| Wednesday, 31st January 2018, 5:24 pm

ഡേവിഡ് ജെയിംസിന്റെ നെഞ്ച് തുളച്ച ക്രിസ്റ്റ്യാനോയുടെ ഗോള്‍ പിറന്നിട്ട് ഇന്നേക്ക് പത്തു വര്‍ഷം; കാണാം ചരിത്രം മാറ്റി മറിച്ച ആ ഗോള്‍

സ്പോര്‍ട്സ് ഡെസ്‌ക്

“”ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ചതായിരുന്നു അതെന്ന് എനിക്ക് നിസംശയം പറയാനാകും. അതിനെ തടുക്കാന്‍ ലോകത്തെ ഒരു ഗോള്‍കീപ്പറിനും ആകില്ല”” ഇതായിരുന്നു ആ ഗോളിനെ കുറിച്ച് സാക്ഷാല്‍ അലക്‌സ് ഫെര്‍ഗൂസന്‍ പറഞ്ഞത്. സെറ്റ് പീസുകള്‍ക്ക് മികച്ച റഫറന്‍സായിരുന്നു ആ ഷോട്ട്. ഷോട്ടുകളുടെ സാങ്കേതികതയെ പുനര്‍നിര്‍വചിച്ച ഫ്രീ കിക്ക് എന്നും അതിനെ വിശേഷിപ്പിക്കാം. പറഞ്ഞതിത്രയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു ഗോളിനെ കുറിച്ചാണ്.

പത്ത് വര്‍ഷം മുമ്പ്, അന്ന് ക്രിസ്റ്റ്യാനോ ഇന്നത്തെ ഇതിഹാസ താരമായിരുന്നില്ല. ഒരുപാട് പ്രതീക്ഷയോടെ മൈതാനത്തിറങ്ങിയിരുന്ന യുവതാരമായിരുന്നു, ക്രിസ്റ്റിയാനോ നേടിയ ആ ഫ്രീകിക്ക് ഗോള്‍ ഇന്നും സമാനതയില്ലാത്തതാണ്. പലരും അതിനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ആ ഗോളോളം പോന്ന മറ്റൊന്ന് കാണാന്‍ സാധിച്ചിട്ടില്ല.

പോസ്റ്റ്മൗത്തിനെതിരായ മല്‍സരത്തിലാണ് റൊണാള്‍ഡോയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ആ ഫ്രീ കിക്ക് പിറന്നത്. പോസ്റ്റിന് ഇരുപത്തഞ്ച് യാര്‍ഡകലെ വച്ചൊരു ഫ്രീ കിക്ക്. ആ ഗോളിന്റെ മറ്റൊരു സവിശേഷത അത് തുളച്ചു കയറിയത് നമുക്ക് സുപരിചിതനായ ഒരാളുടെ നെഞ്ചിലേക്കായിരുന്നു. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായ ഡേവിഡ് ജെയിംസായിരുന്നു ആ ഗോളി.

കിക്കിന് മുമ്പ് സമ്മര്‍ദ്ദത്തിലായിരുന്ന റോണോയുടെ അടുത്തെത്തിയ റൂണി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഏറെ അനുഭവസമ്പത്തുള്ള ഡേവിഡ് ജെയിംസിനെ കവച്ചുവച്ച് ഒരു ഫ്രീകിക്ക് എന്നത് ഏതൊരു പ്രതിഭയ്ക്കും ബുദ്ധിമുട്ടാണ്. അതും ഇരുപത്തഞ്ച് യാര്‍ഡ് അകലത്തില്‍.

അല്‍പം പിന്നോട്ട് നടന്ന് നീങ്ങി ദീര്‍ഘശ്വാസം വലിച്ചു വിട്ട റൊണാള്‍ഡോ പോസ്റ്റും തന്റെ ലക്ഷ്യവും മാത്രം നോക്കിക്കൊണ്ട് മുന്നോട്ടേക്കൊരു കുതിപ്പാണ്. വലത് കാലിന്റെ അറ്റം കൊണ്ട് പന്ത് ഫാര്‍ പോസ്റ്റിന്റെ ടോപ് കോര്‍ണറിലേക്ക്. ഗോള്‍..ഗോള്‍..ഗ്യാലറിയും കമന്റേറ്റര്‍മാരും പൊട്ടിത്തെറിക്കുയായിരുന്നു. പിന്നീട് സംഭവിച്ചത് ചരിത്രമായിരുന്നു.

We use cookies to give you the best possible experience. Learn more