബി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2024, 6:00 pm

തിരുവനന്തപുരം : ഇന്ത്യയിലും പാകിസ്ഥാനിലും ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ചുള്ള വർഗീയ ആക്രമണങ്ങൾ ക്രമാതീതമായി വർധിക്കുന്നുവെന്ന് കേരള കാത്തോലിക് ബിഷപ് കൗൺസിൽ.

കഴിഞ്ഞ വർഷം മാത്രം റിപ്പോർട്ട് ചെയ്തത് 687 ആക്രമണങ്ങളാണെന്നാണ് കെ.സി.ബി.സി ജാഗ്രത കമ്മീഷൻ നിയമിച്ച വിശകലന സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇതിലേറെയും നടന്നത് മതപരിവർത്തനം സംബന്ധിച്ച വ്യാജ ആരോപണങ്ങളെ തുടർന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നത്.

2023 ജനുവരി ഒന്ന് മുതൽ ഡിസംബർ 14 വരെയുള്ള 334 ദിവസങ്ങളിലാണ് ഇത്രയും ആക്രമണങ്ങൾ നടന്നിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിലാണെന്നും (287) തൊട്ടുപിന്നിൽ ഛത്തീസ്‌ഗഡും (148) ജാർഖണ്ഡും (49) ആണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ സംസ്ഥാനങ്ങളെല്ലാം മതപരിവർത്തന നിരോധന നിയമങ്ങൾ നടപ്പാക്കപ്പെട്ടിട്ടിട്ടുള്ളവയാണ്. റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുന്ന സംഭവങ്ങൾ ഇതിനേക്കാളേറെയായിരിക്കും.

റിപ്പോർട്ടിൽ മണിപ്പൂരിലെ ക്രൈസ്‌തവ വേട്ടയുടെ കണക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല. ഹെൽപ് ലൈൻ നമ്പർ വഴി വിവരം ലഭിക്കുന്ന സംഭവങ്ങളാണ് മുഖ്യമായും സമിതി അന്വേഷണ വിധേയമാക്കുകയും രേഖപ്പെടുത്തുകയും ചെയ്തത്.

മതപരിവർത്തന നിരോധന നിയമപ്രകാരം ഒരു കുറ്റകൃത്യം അഥവാ ആരോപണത്തെ നിയമപരമായി ഉന്നയിക്കാൻ കഴിയുന്നത് ഇരയായ വ്യക്തിക്കോ അയാളുടെ മാതാപിതാക്കൾക്കോ ആണ്. എന്നാൽ സമീപകാലങ്ങളായി രജിസ്റ്റർ ചെയ്യപ്പെട്ട പല കേസുകൾക്കും പിന്നിൽ ഹിന്ദുത്വ സംഘടനാപ്രവർത്തകരാണെന്ന് റിപ്പോർട്ട് പറയുന്നു.

ഇതുമൂലം വൈദികരും കന്യാസ്ത്രീകളും കെട്ടിച്ചമച്ച കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും ഭൂരിപക്ഷ ജനത ന്യൂനപക്ഷമായ ക്രിസ്ത്യൻ സമുദായത്തെ ആക്രമിക്കുന്നത് ഖേദകരമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അസത്യമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്ന ചില തീവ്ര മത സംഘടനകളുടെ ലക്ഷ്യം ആൾക്കൂട്ട കൊലപാതകമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ആക്രമണങ്ങൾ നടക്കുന്ന രാജ്യങ്ങളിലെ സർക്കാരുകളും മറ്റ് രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ഈ സാഹചര്യത്തിൽ നിർണായകമായി പ്രവർത്തിക്കണമെന്ന് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാദർ ജേക്കബ് ജി പാലക്കപ്പിള്ളി പ്രസ്താവനയിൽ പറഞ്ഞു.

 

 

Content Highlight: Christians being increasingly targeted, alleges KCBC