മിലാന്‍: ഒരു പതിറ്റാണ്ട് മുഴുവന്‍ സ്‌പെയിന്‍ ക്ലബ് റയന്‍ മാഡ്രിഡിന് വേണ്ടി കളിക്കുകയും, ക്ലബില്‍ നിന്ന് പരമാവധി വ്യക്തിഗത ടീം നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്ത താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എന്നാല്‍ ഏവരേയും അമ്പരപ്പിച്ച് കൊണ്ട് ഈ സീസണില്‍ താരം ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക് കൂടുമാറി. ക്ലബ് മാറാനുള്ള കാരണം ഒടുവില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ക്രിസ്റ്റ്യാനോയുടെ ബൈസിക്കിള്‍ കിക്കിന് കയ്യടിച്ച യുവന്റസ് ആരാധകര്‍ തന്നെയാണ് താരത്തെ ക്ലബിലേക്കടുപ്പിച്ചത്. കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് സെമി ഫൈനലിലായിരുന്നു ക്രിസ്റ്റ്യാനോ യുവന്റസിനെതിരെ ബൈസിക്കിള്‍ ക്ലിക്കിലൂടെ ഗോള്‍ നേടിയത്.
“”ചെറിയ കാര്യങ്ങള്‍ പോലും വലിയ പ്രതികരണങ്ങള്‍ ഉണ്ടാക്കും. എന്റെ മാറ്റത്തിന് സഹായിച്ചത് അന്നതെ ഗാലറിയാണ്”” താരം മാധ്യമങ്ങളോട് പറഞ്ഞു.
“”എന്റെ അഭിപ്രായത്തിലെ എന്റെ കരിയറിലെ തന്നെ മികച്ച ഗോളുകളില്‍ ഒന്നായിരുന്നു അത്. പക്ഷേ എതിര്‍ ടീം ആരാധകര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചതോടെ ഞാന്‍ ശെരിക്കും അത്ഭുതപ്പെട്ടു. അങ്ങനെയൊരു സംഭവം എന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു”” റൊണാള്‍ഡോ പറയുന്നു.
താരത്തിന്റെ ഈ ഗോള്‍ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള അവാര്‍ഡ് പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. ഈ സീസണില്‍ യുവന്റസിനൊപ്പം സിരീസ് എ ഉള്‍പ്പെടെ പരമാവധി കിരീടങ്ങള്‍ നേടുകയാണ് ലക്ഷ്യമെന്നും താരം പറഞ്ഞു.