| Friday, 7th July 2023, 5:41 pm

ക്രിസ്ത്യാനികളെയും ആദിവാസികളെയും സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കും; നാഗാലാന്‍ഡിന് കേന്ദ്രത്തിന്റെ ഉറപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്രിസ്ത്യാനികളെയും ആദിവാസികളെയും ഏകീകൃത സിവില്‍ കോഡില്‍(യു.സി.സി) നിന്ന് ഒഴിവാക്കുമെന്ന് നാഗാലാന്‍ഡ് സര്‍ക്കാരിന് കേന്ദ്രം ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്.

ഏകീകൃത സിവില്‍ കോഡില്‍ ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ ആശങ്ക അറിയിക്കാന്‍ മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലാണ് ഇക്കാര്യം തീരുമാനമായതെന്ന് ദി മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

യു.സി.സിയുടെ പരിധിയില്‍ നിന്ന് ക്രിസ്ത്യാനികളെയും ആദിവാസി മേഖലകളിലെ ചില വിഭാഗങ്ങളെയും ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് അമിത് ഷാ പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കി.

നാഗാലാന്‍ഡിന് ഭരണഘടനയിലുള്ള പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍ 371 എ സംബന്ധിച്ച ആശങ്കയും പ്രതിനിധി സംഘം കേന്ദ്രത്തെ അറിയിച്ചെന്നും സര്‍ക്കാര്‍ വക്താവും മന്ത്രിയുമായ കെ.ജി. കെനി പറഞ്ഞു.

‘ക്രിസ്ത്യാനികളെയും ചില ഗോത്രവര്‍ഗ മേഖലകളെയും 22-ാമത് ലോ കമ്മീഷന്റെ പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് കേന്ദ്രം സജീവമായി പരിഗണിക്കുകയാണെന്ന് അമിത് ഷാ ഞങ്ങളോട് പറഞ്ഞു.

നാഗാലാന്‍ഡിന്റെ ആറ് കിഴക്കന്‍ ജില്ലകളെ ഉള്‍ക്കൊള്ളുന്ന ഫ്രോണ്ടിയര്‍ നാഗ ടെറിട്ടറി എന്ന പേരില്‍ ഒരു സ്വയംഭരണ കൗണ്‍സില്‍ രൂപീകരിക്കാനുള്ള പുതിയ തീരുമാനത്തില്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്,’ കെ.ജി. കെനി പറഞ്ഞു.

ഏകീകൃത സിവില്‍കോഡ് പരിധിയില്‍ നിന്ന് ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കണമെന്ന് ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോദിയും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പാര്‍ട്ടി ചേര്‍ന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് സുശീല്‍ കുമാര്‍ തന്റെ നിലപാട് അറിയിച്ചിരുന്നത്.

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങള്‍ക്ക് പ്രത്യേക ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഏകീകൃത സിവില്‍ കോഡ് ചര്‍ച്ച ചെയ്ത സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷനാണ് സുശീല്‍ കുമാര്‍ മോദി.

Content Highlight: Christians and Adivasis would be exempted from the Civil Code; Center’s assurance to Nagaland

We use cookies to give you the best possible experience. Learn more